ക്രൈസ്തവ സാഹിത്യ അക്കാദമി വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും നവം. 25 നാളെ വൈകിട്ട് 4നു
ജെ.സി.ദേവിനും പി.എസ്.ചെറിയാനും, ടി.ജെ. ജോഷ്വായ്ക്കും ക്രൈസ്തവസാഹിത്യ അക്കാദമി അവാർഡ്
സാം കൊണ്ടാഴി (മീഡിയാ കൺവീനർ)
കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമി 35-ാമത് വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും നവംബർ 25 ശനിയാഴ്ച വൈകിട്ട് 4ന് കോട്ടയം ചാലുകുന്നു ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടനവും അവാർഡ് വിതരണവും ഡോ. ജോസ് പാറക്കടവിൽ നിർവഹിക്കും. ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡൻറ് ടോണി ഡി. ചെവ്വൂക്കാരൻ അധ്യക്ഷത വഹിക്കും.
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ക്രൈസ്തവസാഹിത്യ അക്കാദമിയുടെ അവാർഡിന് പ്രശസ്ത എഴുത്തുകാരയ പി.എസ്. ചെറിയാൻ, ജെ.സി.ദേവ്, ടി.ജെ. ജോഷ്വാ എന്നിവരാണ് അർഹരായവർ.
ജെ.സി. ദേവ്: ക്രൈസ്തവ സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ നല്കിയിട്ടുള്ള ജെ.സി. ദേവ് ആറുപതിറ്റാണ്ടിലേറെയായി ക്രൈസ്തവ സാഹിത്യ രംഗത്ത് നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമാണ്. എഴുത്തുകാരൻ, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശോഭിക്കുന്ന ജെ.സി.ദേവ്
ചെറുപ്രായത്തിൽ തന്നെ എഴുതിത്തുടങ്ങി. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ സ്ഥാപകാംഗവും ദീർഘകാലം പ്രസിഡണ്ടുമായിരുന്നു. 54 ഓളം പുസ്തകങ്ങളുടെ രചയിതാവായ ദേവിന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥങ്ങളാണ് ആഗോള ക്രൈസ്തവ സഭ നൂറ്റാണ്ടുകളിലൂടെ , കേരള നവോത്ഥാന ചരിത്രം, ദൈവശാസ്ത്രം എന്നിവ.
കാലികപ്രാധാന്യമുള്ള ഒട്ടേറെ ലേഖനങ്ങളും പഠനാർഹമായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഫാദർ വടക്കന്റെ തൊഴിലാളി പത്രത്തിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു. വിശ്വാസ സമർത്ഥന ദൈവശാസ്ത്രത്തിൽ (Apologettical Theology) കാതലായ സംഭാവനകൾ നല്കിയ ദേവ് കാൽ നൂറ്റാണ്ടോളം യുക്തിയും വിശ്വാസവും മാസികയുടെ പത്രാധിപരായിരുന്നു. കുട്ടികൾക്കു വേണ്ടി ബാല സഖി മാസിക ആരംഭിച്ചു. പുസ്തക പ്രസിദ്ധീകരണത്തിനായി ബഥനി ബുക്സ് (1973) തുടങ്ങി. പ്രവചന പ്രദീപിക, ധർമ്മ ദീപ്തി, ബ്രദറൺ എക്കോ മാസിക എന്നിവയുടെ പത്രാധിപ സമിതിയംഗമായിരുന്നു.
ഭാര്യ: ജോയ്സ്. മക്കൾ : ഗോഡ്ലി, ആഗ്നസ്.
പി.എസ്. ചെറിയാൻ :ക്രൈസ്തവ മാധ്യമരംഗത്ത് മൂന്നു പതിറ്റാണ്ടിലേറെയായി സജീവസാന്നിധ്യമായ പി.എസ്. ചെറിയാൻ വേദാദ്ധ്യാപകൻ, ഗ്രന്ഥകാരൻ, പത്രാധിപർ, ഗാനരചയിതാവ്, കോളമിസ്റ്റ് എന്നീ നിലയിൽ ശ്രദ്ധേയനായി.
പന്ത്രണ്ട് അപ്പൊസ്തലന്മാർ, പെന്തെക്കോസ്ത് ഉണർവ്: തുടക്കവും തുടർച്ചയും, സഭയും അടിസ്ഥാന ഉപദേശങ്ങളും, വ്യക്തിത്വം ജീവിതവിജയത്തിന്, ചിറകടിച്ചുയരേണ്ട യൗവനം, സഭാദൗത്യവും നേതൃത്വ സിദ്ധാന്തങ്ങളും, ഉദ്ധരണികളുടെ പുസ്തകം, ലഘു സഭാശബ്ദകോശം തുടങ്ങി പത്തിലധികം ഗ്രന്ഥങ്ങൾ രചിച്ചു. ഇരുനൂറിലധികം ക്രിസ്തീയ ഗാനങ്ങളും കീർത്തനങ്ങളും രചിച്ചിട്ടുണ്ട്.
പെന്തെക്കോസ്തൽ പ്രസ്സ് അസ്സോസ്സിയേഷൻ ഓഫ് ഇൻഡ്യ, സർഗസമിതി, വൈഎംസിഎ സൗത്ത് വെസ്റ്റ് ഇൻഡ്യ എന്നിവയുടെ സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവല്ല റീഡേഴ്സ് പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ, ആത്മീയ യാത്ര കടുംബമാസിക മാനേജിംഗ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എവൈ ടീവിയുടെ കണ്ടൻ്റ് ഹെഡ്ഡായും പ്രവർത്തിച്ചിട്ടുണ്ട്. ഗുഡ്ന്യൂസ് ,മരുപ്പച്ച, സ്വർഗീയധ്വനി, ഹാലേലുയ്യാ ,സങ്കീർത്തനം തുടങ്ങിയ ആനുകാലികങ്ങളിൽ എഴുതുന്നു. ഹലേലൂയ്യാ ന്യൂസിൻ്റെ ഓൺലൈൻ എഡിറ്ററും സർഗസമിതിയുടെ സെക്രട്ടറിയുമാണ്. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പാറക്കുളം സഭാംഗമാണ്.
ഭാര്യ: സുബി ചെറിയാൻ. മക്കൾ: പ്രത്യാശ് - നിമിഷ; പ്രതീഷ് - പ്രയ്സ്; ആശിഷ്.
റവ. ഡോ.ടി.ജെ.ജോഷ്വാ : പണ്ഡിതനായ വേദ പുസ്തക വ്യാഖ്യാതാവ്, പ്രഭാഷകൻ, സാമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു.
1947 -ൽ ശെമ്മാശപട്ടവും 1956 -ൽ വൈദീക പദവിയും ലഭിച്ചു. 1954 - മുതൽ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകൻ. ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് എസ്.ടി.എം ലഭിച്ചു. മലങ്കര ഓർത്തഡോക്സ് സഭ 'മലങ്കര സഭാ ഗുരുരത്നം' എന്ന അപൂർവ പദവി നൽകി ആദരിച്ചു. അറുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഡോ. മറിയാമ്മ. മക്കൾ: ഡോ. റോയി ജോഷ്വാ, ഡോ.രേണു ജോളി മാത്യു.
ലിജോ വർഗീസ് പാലമറ്റം അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ സുനിൽ വേട്ടമല, ഇവാ. എംസി കുര്യൻ, ഷാജൻ ജോൺ എടക്കാട്, പാസ്റ്റർ കെ.കെ ജെയിംസ്, സജി ഫിലിപ്പ്, സജി നടുവത്ര എന്നിവർ ആശംസകൾ അറിയിക്കും.
സജി മത്തായി കാതേട്ട് (ജനറൽ സെക്രട്ടറി), സാം കൊണ്ടാഴി (മീഡിയ കൺവീനർ) എന്നിവർ നേതൃത്വം നൽകും. പാസ്റ്റർ അഖിൽ വർഗീസ്, പാസ്റ്റർ സജി മുട്ടം, പാസ്റ്റർ മാർട്ടിൻ വർഗീസ് എന്നിവർ പ്രോഗ്രാം കോഡിനേറ്റേഴ്സ് പ്രവർത്തിക്കുന്നു