കര്‍ത്താവ് യഥാര്‍ഥ അളവുകോല്‍

0
646

കര്‍ത്താവ് യഥാര്‍ഥ അളവുകോല്‍

സി വി മാത്യു

ത്മീയമായി പിന്നാക്കം നില്‍ക്കുന്ന വിശ്വാസികളെ അതില്‍ ഉത്സാഹിപ്പിക്കുമ്പോള്‍ മിക്കവരും പറയുന്നത് ഒരേ മറുപടിയായിരിക്കും: തങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്ന ചിലരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ന വ്യക്തികള്‍ ഇങ്ങനെയല്ലേ, പിന്നെ ഞാന്‍ ഇങ്ങനെ തുടര്‍ന്നാല്‍ എന്താണു കുഴപ്പം? അവര്‍ സാധാരണ ചോദിക്കാറുണ്ട്. പലരും ഈ ചോദ്യം പരസ്യമായി പ്രകടമാക്കിയില്ലെങ്കിലും അവരെ മുന്നോട്ടുവരാന്‍ തടയുന്നത് ഈ ചിന്താഗതിയായിരിക്കും. ദൈവമക്കള്‍ എല്ലാവരും വിശുദ്ധിയില്‍ തികഞ്ഞവരും മാതൃകയുള്ളവരും നല്ല സാക്ഷ്യം പുലര്‍ത്തുന്നവരും ആയിരിക്കണമെന്നു കര്‍ത്താവ് ആഗ്രഹിക്കുന്നു. നമ്മുടെ സാക്ഷ്യമില്ലായ്മയോ, മാതൃകക്കുറവോ ഒരു വിശ്വാസിയെയും പിന്മാറ്റത്തിലേക്കു നയിക്കാന്‍ ഇടയാകരുത്.
എന്നാല്‍, ഓരോ വിശ്വാസിയും മാതൃകയാക്കേണ്ടതു സഭയിലെ മറ്റു വ്യക്തികളെയോ, ശുശ്രൂഷകനെയോ, നടത്തിപ്പുകാരനെയോ അല്ല. മാനുഷിക ബലഹീനതകള്‍ക്കു വിധേയരായിരിക്കും അവരെല്ലാവരും. നമ്മുടെ ശ്രദ്ധാവിഷയം കര്‍ത്താവായ യേശുക്രിസ്തുവും അവിടുത്തെ ഉപദേശങ്ങളുമായിരിക്കണം. ഒരു അളവില്‍നിന്നു മുറിച്ചെടുക്കുന്ന കഷണങ്ങള്‍ മാറിമാറി അളവുകോലായിരിക്കയാല്‍ ഒടുവില്‍ മുറിക്കുന്ന കഷണം യഥാര്‍ഥ അളവില്‍നിന്നു നീളം കൂടിയോ കുറഞ്ഞോ ഇരിക്കും. ഓരോ പ്രാവശ്യം അളവുനോക്കുമ്പോഴും നേരിയ വ്യത്യാസംവരാന്‍ സാധ്യതയുണ്ടെന്നതാണതിനു കാരണം. എന്നാല്‍, ഓരോ പ്രാവശ്യവും കഷണിക്കുമ്പോള്‍ യഥാര്‍ഥ അളവുകോല്‍തന്നെ ഉപയോഗിച്ചാല്‍ കഷണങ്ങള്‍ തമ്മിലുള്ള വ്യത്യാസം കുറഞ്ഞിരിക്കും.
ദൈവജനത്തിന്‍റെ കാര്യത്തിലും ഇതു വാസ്തവമാണ്. ഏതെങ്കിലും വ്യക്തിയെ മറ്റൊരാള്‍ മാനദണ്ഡമായി കരുതി മുന്നോട്ടുപോയാല്‍ കുറെക്കഴിയുമ്പോള്‍ യഥാര്‍ഥ അളവില്‍നിന്നു വ്യത്യാസം സംഭവിക്കാന്‍ സാധ്യതയുണ്ട്.
നമ്മുടെ മാനദണ്ഡം എപ്പോഴും കര്‍ത്താവായിരിക്കണം. മറ്റാരെയും യഥാര്‍ഥ അളവുകോലായി കാണാന്‍ പാടില്ല.
നമ്മുടെ അനുഭവമെന്ത്? സഹവിശ്വാസികളെയോ, ശുശ്രൂഷകന്മാരെയോ ചൂണ്ടിക്കാണിച്ചു ആത്മീയത്തില്‍നിന്നു അകന്നുനില്‍ക്കുന്ന അനുഭവം നമുക്കുണ്ടോ? നമ്മുടെ മാതൃകയില്ലായ്മ മറ്റാരെയെങ്കിലും കര്‍ത്താവില്‍നിന്ന് അകറ്റിക്കളയുന്നുവോ? ചിന്തിക്കുക.
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here