സമയമില്ല എന്ന പരാതിക്കു കാരണം കണ്ടെത്തുക

0
1212

സമയമില്ല എന്ന പരാതിക്കു കാരണം കണ്ടെത്തുക

സി വി മാത്യു

വളരെ തിരക്കുപിടിച്ച ജീവിതമാണു മനുഷ്യര്‍ക്കിന്ന് ആര്‍ക്കും ഒന്നിനും വേണ്ടത്ര സമയമില്ല. പല കാര്യങ്ങളും ചെയ്യാതെപോകുന്നതു സമയമില്ലാത്തതുകൊണ്ടാണെന്നു പലരും പരാതിപറയുന്നതു കേള്‍ക്കാറുണ്ട്. തിരക്കേറിയ ജീവിതത്തിനിടയ്ക്കു അത്യാവശ്യമായ കാര്യങ്ങള്‍ ഭംഗിയായും കൃത്യനിഷ്ഠയോടെയും ചെയ്യാന്‍ ശ്രമിക്കുകയാണു ചെയ്യേണ്ടത്. ആവശ്യവും അത്യാവശ്യവും തമ്മില്‍ വേര്‍തിരിക്കാന്‍ പഠിക്കണം.
ആവശ്യത്തില്‍കൂടുതല്‍ കാര്യങ്ങളില്‍ ഇടപെട്ടിട്ട് ഒന്നും തീരാതെ എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയില്‍ കഴിയുന്ന പലരെയും നാം കണ്ടുമുട്ടിയിട്ടുണ്ടാകും. അവരവരുടെ കഴിവിനും സാവകാശത്തിനും അനുസരിച്ചു ചുമതലകള്‍ ഏറ്റെടുക്കുന്നെങ്കില്‍ സമയമില്ല എന്ന പരാതി കുറെയൊക്കെ ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. കുറെ കാര്യങ്ങളെങ്കിലും നന്നായി ചെയ്യാന്‍ കഴിയുകയും ചെയ്യും.

എല്ലാ കാര്യങ്ങളും ഞാന്‍തന്നെ ചെയ്തേതീരൂ എന്നു ചിന്തിക്കുന്ന ചിലരുണ്ട്. അവരുടെ ജീവിതത്തില്‍ സമയമില്ല എന്ന പരാതി തുടരെ കേള്‍ക്കാം. അവരവര്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതു നാം തന്നെ ചെയ്യണം. മറ്റുള്ളവരെക്കൊണ്ടു ചെയ്യിക്കാവുന്ന കാര്യങ്ങള്‍ക്ക് അവര്‍ക്ക് അവസരം നല്‍കാനും നാം മടിക്കരുത്. അതു നമുക്കും അവര്‍ക്കും പ്രയോജനമായിരിക്കും.
ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അഭിരുചികളുണ്ട്. അവനവന്‍റെ അഭിരുചിക്കൊത്ത ചുമതലകള്‍ ഏറ്റെടുക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. എഴുതാന്‍ കഴിവുള്ളവന്‍ വലിയ പ്രസംഗകനായി ചമയരുത്. പ്രസംഗകല കൈവശമാക്കിയവന്‍ അതില്‍ ശോഭിക്കാന്‍ ശ്രമിക്കണം. മറ്റു കാര്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ പരാജയമായിരിക്കും ഫലം. ഭരണവും ശുശ്രൂഷയും ഒന്നിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതാണ് ഇന്നത്തെ സഭകളിലെ പരാജയത്തിനു മുഖ്യകാരണം. ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടവര്‍ അതു ചെയ്യണം. ഭരിക്കാന്‍ കഴിവുള്ളവരെ അതു ഏൽപ്പിക്കണം. അപ്പൊസ്തലന്മാര്‍ കാണിച്ച മാതൃക അതാണ്. എല്ലാം എന്‍റെ കൈക്കീഴില്‍ എന്ന ചിന്ത അവനവനുതന്നെ നാശത്തിനു കാരണമായിത്തീരും.

നമ്മുടെ മിക്ക പരാതികള്‍ക്കും കാരണം ശരിയായ ക്രമീകരണമില്ലായ്മയല്ലേ? ശ്രദ്ധിച്ചാല്‍ സമയമില്ല എന്ന പരാതി ഒരു പരിധിവരെ ഒഴിവാക്കി പല കാര്യങ്ങളും ഭംഗിയായി ചെയ്യാന്‍ നമുക്കു കഴിയില്ലേ? അതൊന്നു പരീക്ഷിക്കാന്‍ മനസുള്ള എത്രപേരുണ്ടിന്ന്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here