അങ്ങനെ പരിണാമ സിദ്ധാന്തം പാഠപുസ്തകത്തിനു പുറത്ത് !

സജി മത്തായി കാതേട്ട്  | കവർ സ്റ്റോറി

അങ്ങനെ പരിണാമ സിദ്ധാന്തം പാഠപുസ്തകത്തിനു പുറത്ത് !

കവർ സ്റ്റോറി 

അങ്ങനെ പരിണാമ സിദ്ധാന്തം പാഠപുസ്തകത്തിനു പുറത്ത്!

സജി മത്തായി കാതേട്ട് 

ടുവിൽ എൻ.സി.ഇ.ആർ.ടി.യുടെ പാഠപുസ്കങ്ങളിൽ നിന്നും ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം പുറത്തായി. വിദ്യാർത്ഥികളെ ശാസ്ത്രപഠനത്തിന്റെ അടിസ്ഥാനപാഠമായി പഠിപ്പിച്ചുകൊണ്ടിരുന്ന സിദ്ധാന്തമാണ് ക്‌ളാസു മുറിയിൽ നിന്ന് പുറത്തായത്. സിലബസ് പരിഷ്കരണത്തിന്റെ പേരിലാണ് ഒരിക്കലും തെളിയിക്കാനാവാത്ത വരട്ടു സിദ്ധാന്തം എടുത്ത് കളഞ്ഞത്.

പ്രകൃതിയിലെ പല ജീവജാലങ്ങൾക്കും ഒരേ പൂർവികർ കാണാമെന്നും പരിണാമത്തിലൂടെയാണ് പുതിയ വർഗങ്ങൾ രൂപപ്പെടുന്നതെന്നുമാണ് ഡാർവിന്റെ കണ്ടെത്തൽ. മനുഷ്യൻ കുരങ്ങുകളിൽ നിന്ന് പരിണമിച്ചു എന്ന നിഗമനം ഡാർവിൻ തന്റെ പരിണാമസിദ്ധാന്തത്തിലൂടെ സമർത്ഥിക്കുന്നുണ്ടെങ്കിലും എന്നും അതു സംശയത്തിന്റെ മുൾമുനയിൽ തന്നെയായിരുന്നു.

പാഠപുസ്തകത്തിൽ നിന്നും പ്രാധാനമായും ഒഴിവാക്കിയ ഭാഗങ്ങൾ ഫോസിലുകൾ, പരിണാമത്തിന്റെ വിവിധ ഘട്ടങ്ങൾ, മനുഷ്യന്റെ പരിണാമം, ഭൂമിയിലെ ജീവന്റെ ഉദ്ഭവം, പരിണാമവും വർഗീകരണവും , ചാൾസ് റോബർട്ട് ഡാർവിൻ തുടങ്ങിയ ഭാഗങ്ങളാണ്. ശാസ്ത്രലോകത്ത് വലിയ തർക്കങ്ങൾക്കും വിപ്ലവങ്ങൾക്കും വഴിതെളിച്ച ഈ സിദ്ധാന്തം ദൈവത്തിന്റെ സൃഷ്ടിപ്പിനെ നിഷേധിക്കുന്നതും ചോദ്യം ചെയ്യുന്നതുമായിരുന്നതിനാൽ ക്രൈസ്തവലോകത്ത് എന്നും പടിക്കുപുറത്തായിരുന്നു സ്ഥാനം.

എല്ലാത്തരത്തിലും സഭകളിൽ മാറ്റി നിർത്തപ്പെട്ട ഈ സിദ്ധാന്തം പാഠപുസ്തകത്തിൽ നിന്നും മാറ്റിയത് ഏറെ സ്വീകാര്യമായെങ്കിലും എൻ.സി.ഇ.ആർ.ടി നടപടിക്കെതിരെ അക്കാദമി രംഗത്തെ പ്രമുഖർ അണിനിരന്നിട്ടുണ്ട്. ഈ സിദ്ധാന്തത്തെ ഒഴിവാക്കുന്നത് വിദ്യാർത്ഥികളുടെ ചിന്തകളിലും പഠനത്തിലും വലിയ കുറവായി മാറും എന്നാണ് ഇതിനായി രംഗത്തിറങ്ങിയ പ്രമുഖർ അഭിപ്രായപ്പെട്ടത്. അതിനിടെ പരിണാമ സിദ്ധാന്തത്തെ ഒഴിവാക്കിയത് ഏറെ മഹത്തരമെന്നാണ് ക്രൈസ്തവ സാഹിത്യ അക്കാദമി , ഇന്ത്യാ ദൈവസഭ സണ്ടേ സ്ക്കൂൾ , തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള വിവിധ ക്രൈസ്തവസംഘടനകൾ അഭിപ്രായപ്പെട്ടത്. 

അപ്പോൾത്തന്നെ, പരിണാമ സിദ്ധാന്തത്തെ ഒഴിവാക്കിയതിനെതിരെ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി എന്ന സംഘടനയുടെ നേതൃത്വത്തിൽ ശാസ്ത്രജ്ഞർ, ശാസ്ത്രാധ്യാപകർ, തുടങ്ങി 1800-ഓളം വിദഗ്ദർ സർക്കാരിന് തുറന്ന കത്തെഴുതി പ്രതിഷേധിച്ചു. എന്നാൽ എൻ.സി.ഇ.ആർ.ടി പ്രതികരിച്ചില്ല. 2023 - 24 അധ്യയനവർഷത്തിന്റെ ആരംഭത്തോടെ പുതിയ പുസ്തകങ്ങൾ വിതരണം ചെയ്യും.

Advertisement