പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വികലദര്‍ശനം സഭയെ പിന്നോട്ടടിച്ചു

സജി ഫിലിപ്പ് തിരുവഞ്ചൂര്‍ | കവർ സ്റ്റോറി 

പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വികലദര്‍ശനം സഭയെ പിന്നോട്ടടിച്ചു

കവർ സ്റ്റോറി 

പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വികലദര്‍ശനം സഭയെ പിന്നോട്ടടിച്ചു

സജി ഫിലിപ്പ് തിരുവഞ്ചൂര്‍

രിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിനു അര്‍ഹമായ പ്രാധാന്യം നല്‍കുന്നവരെന്ന് അവകാശപ്പെടുമ്പോഴും ആത്മാവിനെക്കുറിച്ചുള്ള ശുദ്ധമായ ദര്‍ശനം ഉള്‍ക്കൊള്ളാനാവാത്തതാണു പെന്തെക്കോസ്തു സഭകളുടെ ഇന്നത്തെ പ്രതിസന്ധികള്‍ക്കു ഒരുപരിധിവരെ വഴിതെളിച്ചത്. എല്ലാവരും പരിശുദ്ധാത്മസ്നാനം പ്രാപിക്കണമെന്ന നിഷ്കര്‍ഷ പുലര്‍ത്തുമ്പോള്‍ തന്നെ, അത് എന്തിനാണെന്നു വ്യക്തമായി മനസിലാക്കാതെപോയി. സഭയെ ഒരുമിപ്പിച്ചുനിര്‍ത്തി പ്രേഷിതപ്രവര്‍ത്തനത്തിനു വഴികാണിക്കുകയും ശക്തിപകരുകയുമാണു പരിശുദ്ധാത്മാവ് ചെയ്യുന്നത്. സഭയുടെ അഖണ്ഡത പരിപാവനമാണെന്നും അതു കാത്തുസൂക്ഷിക്കാനാണു പരിശുദ്ധാത്മസ്നാനം നമുക്കു നല്‍കിയതെന്നും തിരിച്ചറിയണം. "യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവില്‍ സ്നാനമേറ്റ്, ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു" എന്ന വേദവാക്യം നമ്മുടെ കണ്ണുകളില്‍ വേണ്ടവിധം ഉടക്കിയിട്ടില്ല. സിമിന്‍റ് എങ്ങനെ കല്ലിനെയും കട്ടയെയും കമ്പിയെയുമെല്ലാം യോജിപ്പിച്ചുനിര്‍ത്തി അവയെ ഒരു കെട്ടിടത്തിന്‍റെ ഭാഗമാക്കുന്നുവോ, അതുപോലെ വ്യത്യസ്ത സംസ്കാരത്തിലും ഭാഷയിലും സാമൂഹിക പദവിയിലുമുള്ള വ്യക്തികളെ പരിശുദ്ധാത്മാവ് ഒരു ശരീരമാക്കുമ്പോഴാണു പ്രേഷിതദൗത്യത്തിനുള്ള ധാര്‍മികശക്തി അതിനുണ്ടാകുക.

സഭകള്‍ തുണ്ടുതുണ്ടായി പരസ്പരം സ്പര്‍ദ കാണിക്കുമ്പോഴും ഒരേ സഭയ്ക്കുള്ളില്‍ തന്നെ ആഭ്യന്തരകലഹങ്ങള്‍ ശക്തിപ്പെടുമ്പോഴും പരിശുദ്ധാത്മാവിനു ആ സംഘത്തില്‍ എന്തു സ്ഥാനമാണുള്ളതെന്നു വിലയിരുത്തണം. പ്രാദേശിക വാദങ്ങള്‍ പരിശുദ്ധാത്മപ്രവര്‍ത്തനത്തിനു വിഘാതം സൃഷ്ടിക്കുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം. കേരളത്തില്‍ പെന്തെക്കോസ്തു ഉണര്‍വ് ഉണ്ടായപ്പോള്‍ ഏതാണ്ടു രണ്ടു പതിറ്റാണ്ടു മാത്രമേ പൂര്‍ണ അര്‍ത്ഥത്തില്‍ അതിന്‍റെ തനിമ നിലനിര്‍ത്താനായുള്ളൂ. ദേശീയവാദം, ഭാഷാവാദം, ജാതി, ഉപജാതി ചിന്തകള്‍ എന്നിവയെല്ലാം പിന്നീട് സഭയില്‍ കടന്നുകൂടി. ഇതിനെല്ലാം അപ്പുറത്താണു പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമെന്നു പൊതുവെ ആരും തിരിച്ചറിഞ്ഞില്ല. ഇവ  ചരിത്രത്തില്‍ ഉണ്ടാക്കിയ മുറിപ്പാടുകള്‍ വളരെയാണ്. ഇന്നും അതു തുടരുമ്പോഴും പരിശുദ്ധാത്മനിറവിലാണെന്ന പൊള്ളയായ വാദം നാം മുഴക്കുന്നു. നമ്മെ പുതിയ സ്വത്വബോധത്തിലേക്കും ദൗത്യനിര്‍വഹണത്തിലേക്കും നയിക്കാന്‍ പരിശുദ്ധാത്മാവിനു വിധേയപ്പെടുത്തുമ്പോള്‍ മാത്രമേ ക്രൈസ്തവജീവിതം അര്‍ഥപൂര്‍ണമാകൂ.  

ദൈവം പരിശുദ്ധാത്മാവിനാല്‍ നമ്മെ നിറച്ചതു ദൈവജനമെന്ന പുതിയ ദിശാബോധം നല്‍കാനാണ്. പരിശുദ്ധാത്മശക്തി നമുക്കു ലഭിച്ചതു ജനത്തോടു ദൈവവചനം പ്രസ്താവിച്ച് അവരെ അനുതാപത്തിലേക്കും അതുവഴി ദൈവരാജ്യത്തിലേക്കും നയിക്കാനാണ്. മാറിപ്പോകുന്ന കൃപാവരങ്ങള്‍ക്കു നാം അമിത പ്രാധാന്യം നല്‍കി. അവപോലും സഭയുടെ ആത്മികാഭിവൃദ്ധിക്കു വേണ്ടിയല്ല, വ്യക്തികളുടെ ഭൗതികവിഭവം വര്‍ധിപ്പിക്കുന്നതിനായി വകമാറ്റി വിട്ടു എന്നു പറയാം. പരിപാവനമായ ഒരു ധര്‍മം നിര്‍വഹിക്കാന്‍ ദൈവം നമുക്കു നല്‍കിയ അലൗകികവിഭവത്തെ സ്വന്തം നേട്ടങ്ങള്‍ക്കായി വിനിയോഗിക്കുന്നതു തികഞ്ഞ അപരാധമാണെന്ന് ആരു തിരിച്ചറിയും. ഭൗതികവിഭവം വര്‍ധിപ്പിക്കാന്‍ ദൈവം നമുക്കു നല്‍കിയ കായികശേഷി ഉപയോഗിച്ച് അധ്വാനിക്കുകയാണു വേണ്ടത്. പരിശുദ്ധാത്മശക്തിയെ ലാഭമുണ്ടാക്കാന്‍ ദുര്‍വിനിയോഗം ചെയ്യുന്നവര്‍ ഇതിനെല്ലാം കണക്കു പറയേണ്ടുന്ന ദിനങ്ങള്‍ വരുന്നുണ്ടെന്ന് അറിഞ്ഞിരിക്കുന്നത് നന്ന്.

Advertisement