പാക്കിസ്ഥാനിൽ വീടുകള്‍ തകര്‍ക്കപ്പെട്ട 100 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം  നൽകും. 

പാക്കിസ്ഥാനിൽ വീടുകള്‍ തകര്‍ക്കപ്പെട്ട 100 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം  നൽകും. 

ലാഹോര്‍: ഖുറാൻ അവഹേളിക്കപ്പെട്ടുവെന്നാരോപിച്ച് പ്രകോപിതരായ മുസ്ലീം സമൂഹം അഴിച്ചുവിട്ട ആക്രമണത്തില്‍ ഭവനം തകര്‍ക്കപ്പെട്ട 100 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നഷ്ട്ടപരിഹാരം പ്രഖ്യാപിച്ച് പാക്ക് ഭരണകൂടം. വീട് നഷ്ടപ്പെട്ട നൂറു പാവപ്പെട്ട ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കു രണ്ട് മില്യൺ പാക്കിസ്ഥാൻ റുപ്പീ (അഞ്ചരലക്ഷം ഇന്ത്യന്‍ രൂപ) വീതം നഷ്ടപരിഹാരം നൽകുമെന്ന് ഇന്നലെ പാക്ക് സര്‍ക്കാര്‍ അറിയിച്ചു. അക്രമം നടന്ന പഞ്ചാബിലെ ജരൻവാല സന്ദർശിച്ചതിന് തൊട്ടുപിന്നാലെ, മുഖ്യമന്ത്രി മൊഹ്‌സിൻ നഖ്‌വി, ട്വിറ്ററില്‍ നഷ്ടപരിഹാര പ്രഖ്യാപനം നടത്തുകയായിരിന്നു.

ഭയചകിതരായ നൂറുകണക്കിനു ക്രിസ്ത്യാനികളാണ് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് ഓടിപ്പോയത്. ഇവര്‍ തിരിച്ചുവന്നെങ്കിലും കെട്ടിടങ്ങൾ തകർന്നുവീഴുമെന്ന ഭയത്തിൽ കത്തിനശിച്ച വീടുകൾക്ക് പുറത്താണ് താമസിക്കുന്നത്. സുരക്ഷയെക്കുറിച്ച് അവർ ആശങ്കാകുലരാണെന്നും അവരുടെ മക്കളെക്കുറിച്ച് ഓര്‍ത്ത് ഏറെ പ്രയാസപ്പെടുന്നുണ്ടെന്നും ഫാ. ഖാലിദ് മുഖ്താർ എന്ന വൈദികന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തന്റെ വിവരമനുസരിച്ച് ജരൻവാലയിലെ 26 പള്ളികളും ആക്രമിക്കുകയോ കത്തിക്കുകയോ കേടുവരുത്തുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ക്രൈസ്തവ വിശ്വാസിയായ ഒരാള്‍ ഖുറാന്‍ അവഹേളിച്ചുവെന്ന ആരോപണം ഉയര്‍ത്തിയാണ് ജരൻവാലയില്‍ കഴിഞ്ഞ ബുധനാഴ്ച വ്യാപകമായ ക്രൈസ്തവ വിരുദ്ധ ആക്രമണം അരങ്ങേറിയത്. നിരവധി ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരുടെ ഭവനങ്ങളും അക്രമികള്‍ നാമാവശേഷമാക്കി. ഇത് പാക്കിസ്ഥാന്റെ പ്രതിച്ഛായക്കു കാര്യമായ മങ്ങല്‍ ഏല്‍പ്പിച്ചിരിന്നു. സംഭവം വിവാദമായതോടെ ഇടക്കാല പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കലാപവുമായി ബന്ധപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. ഇതിനിടെ അറസ്റ്റ് ചെയ്ത അക്രമികളുടെ എണ്ണം മൊത്തം 160 ആയി ഉയര്‍ന്നു. 450-ല്‍ അധികം പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് പോലീസ് പറയുന്നത്.

Advertisement