പുതുസമര്‍പ്പണത്തോടെ ഗുഡ്ന്യൂസ് കോര്‍ഡിനേറ്റേഴ്സ് കോണ്‍ഫ്രന്‍സ് സമാപിച്ചു

പുതുസമര്‍പ്പണത്തോടെ ഗുഡ്ന്യൂസ് കോര്‍ഡിനേറ്റേഴ്സ് കോണ്‍ഫ്രന്‍സ് സമാപിച്ചു
എറണാകുളം: കേരളത്തിന്‍റെ വാണിജ്യതലസ്ഥാനമായ കൊച്ചിയില്‍ മാര്‍ച്ച് 28ന് നടന്ന ഗുഡ്ന്യൂസിന്‍റെ ജില്ലാ കോഡിനേറ്റേഴ്സ് മീറ്റ് ഗുഡ്ന്യൂസ് ചരിത്രവഴിയില്‍ പുതിയൊരു ദിശാബോധം നല്‍കുന്നതായി. ടൗണ്‍ എ.ജി ചര്‍ച്ചില്‍ നടന്ന സമ്മേളനത്തില്‍ ചീഫ് എഡിറ്റര്‍ സി.വി മാത്യു അധ്യക്ഷത വഹിച്ചു. പെന്തെക്കോസ്ത് വാര്‍ത്താവാരികയായി
എളിയ നിലയില്‍ പത്രപ്രവര്‍ത്തന രംഗത്തു പാദമൂന്നിയ ഗുഡ്ന്യൂസ് കഴിഞ്ഞ അരനൂറ്റാണ്ടോളം എത്തിയ സേവന യാത്രയില്‍ കൊണ്ടുവന്ന കാലോചിതമായ മാറ്റങ്ങള്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാര്യക്ഷമമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയകരമാകുന്നതിന്‍റെ നേര്‍ സാക്ഷ്യമായിരുന്നു ഈ സമ്മേളനം.
ഈ മഹത്തായ പ്രവര്‍ത്തനത്തില്‍ ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന കോഡിനേറ്റേഴ്സിന് ഈ അവസരത്തില്‍ നന്ദി പ്രകാശിപ്പിക്കുന്നു എന്നും സി.വി. മാത്യു പറഞ്ഞു. എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി.എം മാത്യു ആമുഖപ്രഭാഷണം നടത്തി. പെന്തെക്കോസ്ത് സഭകളുടെ ആത്മീയ ഉന്നമനവും ഐക്യവും ഗുഡ്ന്യൂസിന്‍റെ പ്രധാന ലക്ഷ്യമാണ്. ഇക്കാര്യത്തില്‍ നാളിതുവരെ കാര്യക്ഷമമായി നിലകൊള്ളുവാനും പ്രവര്ത്തിക്കുവാനും ഗുഡ്ന്യൂസിന് കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ചാരിറ്റി പ്രവര്‍ത്തന രംഗത്തും ഒട്ടേറെ സേവനങ്ങള്‍ ചെയ്യുവാനും ഗുഡ്ന്യൂസിന് കഴിഞ്ഞിട്ടുണ്ട്.
അച്ചടി മാധ്യമത്തിലാണ് നമ്മള്‍ തുടക്കമിട്ടത്. നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും ഒരു പത്രം എന്ന നിലയില്‍ ഗുഡ്ന്യൂസിന്‍റെ അടിത്തറ ഇന്നും അച്ചടിയിലാണ്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ആവും വിധം ആ സാങ്കേതികവിദ്യയില്‍ പല മാറ്റങ്ങളും ഗുഡ്ന്യൂസ് പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.
വാര്‍ത്ത മാധ്യമരംഗത്തു പ്രകാശവേഗത്തില്‍ കുതിക്കുന്ന ഇലക്ട്രോണിക്, ഇന്‍റര്‍നെറ്റ് സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കുവാനും ഗുഡ്ന്യൂസ് ശീലിച്ചുവരുന്നു. ഓണ്‍ലൈന്‍ ഗുഡ്ന്യൂസ്, അതിന്‍റെ ഒരു പ്രതിഫലനം കൂടിയാണ്. ഗുഡ്ന്യൂസ് എന്ന് ചിലരുടെ മാത്രം ഒരു പ്രസ്ഥാനമല്ല. ആഗോള മലയാളി പെന്തെക്കോസ്തു സമൂഹത്തിന്‍റെ പൊതുസ്വത്ത് ആണത്. പെന്തെക്കോസ്തു സഭകളെ തമ്മില്‍ ചേര്‍ത്തിണക്കുന്ന ചരടാണ്. ക്രൈസ്തവ സാഹിത്യ രംഗത്ത്, പ്രത്യേകിച്ച് പത്രപ്രവര്‍ത്തക രംഗത്ത്, നൂതന പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ഗുഡ്ന്യൂസിനു കഴിഞ്ഞിട്ടുണ്ട്. അത് ഇനിയും തുടരുമെന്നു റ്റി. എം. മാത്യു പറഞ്ഞു.
48 വര്‍ഷം മുമ്പ് ഗുഡ്ന്യൂസ് ആരംഭിച്ച കാലത്തെ സാഹചര്യങ്ങളും അനുഭവങ്ങളും പലരും പങ്കുവച്ചു. ആരംഭകാലം മുതല്‍ കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ ഈ മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. ചിലര്‍ അക്കരെ നാട്ടിലേക്കു ഇതിനോടകം യാത്രയായി. ആ ഒഴിവുകള്‍ നികത്തുവാന്‍ ദൈവം ഉത്സാഹികളായ പലരെ എഴുന്നേല്‍പ്പിച്ചു എന്നതും സന്തോഷത്തോടെ സ്മരിക്കയുണ്ടായി. മാറ്റങ്ങള്‍ പിന്നീട് പലതുമുണ്ടായി. സ്ഥാപകാംഗങ്ങളില്‍ ചിലരുടെ അഭാവത്തില്‍ മക്കള്‍ നേതൃനിരയിലേക്കുവരുന്നുണ്ട്. സ്ഥാപകര്‍ തുടങ്ങിവച്ച അടിസ്ഥാന കാഴ്ചപ്പാടിന് അനുസൃതമായി പുതിയ സാഹചര്യങ്ങളില്‍ മാറ്റം കൊണ്ടുവരേണ്ടതിനെക്കുറിച്ചു ചിന്തിക്കുവാനുള്ള സമയം സമാഗതമായിരിക്കുന്നു
എന്നതായിരുന്നു പൊതുചിന്ത.
സമര്‍പ്പിതരായ ഒരു സംഘം യുവജനങ്ങള്‍ പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഗുഡ്ന്യൂസിന്‍റെ ബലം. ബാലലോകം, ചാരിറ്റബിള്‍ സൊസൈറ്റി, മീഡിയ സ്കൂള്‍, ഐഎഎസ് അക്കാദമി എന്നിവയും ഭവന സഹായ പദ്ധതി, വിവാഹ സഹായങ്ങള്‍, വൈദ്യ സഹായം, നൈപുണ്യ പരിശീലനം, പ്രൊഫഷണല്‍ കോഴ്സ് സ്കോളര്‍ഷിപ്, മഹാമാരിക്കാലത്തെ സഹായങ്ങള്‍, പ്രളയദുരിതാശ്വാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ നടന്നുവരുന്ന ജീവകാരുണ്യ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തങ്ങള്‍ മുടങ്ങാതെ നടക്കുവാന്‍ പ്രാര്‍ത്ഥന ആവശ്യമാണ്.
പ്രവര്‍ത്തകരുടെ പരസ്പരമുള്ള പരിചയപ്പെടലിനു ശേഷം നടന്ന ചര്‍ച്ചകള്‍ക്ക് കോഡിനേറ്റിംഗ് എഡിറ്റര്‍ ടോണി ഡി. ചെവ്വൂക്കാരന്‍ നേതൃത്വം നല്കി. എക്സിക്യൂട്ടീവ് ഡിറ്റര്‍
സജി മത്തായി കാതേട്ട്, റസിഡന്‍റ് എഡിറ്റര്‍ സന്ദീപ് വിളമ്പുകണ്ടം, സജി നടുവത്ര, ഫിനാന്‍സ് മാനേജര്‍ ജെസ്സി ഷാജന്‍, എന്നിവരും എല്ലാ ഓഫീസ് പ്രവര്‍ത്തകരും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ഗുഡ്ന്യൂസിലേക്ക് ഏറ്റവും അധികം പരസ്യങ്ങളും വാര്‍ത്തകളും നല്‍കിയ കര്‍ണാടക കോഓര്‍ഡിനേറ്റര്‍ ചാക്കോ കെ. തോമസിനെ സമ്മേളനം അനുമോദിച്ചു. സീനിയര്‍ കോര്‍ഡിനേറ്റര്‍മാരായ റോയ് മാത്യു ചീരന്‍ (കോഴിക്കോട്), കെ. പി. തോമസ് (കൊട്ടാരക്കര) സണ്ണി ഇലഞ്ഞിമറ്റം (കുമളി), പാസ്റ്റര്‍ എബ്രഹാം ഉമ്മന്‍ (ഹരിയാന) എന്നിവരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. എറണാകുളം ടൗണ്‍ എ. ജി. പാസ്റ്റര്‍ വര്‍ഗീസ് മാത്യു, പി. ശൈലാസുകുട്ടി(എറണാകുളം കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് സമ്മേളനത്തിന്‍റെ ക്രമീകരണങ്ങള്‍ ചെയ്തത്
Advertisement