എപ്പോഴും കാക്കുന്ന ദൈവത്തിന്‍റെ സാമീപ്യം തിരിച്ചറിയുക

0
2320

എപ്പോഴും കാക്കുന്ന ദൈവത്തിന്‍റെ സാമീപ്യം തിരിച്ചറിയുക

സി വി മാത്യു

തെക്കെ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ഇന്ത്യക്കാരുടെ ഇടയില്‍ ഒരു പതിവുണ്ടായിരുന്നു. കുടുംബത്തിലെ ആണ്‍കുട്ടികള്‍ക്കു വേട്ടയാടുന്നതിനും മീന്‍പിടിക്കുന്നതിനും ചെറുപ്പത്തിലേ പരിശീലനം കൊടുക്കുക. ഓരോരുത്തരുടെയും പതിമൂന്നാമത്തെ ജന്മദിനത്തില്‍ അവരുടെ ധൈര്യം പരിശോധിക്കുന്നതിനായി, തങ്ങളുടെ കണ്ണുകള്‍ നല്ലവണ്ണം മൂടിക്കെട്ടി വനത്തിന്‍റെ മധ്യത്തിലേക്കു കൊണ്ടുപോകുന്നു. വനമധ്യത്തില്‍ ചെന്നാല്‍ ആ രാത്രി അവിടെത്തന്നെ കഴിച്ചുകൂട്ടാനുള്ള നിര്‍ദേശംകൊടുത്ത് കണ്ണുകളുടെ കെട്ടഴിച്ചശേഷം പിതാവ് മകന്‍റെ അടുക്കല്‍നിന്നും പോകുന്നു. വനത്തിന്‍റെ മധ്യത്തില്‍ കൂരിരുട്ടില്‍ എങ്ങും ഓടിപ്പോയി രക്ഷപ്രാപിക്കാന്‍ ഈകുട്ടിക്കു സാധിക്കുകയില്ല. രാത്രി മുഴുവന്‍ ഈ കുട്ടി അവിടെത്തന്നെ കഴിയുന്നു. എന്തെങ്കിലും ശബ്ദംകേള്‍ക്കുമ്പോള്‍ ബാലന്‍ വല്ലാതെ പരിഭ്രമിക്കുന്നു. നേരംവെളുത്ത് വളരെ ആകാംക്ഷയോടെ അവന്‍ ചുറ്റുംനോക്കുമ്പോള്‍ വനത്തിലെ വിശേഷമായ പൂക്കളും ചെടികളും വന്‍വൃക്ഷങ്ങളും കാണുന്നതിനോടൊപ്പം അധികം ദൂരത്തിലല്ലാതെ വില്ലും അമ്പുകളുമായി ഒരു മനുഷ്യന്‍ നില്‍ക്കുന്നതും അവനു കാണാം. മറ്റാരുമല്ല; അവന്‍റെ പ്രിയ പിതാവുതന്നെയായിരിക്കും അത്. കാട്ടുമൃഗങ്ങള്‍ തന്‍റെ മകനെ സമീപിക്കുന്നെങ്കില്‍, അതിനോടു പോരാടുന്നതിനുവേണ്ടിയാണ് ആ പിതാവ്  രാത്രി അശേഷം ഉറങ്ങാതെ വില്ലും അമ്പുമായി കാത്തുനില്‍ക്കുന്നത്.
തന്നെ കരുതാന്‍ ആരും ഇല്ലെന്നുകരുതി ഒരു നിസ്സാരശബ്ദത്തിങ്കല്‍പോലും ആ കുട്ടി പേടിക്കുന്നതുപോലെ നിസാരപ്രശ്നങ്ങളില്‍പോലും നാം പരിഭ്രമിക്കാറുണ്ട്. എന്നാല്‍, നമ്മുടെ വഴികളെല്ലാം നന്നായി അറിയുന്ന,  ഒരു സ്നേഹനിധിയായ ദൈവം നമുക്കുണ്ട്. “ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും നീ അറിയുന്നു, എന്‍റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു ” എന്നും, “ഇരുട്ടും വെളിച്ചവും നിനക്ക് ഒരുപോലെ തന്നെ” എന്നും 139-ാം സങ്കീര്‍ത്തനത്തില്‍ ദാവീദു രാജാവ് യഹോവയെ സംബോധനചെയ്തു പ്രസ്താവിച്ചിരിക്കുന്നു. ദൈവത്തെ മറച്ച് നമുക്ക് ഒന്നുംചെയ്യാന്‍ കഴിയില്ല, നമ്മുടെ ചിന്തകള്‍പോലും അവന്‍ അറിയുന്നു.

ഇരുട്ടുപോലും ദൈവത്തിനു മറവായിരിക്കുന്നില്ല. ചില പ്രശ്നങ്ങളുടെ മുന്‍പാകെ നാം വളരെ പരിഭ്രാന്തരാകാറുണ്ട്. അത് എപ്രകാരം സമാപിക്കും എന്നചിന്തയാണു നമ്മെ പലപ്പോഴും ഭരിക്കുന്നത്. എന്നാലും എല്ലാ പ്രശ്നങ്ങളും കര്‍ത്താവില്‍ ഭരമേല്പിച്ച് മുന്നോട്ടുപോയാല്‍ മതിയാകും. ദോഷമായിട്ടൊന്നും ദൈവം നമ്മോടു ചെയ്യുകയില്ല. എല്ലാ സന്ദര്‍ഭത്തിലും ഏതു പരിതസ്ഥിതിയിലും അശേഷം പതറിപ്പോകാതെ, എപ്പോഴും നമ്മെ കണ്ടുകൊണ്ടിരിക്കുന്ന ആ സ്നേഹസമ്പന്നനായ പിതാവില്‍ പൂര്‍ണമായി ശരണപ്പെട്ട് യാത്രചെയ്യുന്നതിനുള്ള ധൈര്യം സമാഹരിക്കുകയാണു നാം ചെയ്യേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here