അസൂയ എന്ന മാറാരോഗം

0
1120

അസൂയ എന്ന മാറാരോഗം

സി വി മാത്യു

സൂയ ഒരു മാറാവ്യാധിയാണ്. സാധാരണഗതിയില്‍ വളരുകയല്ലാതെ അതു കുറയാറില്ല. ദൈവസ്പര്‍ശനത്തിനു വിധേയമാകുമ്പോള്‍ മനുഷ്യഹൃദയത്തിനു സമൂലവ്യത്യാസം സംഭവിക്കും. അപ്പോള്‍, ഈ മാരകരോഗത്തിന്‍റെ അടിസ്ഥാനത്തിനു ഇളക്കംതട്ടുകയും മനുഷ്യന്‍ വ്യത്യസ്തസ്വഭാവമുള്ള വ്യക്തിയായിത്തീരുകയും ചെയ്യും. എന്നാല്‍, ഈ പരിവര്‍ത്തനത്തിനു വിധേയമാകാത്ത അനേകരെ ദൈവജനത്തിന്‍റെ ഇടയില്‍ കാണുന്നത് ക്രിസ്തീയസാക്ഷ്യത്തിനുതന്നെ അപമാനകരമാണ്.

മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസ്വസ്ഥത തോന്നുന്നത് ‘അസൂയ’ എന്ന രോഗത്തിന്‍റെ ലക്ഷണമാണ്. വളരാന്‍ സാധ്യതയുള്ളവരെ ഏതുനിലയിലും അടിച്ചിരുത്താന്‍ ഈ രോഗബാധയ്ക്കു വിധേയരായവര്‍ പരിശ്രമിക്കും.

തന്നോടൊപ്പമോ ഒരുപക്ഷെ തന്നെക്കാളോ പ്രാഗത്ഭ്യം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നവരെ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ മനസ്സുമന്ത്രിക്കുന്ന വ്യക്തി അസൂയയുടെ പിടിയിലമര്‍ന്നവനാണ്. ഇദ്ദേഹത്തിന് അവസരംകൊടുത്താല്‍, ഈ വ്യക്തി വളരാനിടയായാല്‍ തന്‍റെ സ്ഥാനത്തിനു ക്ഷീണംവരും എന്നു തന്‍റെ മനസ്സുമന്ത്രിക്കും. ലഭിക്കാവുന്ന അവസരങ്ങള്‍പോലും നല്‍കാതെ എല്ലാ രംഗത്തുനിന്നും അവരെ അകറ്റിനിര്‍ത്താനുള്ള രോഗഗ്രസ്തമായ മനസ്സിന്‍റെ ഉപദേശത്തിനു താന്‍ വിധേയപ്പെടും.  കഴിയുമെങ്കില്‍ അവരെ അപമാനിച്ചോ, അപകീര്‍ത്തിപ്പെടുത്തിയോ നശിപ്പിക്കാന്‍ ശ്രമിക്കും. ദൈവജനത്തിനിടയ്ക്ക് ഇത്തരം സ്വഭാവങ്ങളെ ഉള്ളവരെ കാണുമ്പോള്‍ കര്‍ത്താവ് ദുഃഖിക്കും.

ശിഷ്യന്മാര്‍ക്ക് ആവശ്യമായ പ്രോത്സാഹനവും അവസരവും നല്‍കാന്‍ യേശു പരിശ്രമിച്ചു. അവര്‍ക്ക് അധികാരവും ചുമതലയും നല്‍കുന്നതുകൊണ്ട് തന്‍റെ സ്ഥാനം നഷ്ടമാകുമെന്നു ഐഹികജീവിതകാലത്ത് യേശു ചിന്തിച്ചില്ല. തനിക്കുശേഷം സുവിശേഷസന്ദേശം വ്യാപിപ്പിക്കേണ്ട കടമ ശിഷ്യന്മാര്‍ക്കാണെന്നു യേശു മനസിലാക്കി, അതിനവരെ പ്രോത്സാഹിപ്പിച്ചു.
യേശുവിന്‍റെ മനോഭാവം നമുക്കും ഉണ്ടായിരിക്കണം. ഞാനിരിക്കുമ്പോള്‍ ആരും എന്നോളം വളരരുത് എന്ന ചിന്ത മനസ്സിന്‍റെ അഗാധതയിലെങ്കിലുമുണ്ടോ? എങ്കില്‍ അസൂയാരോഗാണുക്കള്‍ മനസ്സില്‍ കയറിയിരിക്കുന്നു. ഉടന്‍ പ്രതിവിധി കണ്ടെത്തുകയാണു ആത്മീയവളര്‍ച്ചയ്ക്കു നിദാനം. അല്ലെങ്കില്‍ അവനവന്‍റെ നാശത്തിനുതന്നെ അതു കാരണമാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here