നമുക്കു ദൈവത്തെ കേൾക്കാൻ പഠിക്കാം

0
914

സ്പർശനം

 

നമുക്കു ദൈവത്തെ കേൾക്കാൻ പഠിക്കാം
 

ടി.എം.മാത്യു

തലക്കെട്ട് വായിച്ചപ്പോൾ പലർക്കും ഇതെന്ത് എന്ന ചിന്ത ആയിരിക്കും. ദൈവത്തെ കേൾക്കാനോ? ദൈവത്തെ സ്നേഹിക്കാം, ദൈവത്തെ ആരാധിക്കാം, ദൈവത്തെ ഭയപ്പെടാം, അതൊക്കെ നമുക്കറിയാവുന്നതും നാളുകളായി ചെയ്തുപോരുന്നവയുമാണ്. മറിച്ചു നമ്മൾ പലതും ദൈവത്തെ കേൾപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്. നമ്മുടെ പാട്ട്, ഉറക്കെയുള്ള പ്രാർത്ഥന, സ്ഥാനത്തും അസ്ഥാനത്തും ‘സ്തോത്രം’ പറഞ്ഞുകൊണ്ടുള്ള സാക്ഷ്യങ്ങൾ (ചിലതു വീരസ്യവുമായിരിക്കും), തട്ടു പൊളിപ്പൻ സംഗീതം (വർഷിപ് എന്നാണ് അറിയപ്പെടുന്നത്) പോരാ, പോരാ എന്ന് പറഞ്ഞു ജനത്തെകൊണ്ട് ഉറക്കെ ഉറക്കെ ഏറ്റു പറയിപ്പിക്കുന്ന വാചകങ്ങൾ ഇങ്ങനെ പലവിധ ഐറ്റംസ് നമ്മൾ ദൈവത്തെ കേൾപ്പിക്കുകയാണ്. അതിനിടയിൽ ദൈവത്തെ കേൾക്കേണമെന്നു പറയുന്നതു തന്നെ അപഹാസ്യമായി ചിലർക്ക് തോന്നിയേക്കാം. പിന്നെ പാസ്റ്റർമ്മാർക്ക് എന്താണ് പണി എന്ന് ചിന്തിക്കുന്നവരും കണ്ടേക്കാം.

എന്നാൽ ദൈവമക്കൾ ദൈവത്തെ കേൾക്കാൻ പഠിക്കണം. (Learn to Listen to God) എന്താണ് ദൈവത്തിനു എന്നോട് പറയാനുള്ളതെന്നു കേൾക്കാൻ ചെവി ചായിക്കണം. അത് പ്രവാചകന്മാരിൽ നിന്നോ പാസ്റ്റർമാരിൽ നിന്നോ മാത്രമല്ല, നേരിട്ടും കേൾക്കാം. അതിനു സമയം കണ്ടെത്തണം. അതൊരു ശീലമാക്കണം. ദൈവം നമ്മോടു വിവിധ രീതിയിൽ സംസാരിക്കുമെങ്കിലും ഏറ്റവും സാധാരണമായതു ദൈവ വചനത്തിലൂടെയാണ്. കഴിഞ്ഞ പല വർഷങ്ങളായി ബൈബിളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏർപ്പെട്ടിരുന്നതുകൊണ്ടാകാം പലരും എങ്ങനെയാണു ബൈബിൾ വായിക്കേണ്ടതെന്നു എന്നോട് ചോദിക്കാറുണ്ട്. പെട്ടെന്നു ഒരു ഉത്തരം നൽകിയാൽ രണ്ടു വാക്യങ്ങളിൽ അത് ഒതുക്കാം. ഒന്ന് സങ്കീർത്തനം 119:18: “നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണുവാൻ എന്റെ കണ്ണുകളെ തുറക്കേണമേ”. അടുത്തത്, 1ശമുവേൽ 3:9: “യഹോവേ അരുളി ചെയ്യണമെ അടിയൻ കേൾക്കുന്നു”. ഒന്ന്, കാണുക. രണ്ട്, കേൾക്കുക. ഇതുരണ്ടും ഒരു പോലെ ആവശ്യമാണ്. ഇതിന് ആധുനിക കാലത്തു സമയം കണ്ടെത്താൻ പലർക്കും ബുദ്ധിമുട്ടുണ്ട്.

എങ്കിൽ നമുക്കു ഒരു അഞ്ചു മിനിട്ടു മാത്രം ദിവസവും എടുത്താലോ? കുറഞ്ഞുപോയി എന്ന് കരുതേണ്ട. ഒട്ടുമില്ലാത്തതിലും എത്രയോ ഭേദമാണത്. കുറഞ്ഞപക്ഷം പ്രതിദിനം ദൈവവചനത്തിനായി അഞ്ചു മിനിട്ടു നീക്കിവയ്ക്കാൻ ആർക്കും കഴിയുമല്ലോ. പതിവിലും അഞ്ചു മിനിട്ടു നേരത്തെ ഉണരുക. കാര്യം ശരിയാകും. ഇത് ഞാൻ പറയുന്നത് ഇപ്പോൾ നിരന്തരം ബൈബിൾ വായിക്കാത്തവർക്കും സമയമില്ല എന്ന് പരിഭവിക്കുന്നവർക്കും വേണ്ടി മാത്രമാണ്. കുറേകഴിയുമ്പോൾ മെല്ലെമെല്ലെ ഈ സമയ ഗ്രാഫ് ഉയരുന്നത് കാണാം.

അടുത്തത്, സ്വസ്ഥമായൊരിടം കണ്ടെത്തുക എന്നതാണ്. നിങ്ങളുടെ ലോകത്തിന്റെ (Your World) ഏതുകോണിലായാലും സ്ഥിരമായൊരിടം കണ്ടെത്തണം. അതിനു ഓഫീസോ വീടോ വാഹനമോ ഏതുമാകാം. പഠനമുറിയോ, ഭക്ഷണമേശക്കരികിലോ കിടപ്പുമുറിയോ അതുപോലെ സൗകര്യപ്രദമായ എവിടെയും തിരഞ്ഞെടുക്കാം. എന്നാൽ ഇടയ്ക്കിടെ സ്ഥലം മാറരുത്. ഓഫീസ് യാത്രക്കിടെ കാറിൽ ദൈവവചനം കേൾക്കത്തക്കവിധം ഇന്ന് ഓഡിയോ ബൈബിൾ ലഭ്യമാണ്. ഒരു നിശ്ചിത സ്ഥലത്തു നിശ്ചിത സമയം ദിനംതോറും നമ്മൾ ദൈവ ശബ്ദത്തിനായി കണ്ണും കാതും തുറക്കുന്നു! എന്ത് സന്തോഷമാണത്!

അടുത്തതായി വേണ്ടത് ബൈബിളാണ്. നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അതെ ബൈബിൾ തന്നെയാണ് ഉത്തമം. തുറന്നുവച്ച ബൈബിളിന്റെ മുന്നിൽ കണ്ണടച്ച് ഒരുനിമിഷം പ്രാർത്ഥിക്കുക. “ദൈവമേ, നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണുവാൻ എന്റെ കണ്ണുകളെ തുറക്കേണമേ. അങ്ങയുടെ ശബ്ദം കേൾക്കുവാൻ എന്നെ സഹായിക്കണമേ “
എവിടെ നിന്നാണ് തുടങ്ങേണ്ടതെന്നു പലർക്കും സംശയമാണ്. തുടർച്ചയായ വായനക്ക് ഉടനെ പദ്ധതിയില്ലെങ്കിൽ ലേഖനങ്ങളിൽ തുടങ്ങുക. 1യോഹന്നാന്റെ ലേഖനമാണ് നല്ലത്. പ്രായോഗികത ധാരാളമുണ്ട്. വായിക്കുമ്പോൾ നിങ്ങളെ സ്പർശിക്കുന്ന വാക്യങ്ങളുടെയും വാചകങ്ങളുടെയും മുന്നിൽ ഒരു നിമിഷം നിൽക്കുക. അത് ധ്യാനിക്കുകയോ ചിന്തിക്കുകയോ ചെയ്യാം. കൈയിൽ പെൻസിലോ പേനയോ കരുതുക. വാക്യം അടിവരയിടുക ചിന്ത ബുക്കിൽ കുറിച്ചിടുക; മറക്കാതിരിക്കാനാണത്.

ശ്രദ്ധയുള്ള ഒരുമാനസാണ്‌ അടുത്തത്. മറ്റൊന്നിലേക്കും ശ്രദ്ധ പതറരുത്. അഞ്ചു മിനിട്ടല്ലേയുള്ളു. വചനത്തിൽ മാത്രം ശ്രദ്ധയൂന്നുക. വായനയിലൂടെ ലഭിച്ച ദൈവീക സന്ദേശം മറന്നുകളയരുത്. ദിവസം മുഴുവൻ അത് ഒരു കനൽ ആയി മസിൽ നിൽക്കട്ടെ. സമയം കിട്ടുമ്പോഴെല്ലാം ചാരം ഊതിമാറ്റി കനൽ പ്രോജ്ജ്വലമാക്കുക. ദൈവം സാവകാശം നിങ്ങളോടു സംസാരിക്കുവാൻ ആരംഭിക്കുന്നത് നിങ്ങൾ അറിയും.

അടുത്തദിവസം വീണ്ടും മറ്റൊരു ഭാഗമോ തുടർച്ചയോ വായിക്കുക. തുടർച്ചയായി വയ്ക്കുന്നതാണ് നല്ലത്. ക്രമീകൃതമായി വചനം വായിക്കുന്നതിനുള്ള രീതികൾ അടുത്ത മൂന്ന് ആഴ്ചകളിലായി ഞാൻ വിവരിക്കാം. ഇന്നത്തെ പരിശീലനം തുടരുക. അടുത്ത ആഴ്ചയിൽ കുറേക്കൂടി വിശദീകരിക്കാം.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

LEAVE A REPLY

Please enter your comment!
Please enter your name here