റവ. കെ. ഒ. മാത്യു നിയമിതനായി; നേതൃനിരയിൽ രണ്ടു പതിറ്റാണ്ടുകൾ
ചർച്ച് ഓഫ് ഗോഡ് UAE നാഷണൽ ഓവർസിയറായി റവ.ഡോ.കെ.ഒ. മാത്യു വീണ്ടും നിയമിതനായി
ക്ളീവ്ലാൻഡ്: ചർചച്ച് ഓഫ് ഗോഡ് UAE-യുടെ ദേശീയ അദ്ധ്യക്ഷനായി (നാഷണൽ ഓവർസിയർ) വീണ്ടും റവ. കെ.ഒ.മാത്യു. തുടർച്ചയായ ആറാം തവണയാണ് ദൈവസഭയുടെ അന്തർദേശിയ നേതൃത്വം ഇദ്ദേഹത്തെ യു.എ.ഇ-യുടെ നാഷണൽ ഓവർസിയറായി നിയമിക്കുന്നത്. ദൈവ നിയോഗങ്ങളുടെ 18 വർഷങ്ങളെ കൃതാർത്ഥതയോടെ ഓർത്തെടുക്കുന്ന ഡോ.കെ.ഒ. മാത്യുവും കുടുംബവും,
പ്രാർത്ഥനാ നിരതരായി കർമ്മസരണിയിലെ പുത്തൻ ദൗത്യങ്ങൾക്ക് ചുവടുകളുറപ്പിച്ചു കഴിഞ്ഞു.
1886 ആഗസ്ത് 19-നു നോർത്ത് കരോലിന ബോർഡറിന് അടുത്തുള്ള ടെന്നീസിയിൽ മോൺറോയ് കൗണ്ടിയിൽ ദൈവദാസൻ റിച്ചാർഡ് ഗ്രീൻ സ്‌പർലിങ്ങും മറ്റ് 8 പേരും കൂടി പുതിയ നിയമ സഭയുടെ ലക്ഷ്യ ബോധത്തോടെ തുടക്കം കുറിച്ച പ്രാർത്ഥനാ കൂട്ടായ്‌മയായ ചർച്ച് ഓഫ് ഗോഡ്, കഴിഞ്ഞ ഒന്നര നൂറ്റാണ്ടിൽ 189 ഔദ്യോഗിക രാജ്യങ്ങളിലും മറ്റു പ്രവിശ്യകളിലും വേരൂന്നി. കാലങ്ങൾ പിന്നിട്ടപ്പോൾ, നാല്പത്തിനായിരത്തോളം സഭകളും 90 ലക്ഷത്തിലധികം അംഗങ്ങളും ഉള്ള ക്രൈസ്തവ സഭയായി വളർന്നു. ആ ദൃഢപുരോഗതി യു.എ.ഇ-ലും പ്രകടമായി.
2024 ജൂലൈ 8 മുതൽ 12 വരെ ചർച്ച് ഓഫ് ഗോഡിന്റെ എഴുപത്തി ഒൻപതാമത് അന്തർദേശിയ ജനറൽ അസംബ്ലി ഇന്ത്യാനോപ്പോലീസിൽ നടന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജനറൽ അസംബ്ലി പ്രതിനിധികളായ ഓർഡയൻഡ് ബിഷപ്പുമാർ ചരിത്രപ്രസിദ്ധമായ ഇന്ത്യാനാ കൺവൻഷൻ സെന്ററിൽ ഒത്തുകൂടി. പ്രസ്തുത സമ്മേളനത്തിൽ ബിഷപ്പ് ഗാരി ലെവിസിനെ ജനറൽ ഓവർസിയറായും റവ. എം തോമസ് പ്രോപ്സസിനെ വേൾഡ് മിഷൻ ഡയറക്ടറായും നിയമിച്ചു. അനുബന്ധമായി മറ്റു അന്തർദേശിയ നേതൃത്വത്തെയും നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി.
ദൈവസഭയുടെ മധ്യപൂർവ്വേഷ്യൻ പ്രവർത്തനങ്ങളുടെ ഫീൽഡ് ഡയറക്ടറായി ഡോ സ്റ്റീഫൻ ഡാർണലും, മിഡിൽ ഈസ്റ്റ് - ഗൾഫ് റീജിയൻ സൂപ്രണ്ടന്റായി ഡോ സുശീൽ മാത്യുവും UAE നാഷണൽ ഓവർസിയറായി റവ. കെ.ഒ. മാത്യുവും നിയമിതരായെന്നുള്ള ഔദ്യോഗിക ഉത്തരവ് ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ഓഫീസിൽ ലഭിക്കുകയുണ്ടായി.
ദൈവസഭയുടെ അന്തർദേശിയ നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസത്തോടു തികഞ്ഞ പ്രതിബദ്ധത പുലർത്തിക്കൊണ്ട് ദൈവസഭയുടെ യു.എ.ഇ-യിലെ പ്രവർത്തനങ്ങളെ കൂടുതൽ ഏകോപിപ്പിച്ചു മുന്നേറുമെന്ന് അദ്ദേഹം പറഞ്ഞു.
ചർച്ച് ഓഫ് ഗോഡ് ടെന്നസിയുടെ ഫോർത്ത് ലെവൽ ഗ്രേഡുള്ളതും ഏഷ്യൻ തിയോളജിക്കൽ അസോസിയേഷൻറെ അംഗീകാരമുള്ളതുമായ മിഡിൽ ഈസ്റ്റിലെ ആദ്യ വേദപഠനശാലയായ ഗിൽഗാൽ ബിബ്ളിക്കൽ സെമിനാരിയുടെ സ്ഥാപക പ്രസിഡന്റും ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രുഷകനും, ഷാർജാ വർഷിപ്പ് സെന്റർ സെക്രട്ടറിയും, UPF UAE മുതിർന്ന രക്ഷാധികാരിയും , ICPF ഷാർജാ രക്ഷാധികാരിയുമാണ്.
ഭാര്യ: വൽസ മാത്യു. മകൻ: ബിഷപ്പ് ഷാൻ മാത്യു (ദൈവസഭയുടെ അസിസ്റ്റന്റ് നാഷണൽ ഓവർസിയറും ചർച്ച് യുണൈറ്റഡ് ഷാർജാ സീനിയർ സഭാശുശ്രുഷകനും ആണ്).