പ്രത്യാശയുടെ പുതുവർഷം

പ്രത്യാശയുടെ പുതുവർഷം
varient
varient
varient

കവർ സ്റ്റോറി 

പ്രത്യാശയുടെ പുതുവർഷം

.

സന്ദീപ് വിളമ്പുകണ്ടം  

.

രിത്രത്തിന്റെ താളുകളിൽ സംഭവബഹുലമായ ഒരു വർഷം കൂടി നമ്മെവിട്ട് കടന്നു പോയി. പ്രപഞ്ചത്തിനും, സകല ചരാചരങ്ങൾക്കും ഒരു വയസ്സ് കൂടി പ്രായം ഏറി! കഴിഞ്ഞ വർഷങ്ങളിൽ, അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിക്കാതെ, കരയിലും, കടലിലും, കട്ടിലിലും ഒക്കെയായി പലരും കൊഴിഞ്ഞു പോയി. ചിലപ്പോഴൊക്കെ മരണം നമ്മേയും തൊട്ടുരുമി കടന്നുപോയിട്ടുണ്ട്. കണ്ണുനീരിന്റെയും, കനൽവഴികളുടെയും, മരുഭൂമി അനുഭവങ്ങളുടെയും, പൊട്ടിച്ചിരികളുടെയും, സന്തോഷങ്ങളുടെയും, സൗഹൃദങ്ങളുടെയും ഒക്കെ രസക്കൂട്ടുകൾ നിറഞ്ഞ ഒരു കാലഘട്ടം.

അതെ, ദൈവത്തിന്റെ അനന്തപരിപാലനയാൽ, പുതിയ വർഷത്തിലേക്ക് നാം കാലെടുത്ത് വെച്ചിരിക്കുകയാണ്. പുത്തൻ പ്രതീക്ഷയോടെ, പുതിയ തീരുമാനങ്ങളോടെ, പ്രാർത്ഥനയോടെ പുതിയ വർഷത്തിൽ യാത്ര തുടരാം. ഒപ്പം കഴിഞ്ഞകാലത്തെ ഓർത്ത് ദൈവത്തിന് നന്ദി പറയാം...

സമീപ ദിവസങ്ങളിലായി വീണ്ടും വെല്ലുവിളി ഉയർത്തുന്ന കൊറോണ നമ്മോട് പറയുന്നു, 'മനുഷ്യൻ സ്വന്ത ബുദ്ധിയിൽ പദ്ധതികൾ വിഭാവനം ചെയ്യുമ്പോഴും അന്തിമമായ തീരുമാനം കർത്താവിന്റെതാണ്.' ആയതിനാൽ ജീവിതത്തിൽ മാറ്റം വരുത്തേണ്ട മേഖലകൾ തിരിച്ചറിഞ്ഞ്, കർത്താവിങ്കലേക്കു നമുക്ക് കണ്ണുകൾ ഉയർത്താം. 

കഴിഞ്ഞുപോയ ജീവിതാനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, പുതിയ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത് കാൽചുവടുകൾ വെയ്ക്കാം. ജീവിതത്തിലെ ജയപരാജയങ്ങൾ വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി ആത്മീയമായും, ഭൗതികമായും ഉയരുവാൻ ഉതകുന്ന രീതിയിൽ ശ്രമിക്കാം.

നമ്മുടെ മനസ്സിനെ മുറിവേൽപ്പിച്ചതും കുളിരണിയിപ്പിച്ചതുമായ ഒത്തിരി ഓർമ്മകളും, അവസരങ്ങളും ഉണ്ടാവാം. നമ്മെ സന്തോഷിപ്പിച്ചവരുടെയും സങ്കടപ്പെടുത്തിയവരുടെയും ചിത്രങ്ങൾ. കൂടെനിന്നവരും ഒറ്റപ്പെടുത്തിവരും, പ്രോത്സാഹിപ്പിച്ചവരും നിരാശപ്പെടുത്തിയവരും, നമുക്ക് താങ്ങായിരുന്നവരും, അപ്രതീക്ഷിതമായി കണ്ടുമുട്ടിയവരും വേർപിരിഞ്ഞവരും, അതൊക്കെ ജീവിതത്തിൽ സ്വാഭാവികം മാത്രം. ആ തിരിച്ചറിവോടെ നല്ല ഓർമ്മകളെ മനസ്സിൽ സൂക്ഷിച്ച്, കയ്പുനിറഞ്ഞ അനുഭവങ്ങളെ മായ്ച്ചു കളയാം. കഴിഞ്ഞുപോയ സമയവും സാഹചര്യവും ഓർത്ത് സങ്കടപ്പെട്ടിട്ടു കാര്യമില്ല. 

ഈ പുതിയ വർഷം എന്തൊക്കെ സംഭവിക്കും എന്ന് അറിഞ്ഞുകൂടാ, കൊറോണയുടെ ആശങ്കകൾ വിട്ടുമാറുന്നില്ലെങ്കിലും പ്രതീക്ഷയോടെ, ദൈവ വിശ്വാസത്തോടെ, നമുക്ക് യാത്ര തുടരാം. പലവിധത്തിൽ കഷ്ടപ്പെടുകയും വേദനിക്കുകയും, വലയുകയും ചെയ്യുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാം, കൈ പിടിച്ച് കരകയറ്റാം. പാലിക്കാൻ പറ്റുന്ന തീരുമാനങ്ങളെടുക്കാം, പിടിവാശികളും സ്വാർത്ഥതയും ഉപേക്ഷിച്ച്, ക്ഷമയുടെ, സ്നേഹത്തിന്റെ പാഠങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കാം. പ്രാർത്ഥനയിൽ തീക്ഷ്ണതയോടെ മുന്നേറാം.

കണ്ണുനീരിന്റെയും, കനൽവഴികളുടെയും, മരുഭൂമി അനുഭവങ്ങളുടെയും, പൊട്ടിച്ചിരികളുടെയും, സന്തോഷങ്ങളുടെയും, സൗഹൃദങ്ങളുടെയും ഒക്കെ രസക്കൂട്ടുകൾ അനുഭവങ്ങൾ 2023 ലും പ്രതീക്ഷിക്കാം. നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ആവശ്യമായ ദൈവകൃപയ്ക്കായി യാചിക്കാം. എല്ലാവർക്കും പുതുവത്സരാശംസകൾ.....