നമ്മുടെ ദൈവം ദയാപൂര്‍ണനാണ്

0
615
നമ്മുടെ ദൈവം ദയാപൂര്‍ണനാണ്
 
സി.വി മാത്യു
ദൈവം ദയാപൂര്‍ണനാണ്. തെറ്റുചെയ്തെന്നു സമ്മതിക്കുന്നവരോടു ദൈവം ദയയുള്ളവനായിരിക്കും. അവരുടെ സകല കാര്യങ്ങളിലും ദൈവം ശ്രദ്ധിച്ച്. തക്കസമയം അവര്‍ക്കു സഹായങ്ങള്‍ എത്തിച്ചുകൊടുക്കും. നമ്മെ ദയയോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ദൈവം ജീവിക്കുന്നെന്ന വിശ്വാസം നമുക്കുണ്ടായിരിക്കണം.
സഹോദരനെ വഞ്ചിച്ചശേഷം, പദ്ദന്‍ അരാമിലേക്ക് ഓടിപ്പോയ യാക്കോബിനു ദൈവം ബേഥേലില്‍വെച്ച് ശിക്ഷണങ്ങളും സംരക്ഷണവും കൊടുത്തു. ദയയോടെ യാക്കോബിനെ പരിപാലിച്ചു. അതുപോലെ തെറ്റുകള്‍ക്കു തക്കശിക്ഷകള്‍ കൊടുത്തതല്ലാതെ ദൈവം ദാവീദിനെ എന്നേക്കുമായി ഉപേക്ഷിക്കുകയല്ല ചെയ്തത്. ദയയോടെ ദാവീദിനോട് ഇടപെട്ട് രൂപാന്തരപ്പെടുത്തി ദൈവഹൃദയത്തിനു ചേര്‍ന്ന മനുഷ്യനാക്കിത്തീര്‍ത്തു.
ഭക്തിരസപ്രധാനങ്ങളായ നിരവധി ഗാനങ്ങള്‍ രചിച്ച വില്യം കൂപ്പര്‍ സ്വന്തം ജീവിതാനുഭവങ്ങളെപ്പറ്റി പറയുമ്പോള്‍ ഇപ്രകാരം ഒരു സംഭവം വിവരിക്കുന്നുണ്ട്; പലവിധ പ്രശ്നങ്ങളില്‍ വീര്‍പ്പുമുട്ടിയ കൂപ്പര്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചു. ലണ്ടന്‍ പാലത്തില്‍നിന്നു ചാടി തേംസ് നദിയില്‍ ജീവിതം അവസാനിപ്പിക്കണമെന്നു തീരുമാനിച്ചു. മൂടല്‍മഞ്ഞുണ്ടായിരുന്ന ആ രാത്രിയില്‍, ഒരു കുതിരവണ്ടി വാടകയ്ക്കെടുത്ത് അങ്ങോട്ടു യാത്രയായി. പല മണിക്കൂറുകള്‍ ഓടിയിട്ടും ലക്ഷ്യസ്ഥാനത്തെത്തിയില്ല. മൂടല്‍മഞ്ഞില്‍പ്പെട്ട വണ്ടിക്കാരനു വഴി നിശ്ചയമില്ലാതായി. അവസാനം കൂപ്പര്‍ വണ്ടിനിര്‍ത്താന്‍ നിര്‍ദേശിച്ചു. ക്ഷുഭിതനായ കൂപ്പര്‍ വണ്ടിയില്‍നിന്ന് ഇറങ്ങിയപ്പോള്‍ സ്വന്തംവീടിന്‍റെ വാതില്‍ക്കല്‍ തന്നെയാണു വന്നിരിക്കുന്നതെന്നു മനസിലായി. അപ്പോഴേക്കും ആത്മഹത്യ ചെയ്യാനുള്ള ആഗ്രഹം ഇല്ലാതായിരുന്നു. ആ രാത്രി ദൈവിക കാവലിനെപ്പറ്റി ഒരു ഗാനം എഴുതി. അദ്ദേഹത്തിന്‍റെ പില്‍ക്കാലജീവിതം ആത്മീയവളര്‍ച്ചയുടെ കാലമായിരുന്നു.
വില്യം കൂപ്പര്‍

ദയാപൂര്‍ണനായ ദൈവത്തിന്‍റെ കരുതലും കാവലും മനസിലാക്കുന്നതിനു നമുക്കു കഴിയുന്നുണ്ടോ? നാം യഥാര്‍ഥത്തില്‍ അവയെ വിലമതിക്കാറുണ്ടോ? നമ്മുടെ കഴിവല്ല ദൈവത്തിന്‍റെ ദയാപൂര്‍ണമായ കരുതലാണ് ഇന്നയോളം നമ്മെ നടത്തിയതെന്ന് ഓര്‍ക്കുവാന്‍ നമുക്കിടയാകട്ടെ. ആ ഓര്‍മതന്നെ നമ്മുടെ ജീവിതത്തെ പുതിയതലങ്ങളിലെത്തിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here