ദൈവം കാണുന്നത്

0
1625

സ്പർശനം

ദൈവം കാണുന്നത്

ടി.എം മാത്യു

നുഷ്യൻ കാണുന്നതിനേക്കാൾ വളരെ വ്യത്യസ്തമായിട്ടാണ് ദൈവം കാണുന്നത്. നമ്മുടെ വിദ്യാഭ്യാസം,തൊഴിൽ, നിറം, ജാതി, ഭാഷ എന്നീ ബാഹ്യ കാര്യങ്ങൾക്കപ്പുറം നമ്മുടെ യഥാർത്ഥ മൂല്യവും സാധ്യതകളുമാണ്  ദൈവം വിലമതിക്കുന്നത്. പദവിയുടെയും പണത്തിന്റെയും പേരിൽ നിസ്സാരനെന്നും വിലയില്ലാത്തവൻ എന്നും പറഞ്ഞു നാം മാറ്റിനിർത്തുന്ന പലർക്കും വലിയ വിലയാണ് ദൈവസന്നിധിയിൽ. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം സഹോദരനെ നിസ്സാരൻ എന്ന് പറയുന്നവന് അഗ്നി നരകം ലഭിക്കുമെന്ന് കർത്താവ് പറഞ്ഞത്. എല്ലാ  പുരുഷനും സ്ത്രീക്കും ഒരുപോലെ ജീവനും ശ്വാസവും നൽകുന്ന ദൈവം ഓരോരുത്തരുടെയും കഴിവും കഴിവുകേടും തിരിച്ചറിയുന്നവനാണ്. അതുകൊണ്ടു ഒരാളെയും മാറ്റിനിറുത്താൻ നമുക്ക് അവകാശമില്ല.
 
രാഷ്ട്ര ശില്പികളായിത്തീർന്ന  എബ്രഹാം ലിങ്കൻ, മഹാത്മാഗാന്ധി എന്നിവരുടെ ബാല്യത്തിൽ ആരും  ഒരുപക്ഷെ അവർ അങ്ങനെ മഹാത്‌മാരായിത്തീരുമെന്നു കരുതിക്കാണില്ല. ശാസ്ത്രജന്മാരായ തോമസ് അൽവാ എഡിസോണോ ഐയിൻസ്റ്റെനോ അബ്‌ദുൾകലാമോ ആരുടെയും പരിഗണനപ്പട്ടികയിൽ വരാത്തവരാകാം.  ആഗോള പ്രസ്തരായ വില്യം ക്യേരിയോ ഡി എൽ മൂഡിയോ ബില്ലി ഗ്രഹാമോ ലോകജനതയുടെമേൽ ഇതുപോലെ സ്വാധീനമുള്ളവരായിത്തീരുമെന്നു അവരുടെ മാതാപിതാക്കന്മാരോ ഗുരുക്കന്മാരോ കരുതിക്കാണില്ല. മഹാന്മാരുടെ ജീവിതം എല്ലാം അതാണുപറയുന്നത്. എന്നാൽ ദൈവത്തിന്റെ മഹാജ്ഞാനത്തിൽ അവരും ഉൾപ്പെട്ടിരുന്നു. ദൈവത്തിനു എല്ലാവരെയും ആവശ്യമുണ്ട്. ഇത് വായിക്കുന്ന നിങ്ങളെയും!
 
ബൈബിളിൽ യിസ്രായേൽമക്കൾ യെരീഹോകോട്ട പിടിച്ചടക്കിയ സംഭവം യോശുവയുടെ പുസ്തകത്തിലുണ്ട്. അവർ കനാൻനാട്ടിലേക്കുള്ള പ്രയാണത്തിലാണ്. യോർദാനിലെത്തി. നദി കടന്നാൽ യെരീഹോയാണ്. കോട്ടമതിലാൽ ശക്തമാക്കപ്പെട്ട കനാന്യരാജ്യം. രാജ്യം ഒറ്റുനോക്കാൻ യോശുവ രണ്ടു ചാരന്മാരെ അയച്ചു. അവർ ഉള്ളിൽ കടന്നു. രാജാവ് വിവരം അറിഞ്ഞു. പിടിക്കപ്പെടുമെന്നായപ്പോൾ അവർ ഒരു ഉപായം കണ്ടത്തി. അവിടെ അടുത്തു മാന്യമല്ലാത്ത തൊഴിൽചെയ്യുന്ന ഒരു സ്ത്രീയുടെ വീട്ടിൽ ചെന്നു. യെരീഹോ പോലീസ് വിവരം അറിഞ്ഞു ആ വീട്ടിൽ എത്തി. രാഹാബ് എന്ന ആ വനിത സൂത്രത്തിൽ പൊലീസുകാരെ പറഞ്ഞയച്ചു ഇവരെ വീട്ടിന്റെ മുകളിൽ ഒളിപ്പിച്ചു. ഈ കഥ സൺഡേസ്കൂൾ കുട്ടികളെ പഠിപ്പിക്കുമ്പോൾ രാഹാബിന്റെ തൊഴിൽ എന്തെന്ന് കുട്ടികളോട് പറയാൻ കഴിയുമോ? മാന്യമല്ലാത്ത ആ തൊഴിൽ ചെയ്യുന്നവരെപോലും ദൈവം ഉപയോഗിക്കുന്നു;  ദൈവ പ്രവർത്തിയിൽ അവൾ വിശ്വാസമുള്ളവളായിരുന്നു എന്നാണ് നാം വായിക്കുന്നത്. സമൂഹത്തിൽ അവൾക്കു സ്ഥാനമില്ലായിരുന്നെങ്കിലും ദൈവം അവളെ തന്റെ പദ്ധതിയുടെ ഭാഗമാക്കി. ദൈവത്തിന്റെ ജ്ഞാനത്തെ നമുക്ക് നമുക്ക് ചോദ്യം ചെയ്യാനാകുമോ? 

ആശിക്കുന്നതിന്റെ ഉറപ്പും കാണാത്തകാര്യങ്ങളുടെ നിശ്ചയവും പ്രാപിച്ച വിശ്വാസവീരന്മാരെ എബ്രായ ലേഖനം 11-ആം അധ്യായത്തിൽ  നിരത്തുമ്പോൾ 31-ആം വാക്യം ഇങ്ങനെയാണ്: “വിശ്വാസത്താൽ രാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.” തങ്കലിപികളിൽ രേഖപ്പെടുത്തിയ വചനം! രാഹാബ് ആ തൊഴിൽ തുടർന്നില്ല. യെരീഹോ പിടിച്ചടക്കിയ യോശുവ അവളെയും കുടുംബാഗങ്ങളെയും ഉടമ്പടിപോലെ ജീവനോടെ  രക്ഷപ്പെടുത്തി.രാഹാബിന്റെ തൊഴിലല്ല അവൾ ദൈവം ചെയ്തതായി തന്റെ ദേശത്തുവച്ചു കേട്ട അത്ഭുതങ്ങളെ എങ്ങനെ മനസിലാക്കുകയും പ്രതികരിക്കുകയും ചെയ്തു, അവയെ എങ്ങനെ കണ്ടു എന്നതാണ് ദൈവം നോക്കിയത്. അവൾ ദേശത്തു ചാരന്മാരായിവന്ന ഒറ്റുകാരോട് അത് പറയുന്നുണ്ട്. (യോശുവ 2: 9-11) പുതിയനിയമത്തിൽത്തന്നെ  യാക്കോബ് അപ്പോസ്തോലനും തന്റെ ലേഖനത്തിൽ രാഹാബിനെ പരാമർശിക്കുന്നുണ്ട്. (യാക്കോബ് 2:25-26)
 
നമ്മുടെ പരിഗണയല്ല ദൈവത്തിന്റേത്. എല്ലാവരും നാം അണിയുന്ന അതേ വസ്ത്രം ധരിച്ചവരിയിരിക്കണമെന്നില്ല. നമ്മുടെ അതേ സംസാരരീതിയും ആയിരിക്കണമെന്നില്ല. അത് നമ്മുടെ താത്പര്യമാണ്. എന്നാൽ ദൈവം അന്തരിന്ദ്രിയങ്ങളെ ശോധന ചെയ്യുന്നവനാണ്. അതുകൊണ്ടാകണം ദാവീദ് പ്രാർത്ഥിക്കുന്നത്: “വ്യസനത്തിനുള്ള വഴി എന്നിൽ ഉണ്ടോ എന്ന് നോക്കി ശാശ്വതമാർഗത്തിൽ എന്നെ നടത്തണമേ.”
 
രാഹാബിന്റെ ചരിത്രം അവിടം കൊണ്ട് തീരുന്നില്ല. പുതിയ നിയമത്തിന്റെ ആദ്യ താളിൽത്തന്നെ ദൈവാത്മാവ് രേഖപ്പടുത്തി: “ശല്മോൻ രാഹബിൽ ബോവസിനെ ജനിപ്പിച്ചു. ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു. ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു. യിശ്ശായി ദാവീദുരാജാവിനെ ജനിപ്പിച്ചു” (മത്തായി 1:5)
 
ഇതുപോലെ ദൈവം കാണുന്നതിന്റെ രീതി ബൈബിളിൽ പലയിടത്തും നാം വായിക്കുന്നു. ദാവീദ് രാജാവാകുമെന്നു ആരും കരുതിയില്ല; സ്വന്തം പിതാവുപോലും. ജ്യേഷ്ഠനെ ഭയന്ന് വീട്ടിൽനിന്നും ഒളിച്ചോടിയ യാക്കോബ് യിസ്രായേൽ ജനതയുടെ പിതാവായിത്തീരുമെന്നു തന്നെ സ്നേഹിച്ച അമ്മപോലും കരുതിക്കാണില്ല. ശൗലിനെപ്പോലെ വിപ്ലവകാരിയായ ഒരു ചെറുപ്പക്കാരൻ ക്രിസ്തീയസഭയുടെ നെടുംതൂണായി മാറുമെന്ന് തനിക്കു അധികാരപത്രം കൊടുത്തു പറഞ്ഞയച്ച മഹാപുരോഹിതൻ കരുതിയിരുന്നില്ല. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ. എല്ലാ തിരഞ്ഞെടുപ്പും ദൈവത്തിന്റേതുമാത്രമാണ്. അത് ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here