ലക്ഷ്യബോധം കൈവിട്ട യാത്ര നാശത്തിൽ കലാശിക്കും

0
1097

ലക്ഷ്യബോധം കൈവിട്ട യാത്ര നാശത്തിൽ കലാശിക്കും

സി വി മാത്യു

വ്യക്തമായ ലക്ഷ്യബോധമില്ലാത്ത പ്രവർത്തനങ്ങളെയും ലക്ഷ്യം മറന്നു സഞ്ചരിക്കുന്നവരെയും അവിടവിടെ കണ്ടുമുട്ടാൻ നമുക്കിടയായിട്ടുണ്ടായിരിക്കും. ആരോ പറഞ്ഞതുകൊണ്ട് എന്തോ ചെയ്യുന്നു എന്ന രീതിയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെയും പ്രവർത്തകരെയും ക്രിസ്തീയ ലോകത്തിലും കാണാം. ലക്ഷ്യബോധമില്ലാത്ത പ്രയത്നം യഥാർഥ ഫലപ്രാപ്തിയിലെത്തുകയില്ലെന്ന യാഥാർഥ്യം നാം വിസ്മരിക്കരുത്.
ശരിയായ ലക്ഷ്യബോധത്തോടെ യാത്ര പുറപ്പെട്ടിട്ട് വഴിയിൽ ലക്ഷ്യബോധം കൈവിട്ടവരുണ്ട്. യഥാർഥ  ലക്ഷ്യബോധമില്ലാതെ യാത്ര പുറപ്പെട്ടവരുമുണ്ട്. ഇവരിൽ ചിലരൊക്കെ എവിടെയെങ്കിലും എത്തിയെന്നോ എന്തെങ്കിലുമൊക്കെ ചെയ്തെന്നോ വരാം. പക്ഷേ, അധികവും പരാജയമായിരിക്കും. പുരോഗതി കൈവരിക്കുന്നതിനു ശരിയായ ദർശനവും ലക്ഷ്യബോധവും ഉണ്ടായിരിക്കണം.
യേശുവിനെ കാണാൻ പുറപ്പെട്ട വിദ്വാന്മാർ ലക്ഷ്യബോധത്തോടെ യാത്ര തിരിച്ചവരാണ്. മാനുഷിക കണക്കുകൂട്ടലുകൾ അവരെ വഴിതെറ്റിച്ചു രാജകൊട്ടാരത്തിലെത്തിച്ചു. അവർ അപകടം കൂടാതെ രക്ഷപ്പെട്ടെങ്കിലും അനേക കുഞ്ഞുങ്ങളുടെ മരണത്തിനും. തീരാ ദു:ഖത്തിനും ആ ലക്ഷ്യം തെറ്റിയ യാത്ര കാരണമായി.
ദൈവിക ദർശനം പ്രാപിച്ചതിനെ തുടർന്ന് ആരംഭിക്കുന്ന പല പ്രസ്ഥാനങ്ങളും സുവിശേഷ രംഗത്ത് അഭൂതപൂർവമായ പുരോഗതി കൈവരിക്കാറുണ്ട്. ദർശനം ലഭിച്ച ദൈവമനുഷ്യരുടെ അക്ഷീണ പ്രയത്നവും പ്രാർഥനയും പരിശ്രമങ്ങളുമെല്ലാം ലക്ഷ്യപ്രാപ്തിക്കും വിജയത്തിനും നിദാനമാണ്. എന്നാൽ, അതുപോലെ ദർശനം പ്രാപിച്ച പിൻഗാമികൾ രംഗത്തു വരുന്നില്ലെങ്കിൽ ലക്ഷ്യബോധം കൈവിട്ട് പ്രവർത്തനം ക്ഷയിച്ചു പോകുക സ്വാഭാവികമാണ്.
അബ്രാഹാം ദർശനം പ്രാപിച്ചു യാത്ര പുറപ്പെട്ടു. എവിടേക്കു പോകുന്നു എന്നു വ്യക്തമായ അറിവില്ലെങ്കിലും വിശ്വാസ ക്കണ്ണുകളാൽ പോകുന്ന നഗരത്തെ മുൻകണ്ടു കൊണ്ടാണ് താൻ യാത്ര തിരിച്ചതും യാത്ര തുടർന്നതും. ദർശനം ലഭിക്കാത്ത ലോത്തു പുറകെ തിരിച്ചു. അബ്രാഹാം ആത്മീയ ദർശനത്തിനു പുറകെ പോയി അനുഗ്രഹം പ്രാപിച്ചപ്പോൾ ലോത്ത് ഭൗതികസമ്പത്ത് മുൻ കണ്ട് യാത്ര ചെയ്ത് പരാജയമടയുന്ന ദയനീയ ചിത്രം നാം കാണുന്നു. 
നാം ഇതിൽ ഏതു വിഭാഗത്തിൽപ്പെടും. ലക്ഷം കൈവിട്ടവരോ, ലക്ഷ്യബോധമില്ലാതെ യാത്ര തുടരുന്നവരോ ആണോ? നമ്മുടെ ജീവിതത്തിനും പ്രവർത്തനത്തിനും ഇന്നും യഥാർത്ഥത്തിൽ ലക്ഷ്യമുണ്ടോ? യഥാർഥ ലക്ഷ്യസ്ഥാനത്തെത്താനും വിജയം കൈവരിക്കാനും നമ്മുടെ യാത്രയും പ്രവർത്തനങ്ങളും ഉപകരിക്കുമോ? 
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here