സഭാ ശുശ്രൂഷകന്മാർ 'അപ്ഡേറ്റഡ്' ആകണം 

സഭാ ശുശ്രൂഷകന്മാർ 'അപ്ഡേറ്റഡ്' ആകണം 

കവർ സ്റ്റോറി 

സഭാ ശുശ്രൂഷകന്മാർ സമകാലിക വിവരങ്ങളിൽ 'അപ്ഡേറ്റഡ്' ആകണം 

പി.എസ്. ചെറിയാൻ 

''അസ്ത്രമറിയും മുമ്പ് ആവനാഴി നിറക്കണം" എന്ന് അറേബ്യക്കാരുടെ ഇടയിൽ ഒരു പഴമൊഴിയുണ്ട്.  ഏതൊരു കാര്യത്തിൽ ഏർപ്പെടുമ്പോഴും മുന്നൊരുക്കവും വിഭവശേഷിയും പരിശീലനവും ആവശ്യമാണെന്നാണ് ഇതിനർത്ഥം.  സഭാ ശുശ്രൂഷകന്മാരും സുവിശേഷ പ്രഭാഷകരും കാലത്തിന്റെ ചുവരെഴുത്തുകളും സാമൂഹിക മാറ്റങ്ങളും  അറിയുകയും  സമകാലിക വിജ്ഞാനത്തിൽ 'അപ്ഡേറ്റഡ്' ആകുകയും വേണം.  ഈ പുതുക്കപ്പടൽ  ശുശ്രൂഷയുടെ വിജയത്തിന് അനിവാര്യമാണ്.  

ലോകം  കോവിഡനന്തര കാലത്ത് ആകെ മാറിയിരിക്കുന്നു.  മനുഷ്യൻ്റെ മൂല്യബോധത്തിനും അസ്തിത്വ ചിന്തയ്ക്കും മാറ്റംവന്നു. വൈജ്ഞാനികരംഗത്തും സാമൂഹിക ഇടപെടലുകളിലും ആശയസം വേദനത്തിലും സ്വഭാവശീലങ്ങളിലും ഈ കാലത്ത് വലിയ വ്യതിയാനം സംഭവിച്ചിട്ടുണ്ട്.  സഭാശുശ്രൂഷകർ ഒരു സമൂഹത്തിൻറെ പ്രതിനിധിയും കാലഘട്ടത്തിൻ്റെ ശുശ്രൂഷകരും ആണ്. ഒരു സമൂഹത്തെ ദൈവോന്മുഖമായി വാർത്തെടുക്കുന്നതിൽ അവർക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ സഭാ ജനങ്ങളോടൊപ്പമോ  അവരിലും ഉപരിയോ വൈജ്ഞാനിക ബോധ്യങ്ങളും സാമൂഹിക ബോധവും അവർക്കുണ്ടാകണം.  

ഇത് വൈജ്ഞാന വിപ്ലവത്തിന്റെയും നോളഡ്ജ് എക്കണോമിയുടെയും നിർമ്മിതബുദ്ധിയുടെയും കാലമാണ്. പുതിയ തലമുറ ഇക്കാര്യങ്ങളിൽ ഒരുപാട് മുമ്പോട്ട് പോയിരിക്കുന്നു. അവരുടെ ചിന്തയും കാഴ്ചപ്പാടും അറിവിൻ്റെ മേഖലയും പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമാണ്.  അവരോട് പ്രസംഗിക്കുമ്പോൾ  സമകാലിക വിവരബോധ്യങ്ങൾ ഇല്ലെങ്കിൽ ഹൃദയം കൊണ്ട് സ്വീകാര്യം ലഭിക്കുകയില്ല.  ഈ തലമുറയെ കർത്താവിനുവേണ്ടി നേടുവാൻ ദൈവവചനത്തിലും സാമൂഹിക ബോധ്യത്തിലും  ശുശ്രൂഷകന്മാർ മികവുള്ളവർ ആയിരിക്കണം.  

കോവിഡനന്തരകാലം ഓൺലൈൻ പരിശീലനങ്ങളുടെയും ആശയസംവേദനത്തിന്റെയും കാലമാണ്.  ഏതു മേഖലയുടെയും അറിവുകൾ വിരൽത്തുമ്പിൽ ഉണ്ട്. വിവരങ്ങളെല്ലാം ശരിയാകണമെന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ ദുരുപദേശങ്ങളും  ദൈവവിദ്വേഷങ്ങളും പ്രചരിക്കുന്നുണ്ട്. വാർത്തകളും വിവരങ്ങളും തൽക്ഷണമാണ് ലഭിക്കുന്നത്. അതിലൂടെ രൂപപ്പെടുന്ന ഒരു പൊതുബോധവും ചിന്താധാരയും ഉണ്ട്.  ചിന്താഗതികൾ പലർക്കും  വ്യത്യസ്തവും ആയിരിക്കും.  മൂല്യങ്ങളെയും ആത്മീയ വിഷയങ്ങളെയും വിമർശനത്തോടെ കാണുന്നവരുമുണ്ട്.

നിസ്സംഗതയും വിഷാദവും നിഷേധവും കോവിഡനന്തരകാലത്ത് കൂടുതൽ വ്യാപകമായി. തൊഴിലില്ലായ്മ, ബന്ധങ്ങളുടെ തകർച്ച, കുറ്റകൃത്യങ്ങളുടെ വർദ്ധനവ്, ശാസ്ത്രബോധം, മൂല്യനിഷേധം എന്നിവ ഈ കാലത്തിൻ്റെ പ്രത്യേകതയാണ്.  ഈ സാഹചര്യത്തിൽ ഒരു സഭാശുശ്രൂഷകൻ സമർത്ഥനായ അധ്യാപകനും കൗൺസിലറും മാർഗ്ഗദർശിയും ആകണം. അതിന് ആവശ്യം ദൈവവചനത്തിനും പൊതുവിജ്ഞാനത്തിനും മികവുള്ളവരാകുക എന്നതാണ്. പരിശുദ്ധാത്മാഭിഷേകം നമ്മെ ഫലപ്രദമായ ശുശ്രൂഷയക്ക് പ്രാപ്തരാക്കുന്നു. എന്നാൽ വിജ്ഞാന ശേഖരണവും പരിശീലനവും അവഗണിച്ച് പരിശുദ്ധാത്മാഭിഷേകത്തിന്റെ പേരിൽ 'കോപ്രായങ്ങൾ ' കാട്ടുന്നവരുടെ എണ്ണം പെരുകുന്നു.  മണ്ടത്തരങ്ങളും കള്ളപ്രവചനങ്ങളും പറഞ്ഞ് ജനത്തെ കബളിപ്പിക്കുകയും ആരാധനയും വചന ധ്യാനവും വികലമാക്കുകയും ചെയ്യുന്നവർ ജനത്തെ സ്വാധീനിക്കുന്നുമുണ്ട്.  അതുകൊണ്ട് സഭാ ശുശ്രൂഷകന്മാർ ഈ കാലത്തെ ഫലപ്രദമായ ശുശ്രൂഷയ്ക്ക് പ്രാപ്തരാകേണ്ടതിന് ആത്മനിറവുള്ളവരും വചനാടിസ്ഥാനത്തിലുള്ള പരിശീലനം നേടിയവരും ആകണം. ബൈബിൾ കോളേജിലെ പഠനത്തെപ്പറ്റി അല്ല, തുടർച്ചയായയുള്ള അപ്ഡേഷൻ ട്രെയിനിങ് ആണ് ആവശ്യം.  

എല്ലാ ശുശ്രൂഷകന്മാരും ഓൺലൈനായെങ്കിലും ഒരു കൗൺസിലിംഗ് കോഴ്സ് പഠിക്കുന്നത് പ്രയോജനപ്പെടും.  ബിബ്ലിക്കൽ സൈക്കോളജി,  ചർച്ച് മാനേജ്മെൻറ് , പേഴ്സണാലിറ്റി ഡെവലപ്മെൻറ് , സോഷ്യൽ സർവീസ്,  സ്പിരിച്വൽ ലീഡർഷിപ്പ്,  കമ്മ്യൂണിക്കേഷൻ  തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നേടുന്നത് പ്രയോജനപ്പെടും.  

സ്വയം അപ്ഡേറ്റഡ് ആകാൻ സഭാശുശ്രൂഷകന്മാർ മനസ്സ് വയ്ക്കണം . സെൻ്റർ തലത്തിലും സോണൽ തലത്തിലുമൊക്കെ വിദഗ്ധ പരിശീലനം നൽകി ശുശ്രൂഷകരെ സഭാസേവനത്തിന് സജ്ജരാക്കാൻ സഭാനേതൃത്വം മുന്നോട്ടു വരേണ്ടതുണ്ട്.  വർഷത്തിൽ രണ്ടോ മൂന്നോ തവണ ഇത്തരം പരിശീലന  പരിപാടികൾ  നടത്താവുന്നതാണ്.  പുതിയ തലമുറയിൽ ഫലപ്രദമായ ശുശ്രൂഷ നിർവഹിക്കുവാൻ ശുശ്രൂഷകന്മാർ കാലോചിത പരിവർത്തനത്തിന്  വിധേയപ്പെടേണ്ടത് അനിവാര്യമാണ്.

Advertisement