ചർച്ച് ഓഫ് ഗോഡ് GCC മിഡിൽ ഈസ്റ്റ് റീജിയണൽ ലീഡർഷിപ്പ് കൗൺസിൽ ഷാർജയിൽ
ക്ളീവ്ലാൻഡ് ടെന്നീസി: ചർച്ച് ഓഫ് ഗോഡ് സഭകളുടെ GCC മിഡിൽ ഈസ്റ്റ് റീജിയണിലുള്ള ലീഡർഷിപ് കൗൺസിൽ ഡിസംബർ 4,5 തിയതികളിൽ ഷാർജയിലെ വർഷിപ്പ് സെന്ററിൽ നടക്കും.
'മധ്യപൂർവേഷ്യയിൽ ഒന്നായി മുന്നോട്ട് ' എന്ന സന്ദേശം ഉൾകൊണ്ട് സഭകളുടെ എകീകരണം ലക്ഷ്യമാക്കി വിപുലീകരമായ പ്രവർത്തന ഘടനയാണ് നേതൃത്വം ചർച്ച ചെയ്യുന്നത് എന്ന് റവ. ഡോ. സുശീൽ മാത്യു അറിയിച്ചു. ഈ ആശയത്തിൽ നിന്നുകൊണ്ടുള്ള സമഗ്രമായ നിർദേശങ്ങൾ പങ്കുവയ്ക്കുന്നതിനും ആനുകാലിക പ്രസക്തമായ സഭകളുടെ പ്രേഷിത പ്രവർത്തനത്തിനുള്ള ക്രമീകൃത മാർഗനിർദേശങ്ങൾ നൽകുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യങ്ങളെ പ്രതിനിധീകരിച്ചു നാഷണൽ ഓവർസിയർമാരും പ്രതിനിധികളും പങ്കെടുക്കും. സൂപ്രണ്ടിന്റെ പ്രത്യേക നിർദേശപ്രകാരം ആദ്യ നൂറ്റാണ്ടുകളിലെ ശ്ലൈകീക പ്രവർത്തന രീതി പോലെ, ആദ്യ ദിനം പ്രാർത്ഥനകൾക്കും ആരാധനകൾക്കും വേണ്ടി വേർതിരിച്ചിരിക്കുകയാണ്.
അതാത് രാജ്യങ്ങളുടെ ചർച് ഓഫ് ഗോഡ് സഭകളുടെ പ്രവർത്തനങ്ങൾ നാഷണൽ ഓവർസിയർ വിശദീകരിക്കുന്നതിലൂടെ ആത്മീക വളർച്ചയും ശുശ്രൂഷാ നേട്ടങ്ങളും പരിചയപഠനങ്ങളും എല്ലാവർക്കും ലഭ്യമാകുകയും ചെയ്യും.
ഈക്കഴിഞ്ഞ വേൾഡ് മിഷൻ ജനറൽ അസ്സെംബ്ലിയിൽ യുഎഇ, ഒമാൻ, ബഹ്‌റൈൻ, സൗദി, കുവൈറ്റ്, ഖത്തർ (ഒരു ക്ളോസ്ഡ് കൺട്രി) എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തി പുതിയതായി ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് എന്ന റീജിയൻ രൂപീകരിക്കുകയും റീജിയണൽ സൂപ്രണ്ടായി റവ. സുശീൽ മാത്യുവിനെ നിയമിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സൈനീക സേവനത്തിൽ നിന്ന് മേജറായി റിട്ടയർ ചെയ്ത ശേഷം, ലീ യൂണിവേഴ്‌സിറ്റിയിലും ഓറൽ റോബർട്ട്‌സ് യൂണിവേഴ്‌സിറ്റിയിലും ബിസിനസ് മാനേജ്‌മെന്റിന്റെ ഫാക്കൽറ്റി എന്ന നിലയിൽ അനേക വിദ്യാർത്ഥികളുടെ സ്വാധീനശക്തിയായി താൻ മാറിക്കഴിഞ്ഞു.
കുവൈറ്റ് മുൻ നാഷണൽ ഓവർസിയർ, അൺ റീച്ചഡ് പീപ്പിൾ ഗ്രൂപ്പിന്റെ മധ്യപൂർവേഷ്യ ആഫ്രിക്ക അടങ്ങുന്ന MENA റീജിയന്റെ കോർഡിനേറ്ററായും സേവനമനുഷ്ഠിച്ചു. കുവൈറ്റിലുള്ള ചർച് ഓഫ് ഗോഡ് സെമിനാരിയുടെ സ്‌ഥാപക പ്രസിഡന്റായ ഡോ. സുശീൽ സുവിശേഷീകരണത്തിന്റെ വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു മിഷിനറിയാണ്.
യുഎഇ നാഷണൽ ഓവർസിയർ പാസ്റ്റർ കെ.ഒ മാത്യുവിന്റെ നേതൃത്വത്തിൽ സംഘടക സമിതി വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.