ദൈവ മക്കളിൽ ദൈവിക സ്വഭാവം പ്രതിഫലിക്കണം

0
2207

ദൈവ മക്കളിൽ ദൈവിക സ്വഭാവം പ്രതിഫലിക്കണം

സി വി മാത്യു

ദൈവം ആശ്വാസത്തിൻ്റെ ദൈവമാണ്. ദൈവമക്കൾ മറ്റുള്ളവർക്ക് ആശ്വാസം പകരുന്നവരായിരിക്കണം. ദൈവിക സ്വഭാവം ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്നവരാണ് യഥാർത്ഥ ദൈവമക്കൾ. ദൈവിക സമാധാനസ്വഭാവം ജീവിതത്തിൽ കാണിക്കാൻ കഴിയാത്തവർ ദൈവമക്കൾ എന്ന പേരിന് ഒട്ടും അർഹരല്ല.

ജീവിക്കുന്ന സമൂഹത്തിൽ നാം കർത്താവിൻ്റെ പ്രതിനിധികൾ ആയിരിക്കണം. ഞാൻ ദൈവമകനാണ്, മകളാണ് എന്നു വാക്കുകൾ കൊണ്ട് പറയുന്നതിൽ അർത്ഥമില്ല. ഒരു വിശ്വാസിയുടെ ജീവിതം ദൈവസ്വഭാവം പ്രതിഫലിപ്പിക്കുന്നത് ആയിരിക്കുകയാണ് വേണ്ടത്.

സഹജീവികൾക്ക് എങ്ങനെ ആശ്വാസം പകരാൻ സാധിക്കും എന്ന് ചിന്തിച്ച് അത്തരത്തിൽ പ്രവർത്തിക്കാൻ നാം ബാധ്യസ്ഥരാണ്. നമ്മുടെ നല്ല വാക്കുകൾ വേദനിക്കുന്നവർക്ക്, അയൽക്കാരന് ആശ്വാസമാകണം. ചിലപ്പോൾ കേവലം വാക്കുകൾ കൊണ്ടു മാത്രം പ്രയോജനമുണ്ടായില്ലെന്നു വരാം. നമ്മുടെ സേവനങ്ങളോ, സഹായങ്ങളോ ആവശ്യമുള്ള സ്ഥാനങ്ങളിൽ അവരവരുടെ കഴിവനുസരിച്ച് അത് ചെയ്യാൻ വിശ്വാസിക്ക് കഴിയണം.

പലരും മറ്റുള്ളവർക്ക് ഉപകാരങ്ങൾ ചെയ്യുന്നത് ഏതെങ്കിലും പ്രത്യുപകാരങ്ങൾ പ്രതീക്ഷിച്ചായിരിക്കും. ഒരു വിശേഷാൽ ചടങ്ങിനു സമ്മാനം നൽകുന്ന വ്യക്തിയുടെ മനസ്സിലെ ചിന്ത ഒരുപക്ഷേ എപ്പോഴെങ്കിലും ഇതിലും മെച്ചമായ സമ്മാനം തിരികെ കിട്ടും എന്നതായിരിക്കും. എന്നാൽ, ദൈവമക്കൾ മറ്റുള്ളവർക്ക് ഉപകാരങ്ങൾ ചെയ്യുന്നത് ഈ ചിന്തയോടെ ആയിരിക്കാൻ പാടില്ല. ദൈവനാമം മഹത്വപ്പെടുകയും ദൈവ സ്വഭാവം വെളിപ്പെടുകയും മാത്രമായിരിക്കണം വിശ്വാസിയുടെ പ്രവർത്തന ലക്ഷ്യം.

ദൈവപൈതൽ എന്ന നിലക്ക് നമ്മുടെ സഹജീവികൾക്ക് ആശ്വാസം പകരുന്നവരാണോ നാം? നമ്മുടെ ഏതെങ്കിലും പ്രവർത്തനത്തിൻ്റെ പുറകിൽ പ്രത്യുപകാരം എന്ന ചിന്തയുണ്ടോ? അതോ, ദൈവപൈതൽ എന്ന നിലയിലുള്ള കടമ നിറവേറ്റുകയാണോ നാം ചെയ്യുന്നത്. ദൈവിക സ്വഭാവം പ്രതിഫലിക്കുന്ന പ്രവർത്തികളാണോ നാം ചെയ്യുന്നത്. നമ്മെ കാണുന്നവർ പരിചയപ്പെടുത്തൽ കൂടാതെ തന്നെ ദൈവമക്കൾ എന്നു നമ്മെക്കുറിച്ച് പറയുമോ? അത്തരം ഒരു സാക്ഷ്യമാണ് ദൈവം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here