സഭകളിലെ ഏകാധിപത്യ പ്രവണത: ഹോം സഭകൾക്ക് പ്രസക്തിയേറുന്നു 

സഭകളിലെ ഏകാധിപത്യ പ്രവണത: ഹോം സഭകൾക്ക് പ്രസക്തിയേറുന്നു 

പി.എസ്. ചെറിയാൻ

പെന്തെക്കോസ്ത് സഭകളുടെ പ്രാദേശിക ഭരണ സ്വഭാവത്തിന്റെ സുതാര്യതയ്ക്കു മങ്ങലേൽക്കുകയും ഏകാധിപത്യ ഭരണപ്രവണത സഭാന്തരീക്ഷം മലീമസമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ  സ്വയംഭരണ സംവിധാനത്തിൽ  മുമ്പോട്ടു പോകാൻ മിക്ക സഭകളും പുനരാലോചന ആരംഭിച്ചു.  സഭാ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുകയും ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിക്കപ്പെടാതെ പോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ്  അഫിലിയേഷൻ നിലനിർത്തിക്കൊണ്ടുതന്നെ  സ്വയം പര്യാപ്തതയിലും സ്വയംഭരണത്തിലും  മുമ്പോട്ട് പോകുവാൻ സഭകൾ  താല്പര്യപ്പെടുന്നത്.  ഈ ആശയം ഉൾക്കൊള്ളുന്ന  സഭാശുശ്രൂഷകന്മാരും  ദൈവശാസ്ത്ര ചിന്തകന്മാരും  സഭാപ്രതിനിധികളും  അനൗദ്യോഗിക കൂടിയാലോചനകൾ ആരംഭിച്ചുകഴിഞ്ഞു . 

വാർഷിക കൺവൻഷനിൽ പങ്കെടുക്കാനും പിരിവുകൾ നൽകാനും മാത്രമായി സഭാജനങ്ങളെ നേതൃത്വം ഉപയോഗിക്കുന്നു. ജനത്തിന്റെ അഭിപ്രായം മാനിക്കുകയോ തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യസ്വഭാവം സുതാര്യമായി നിലനിർത്തുകയോ ചെയ്യാത്ത സഭാനേതൃത്വനടപടികളിൽ വിശ്വാസ സമൂഹത്തിന് കടുത്ത  വിയോജിപ്പാണള്ളത്.  ഭൂരിപക്ഷം ദൈവദാസന്മാർക്കും സഭാ ജനങ്ങൾക്കും  പല പെന്തെക്കോസ്ത് സഭകളുടെയും ഇപ്പോഴത്തെ നേതൃത്വ സംവിധാനം ഗുണം ചെയ്യുന്നില്ല.  കേന്ദ്ര നേതൃത്വത്തോടുള്ള അഫിലിയേഷൻ നിലനിർത്തുകയും  പ്രാദേശിക സ്വതന്ത്ര ഭരണ സംവിധാനത്തിൽ മുൻപോട്ട് പോവുകയും ചെയ്യുന്നതിനെപ്പറ്റിയാണ് ഇപ്പോൾ മിക്ക സഭകളും ആലോചിക്കുന്നത്.  

പണവും സ്വാധീനവും ഉള്ളവർ അധികാരം പങ്കിട്ടെടുക്കുകയും അധികാര നിലനിർത്താൻ ഏതു മാർഗ്ഗവും സ്വീകരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇപ്പോൾ ഉണ്ട്. അർഹതയുള്ളവർ അവഗണിക്കപ്പെടുന്നു. സ്വജനപക്ഷപാതവും അധികാരമേൽക്കോമയും സഭയുടെ ജനാധിപത്യ സ്വഭാവത്തിന് കളങ്കമാണ്. ഇതിനുവേണ്ടി ഭരണഘടനയിൽ പോലും  പൊതുജനാഭിപ്രായം ആരായാതെ തിരുത്തലുകൾ വരുത്തുവാൻ ഉള്ള ശ്രമം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.  ദൈവ സഭകളുടെ ഭരണസംവിധാനം ദൈവവചനത്തിന് വിധേയപ്പെടുന്നതായിരിക്കണം. 

ആദിമ സഭയിലെ കുറ്റമറ്റ ശുശ്രൂഷാക്രമങ്ങളും ഭരണസംവിധാനങ്ങളും അപ്പൊസ്തല പ്രവർത്തികളുടെ പുസ്തകത്തിൽ കാണാം. ദൈനംദിന കാര്യങ്ങൾ നോക്കുന്നതിനും മേശമേലുള്ള ശുശ്രൂഷയ്ക്കും ജനങ്ങളാണ് ഏഴ് പേരെ കണ്ടെത്തിയത്.  ആത്മാവും ജ്ഞാനവും നിറഞ്ഞ നല്ല സാക്ഷ്യം ഉള്ളവരെയാണ് അവർ തിരഞ്ഞെടുത്തത്. ദൈവസഭയുടെ എല്ലാ ശുഷ്‌റൂഷകളും പരിശുദ്ധാത്മ നിയോഗം ഉള്ളവരാൽ നടത്തപ്പെടേണ്ടതാണ്. 

ഒരു സൊസൈറ്റിയായോ  ട്രസ്റ്റായോ രജിസ്റ്റർ ചെയ്യപ്പെട്ട  സംഘടന ദൈവ സഭയുടെ ഭൗതികരൂപം മാത്രമാണ്.  സ്വത്തുവകളുടെ സംരക്ഷണത്തിനും  വിഭവശേഷിയുടെ  സുഗമമായ വിതരണത്തിനും  ധനകാര്യ കണക്കുകൾ സൂക്ഷിക്കുന്നതിനും  രാഷ്ട്രത്തോടുള്ള കടപ്പാടുകൾ നിർവഹിക്കുന്നതിനുമുള്ള  സംവിധാനമാണത്.  ഭരണസംവിധാനങ്ങൾ ആത്മീയ ശുശ്രൂഷയുടെ  മഹിമയും തേജസും നഷ്ടപ്പെടുത്തുന്നതാകാൻ പാടില്ല  സഭ ദൈവത്തിൻ്റെ വകയായതിനാൽ അതിൻ്റെ എല്ലാ നടപടികളും പരിശുദ്ധാത്മനിയോഗത്താലും പ്രാർത്ഥനയാലും നടത്തപ്പെടണം. ജനാധിപത്യപരമായി തിരഞ്ഞെടുപ്പുകളും ഭരണനിർവഹണവും നടക്കുമ്പോൾ ത്തന്നെ സഭയുടെ പ്രമാണം ദൈവവചനമാണെന്ന ബോധ്യം ഉണ്ടായിരിക്കണം.  കർത്താവാണ്   സഭയുടെ നാഥൻ.  

ജനാധിപത്യത്തിൽ നിയമപരമായി ചില കാര്യങ്ങൾ കൃത്യമായി തോന്നിയാലും ധാർമികമായും വചനപ്രകാരവും   സത്യസന്ധമാണോ എന്നുകൂടെ പരിശോധിക്കണം. ചില കാര്യങ്ങൾ  സാങ്കേതികമായി കൃത്യമായിരിക്കും. പക്ഷേ, ധാർമികമായി തെറ്റായിരിക്കും.  നിയമ വ്യവഹാരങ്ങളും കോടതിവിധിയും മറ്റും പല തർക്കങ്ങൾക്കും പരിഹാരമാണെങ്കിലും ദൈവത്തിൻ്റെ സഭയെ സംബന്ധിച്ച് അത് വചനപ്രകാരമാണോ എന്നാണ് ചിന്തിക്കേണ്ടത്.  

പല സഭകളിലും നേതൃത്വസ്ഥാനത്തുള്ളവർ ഏകാധിപതികളായി മാറുകയും തങ്ങൾക്കു ശേഷം മക്കളെ നിയോഗിക്കുകയും ചെയ്തു സഭയെ കുടുംബ സ്വത്താക്കി മാറ്റുന്നു. പൊതുസഭയുടെ പണം ഉപയോഗിച്ച് നേതൃത്വം ആഡംബര ജീവിതം നയിക്കുന്ന സാഹചര്യത്തിൽ നേതൃത്വത്തിന്റെ കളിപ്പാവകൾ ആയി തുടരേണ്ടതുണ്ടോ എന്നാണ് പല മീറ്റിങ്ങുകളിലും ദൈവദാസന്മാരും വിശ്വാസികളും ഉയർത്തുന്ന ചോദ്യം.  

ആദിമനൂറ്റാണ്ടിൽ അപ്പൊസ്തലിക അധികാരത്തിൻ കീഴിൽ സഭകൾ സ്വതന്ത്രമായിരുന്നു. പ്രാദേശിക സഭയിൽ നിന്നാണ് മൂപ്പന്മാരെ നിയോഗിച്ചുവന്നത്. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ആരംഭ ഘട്ടത്തിലും ദേശത്ത് പട്ടക്കാരും കത്തനാരന്മാരും സഭാകാര്യങ്ങൾ നോക്കി വന്നു. പള്ളിയോഗത്തിനായിരുന്നു ഭരണാധികാരം. പിന്നീട് പാശ്ചാത്യവൽക്കരണത്തോടുകൂടെയാണ് അധികാര ശ്രേണികൾ ഉണ്ടായത്. ഏകാധിപത്യ ഭരണത്തിനെതിരെ പ്രതികരിച്ചാണ് പല സഭകളും സ്വതന്ത്രമായത്. പെന്തെക്കോസ്തിൻ്റെ കാര്യത്തിലും ചരിത്രാവർത്തനം ഉണ്ടാകാനാണ് സാധ്യത.  

സഭാധികാരസ്ഥാനങ്ങൾ ശുശ്രൂഷയ്ക്ക് വേണ്ടിയല്ല ധനസമ്പാദനത്തിനാണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത്.  ആത്മനിറവും അപ്പൊസ്തലിക അധികാരവും നഷ്ടപ്പെട്ടു. നേതാക്കൾ ജഡികന്മാരും തന്ത്രശാലികളും ആയി. ഗ്രൂപ്പുകൾ വളർത്തി സ്വന്തം കസേര ഉറപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്.  സഭയുടെ വിഭവശേഷി ജീവകാരുണ്യ  പ്രവർത്തനങ്ങൾക്ക് ഉപകരിക്കാതെ വരുന്നതുകൊണ്ട്  പല സഭകളും സ്വന്തം നിലയിലാണ് ജീവകാരുണ്യ സേവനങ്ങൾ ചെയ്യുന്നത്.  സഭാശുശ്രൂഷകന്മാർക്കോ സഭാജനങ്ങൾക്കോ ഉപകാരപ്രദമായ  പദ്ധതികളൊന്നും  സഭാനേതൃത്വം ആവിഷ്കരിക്കുന്നുമില്ല. ശുശ്രൂഷകന്മാരും ദൈവശാസ്ത്രജ്ഞന്മാരും  സഭാപ്രതിനിധികളും പങ്കെടുത്ത യോഗങ്ങളിൽ ഇത്തരം വിഷയങ്ങൾ ചർച്ച ആവുകയും  ഹോം ചർച്ച് മാതൃകയിൽ സഭാ ഭരണസംവിധാനം മാറ്റപ്പെടേണ്ടതിനെപ്പറ്റി ചിന്തിക്കുകയും ചെയ്തു. 

പെന്തെക്കോസ്ത് സഭകൾ മിഷനറി സഭകളാണ്. ഇടവക മിഷൻ പോലെ പ്രാദേശിക സഭയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സംവിധാനമാണ്  പലരും മുന്നോട്ടുവച്ച ആശയം. സഭാനേതൃത്വത്തെ തത്വത്തിൽ അംഗീകരിക്കുകയും ഗ്രൂപ്പിസത്തിനും രാഷ്ട്രീയത്തിനും അതീതമായി ആത്മീയ ശുശ്രൂഷയും  സുവിശേഷവേലയ്ക്കും പ്രാധാന്യം നൽകി സ്വയംഭരണ സംവിധാനത്തിൽ നിൽക്കുകയും ചെയ്യുവാനാണ് മിക്കവരും താല്പര്യപ്പെട്ടത്.

സഭയുടെ സാക്ഷ്യം നഷ്ടപ്പെടുത്താതെ അധികാര ദുർവിനിയോഗങ്ങൾക്ക് മറുപടിയായി പെന്തെക്കോസ്തു സഭാഭരണത്തിൽ വിപ്ലവകരമായ മാറ്റം വരുംനാളുകളിൽ ഉണ്ടാകും എന്നുതന്നെയാണ് പ്രതീക്ഷ.

Advertisement