രാഷ്ട്രീയം 

രാഷ്ട്രീയം 

കവർ സ്റ്റോറി 

രാഷ്ട്രീയം 

പെന്തെക്കോസ്ത് സമൂഹത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. പെന്തെക്കോസ്തു വിഭാഗത്തിന് കുറച്ചധികം വോട്ടുകള്‍ ഉള്ള മണ്ഡലമായതിനാല്‍ യുഡിഎഫും എല്‍ഡിഎഫും പെന്തെക്കോസ്ത് വിശ്വാസികളുടെ പിന്തുണയ്ക്കായി ശ്രമിച്ചിരുന്നു. ഇരുകൂട്ടരും മുഖ്യധാരാ പെന്തെക്കോസ്ത് പാസ്റ്റര്‍മാരുടെയും, സ്വതന്ത്ര സഭകളിലെ പാസ്റ്റര്‍മാരുടെയും മീറ്റിംഗുകള്‍ സംഘടിപ്പിച്ചും വിശ്വാസികളുടെ വോട്ടുകള്‍ ഉറപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ചിന്ത നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.

"പാസ്റ്റര്‍, എന്നെ പഞ്ചായത്തു പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടാന്‍ വളരെ അധികം സഹായിച്ച ഒരു വ്യക്തിയുടെ നിശാക്ലബിന്‍റെ ഉദ്ഘാടനത്തിനും മദ്യസല്‍ക്കാരത്തിനും എന്നെ വിളിച്ചിട്ടുണ്ട്, പ്രസിഡന്‍റെന്ന നിലയ്ക്കു പോകേണ്ടി വരും. എന്താണു ചെയ്യേണ്ടത്?' 'കൈക്കൂലിക്കു ഞാന്‍ എതിരാണ്. എന്നാലും ഞാന്‍ ഉള്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയ കക്ഷിയില്‍ അതു സ്വീകരിച്ചു പാര്‍ട്ടി ഫണ്ട് സ്വരൂപിക്കുന്നവരെയേ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് കയറ്റൂ. എനിക്കായിട്ടല്ലാതെ പാര്‍ട്ടിക്കുവേണ്ടി അതു സ്വീകരിക്കുന്നത് തെറ്റാണോ?', 'സാറേ, 500 പേര്‍ സംബന്ധിക്കുന്ന നിങ്ങളുടെ ടൗണിലുള്ള സഭയിലേക്ക് എനിക്ക് സ്ഥലം മാറ്റം വേണം. സാര്‍ ങഘഅ ആയതുകൊണ്ട് സെന്‍റര്‍ പാസ്റ്റര്‍ എന്തായാലും കേള്‍ക്കും.' 

'പാര്‍ട്ടി അംഗം എന്ന നിലയ്ക്ക് പ്രക്ഷോഭത്തില്‍ പങ്കെടുക്കേണ്ടതുണ്ട്; പൊതുമുതലിനു നാശം വരുത്തുന്ന പ്രവര്‍ത്തികള്‍ ഉണ്ടായേക്കാം. അംഗത്വം നിലനിര്‍ത്താന്‍ പാര്‍ട്ടി ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ തെറ്റുണ്ടോ?', 'പാര്‍ട്ടി തീരുമാനമനുസരിച്ച് എതിര്‍സ്ഥാനാര്‍ഥിയായിവരാന്‍ ഭീഷണിയുള്ള ഒരാളെക്കുറിച്ച് സത്യമല്ലാത്തതായ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതുണ്ട്. മൗനം പാലിച്ചാല്‍ കൂറുമാറിയതായി കരുതുകയും അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരികയും എന്‍റെ രാഷ്ട്രീയ ഭാവി ഇല്ലാതാകുകയും ചെയ്യും. ആരോപണങ്ങള്‍ കള്ളസാക്ഷ്യം ആയി കരുതില്ലല്ലോ അല്ലെ?'
അതിവിദൂരമല്ലാത്ത ഭാവിയില്‍ പെന്തെക്കോസ്തു സമൂഹത്തില്‍ ഉയര്‍ന്നുകേള്‍ക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ ഒരു ഉദാഹരണമാണ് മുകളില്‍ വിവരിച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ നമ്മുടെ സമൂഹം വേണ്ടവിധം ഒരുക്കപ്പെട്ടിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കുകയും, വ്യക്തമായ ഒരു നയരൂപീകരണത്തിനായി കരുതേണ്ട വിഷയങ്ങള്‍ വിശകലനം ചെയ്യേണ്ടതും നമ്മുടെ കടമയാണ്. 

പെന്തെക്കോസ്തു പ്രസ്ഥാനം വളര്‍ന്നു വന്നിരുന്ന കാലഘട്ടത്തില്‍ ആളും അര്‍ഥവും കൊണ്ടോ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളില്‍ കാര്യമായ ചലനമൊന്നും സൃഷ്ടിച്ചിരുന്നില്ല. ദൈവകൃപയാല്‍ ഒരു നൂറ്റാണ്ടായി തുടരുന്ന പ്രാര്‍ഥനയുടെയും അക്ഷീണപരിശ്രമത്തിന്‍റെയും ഫലമായി നാട്ടില്‍ അറിയപ്പെടുന്ന ഒരു കൂട്ടമായി പെന്തെക്കോസ്തു പ്രസ്ഥാനം മാറി. 

രണ്ടു വര്‍ഷം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ അമ്പതോളം വിശ്വാസികള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. വിദൂരമല്ലാത്ത ഭാവിയില്‍, നൂറു ശതമാനം പെന്തെക്കോസ്തു വിശ്വാസികള്‍ ഉള്ള വാര്‍ഡുകളും പഞ്ചായത്തുകളും വരെ ഉണ്ടാകാം. ആ ഒരു ഘട്ടത്തില്‍ ഏതാനും ജനപ്രതിനിധികള്‍ എന്ന അവസ്ഥയില്‍ നിന്ന് പൂര്‍ണ്ണമായി തദ്ദേശ/ദേശീയ ഭരണസംവിധാനത്തില്‍ ഏര്‍പ്പെട്ട് പൗരന്മാരുടെ കടമകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ആ സന്ദര്‍ഭത്തില്‍ ദൈവവചന സത്യങ്ങള്‍ക്കധിഷ്ഠിധമായി ജാതികള്‍ക്കും ദേശങ്ങള്‍ക്കും മാതൃകയായിരിക്കേണ്ട തരത്തില്‍ സാമൂഹികസേവനം കാഴ്ചവെക്കേണ്ടതിനായി സ്വീകരിക്കേണ്ട നയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

Advertisement