സ്വന്തം വീട്ടില്‍ പ്രാര്‍ഥനായോഗം നടത്താന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ല; കോടതി ഉത്തരവ്

0
5924

മോൻസി മാമ്മൻ തിരുവനന്തപുരം

ചെന്നൈ: സ്വന്തം വീട്ടില്‍ പ്രാര്‍ഥന യോഗം നടത്തുന്നതിന് പൊലീസിന്‍റെയോ അധികൃതരുടെയോ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് പി.ഡി ആദികേശവലുവാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. അനുമതിയില്ലാതെ പ്രാര്‍ഥന യോഗം സംഘടിപ്പിക്കുന്നത് തടഞ്ഞ പൊലീസ് നടപടിക്കെതിരെയാണ് പാസ്റ്ററായ സി. ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. പ്രമുഖ നിയമവാര്‍ത്താ പോര്‍ട്ടലായ ലൈവ് ലോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സി. ജോസഫിന്‍റെ പെന്തക്കോസ്ത് സഭ നടത്തിയ പ്രാര്‍ഥനാ പരിപാടിക്കെതിരെ പരാതിയുമായി ഹിന്ദുമുന്നണി എന്ന സംഘടന രംഗത്തെത്തിയതോടെയാണ് പൊലീസ് ഇടപെട്ടത്. സമാധാന ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തിയ പൊലീസ് പരിപാടിക്ക് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് അറിയിച്ചിരുന്നു.
സമാധാന ചര്‍ച്ച കഴിയുന്നതുവരെ പ്രാര്‍ഥന പരിപാടി പാടില്ലെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സി. ജോസഫ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ആര്‍. ജെഗനാഥന്‍ ഇസ്രായേല്‍ Vs പൊലീസ് സൂപ്രണ്ട് കേസിലെ വിധി പ്രകാരം സ്വന്തം വീട്ടിലോ അതിനോട് ചേര്‍ന്ന വസ്തുവിലോ ഒരാള്‍ക്ക് പ്രാര്‍ഥന യോഗം സംഘടിപ്പിക്കണമെങ്കില്‍ അതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. അതുകൊണ്ടുതന്നെ പ്രാര്‍ഥനയോഗത്തിന് അനുമതി വേണമെന്ന പൊലീസിന്‍റെ നിര്‍ദേശം തള്ളിക്കളയുന്നുവെന്നും വിധിയില്‍ പറയുന്നു. സഭയുടെ പ്രാര്‍ഥന പരിപാടി ശബ്ദമലിനീകരണവും ഗതാഗതകുരുക്കും ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച്‌ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് സമാധാന ചര്‍ച്ചയ്ക്കായി മുന്‍കൈയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here