തിരുത്തലുകൾ അനിവാര്യം
കവർ സ്റ്റോറി
തിരുത്തലുകൾ അനിവാര്യം
കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ഇവിടെ സ്ഥാപിതമായവയാണ് കേരളത്തിലെ മുഖ്യധാരാ പെന്തെക്കോസ്ത് സംഘടനകളെല്ലാം. ഭാരതത്തിലെ പെന്തെക്കോസ്തു വളർച്ചയ്ക്കും സഭാ മുന്നേറ്റത്തിനും സുവിശേഷ വ്യാപനത്തിനും ഈ പ്രസ്ഥാനങ്ങൾ നൽകിയ സംഭാവനകൾ വിലമതിക്കേണ്ടവയാണ്. അതാത് കാലയളവിൽ നേതൃത്വം നൽകിയവരുടെ ദർശനവും ദീർഘവീക്ഷണവും, വിശ്വാസ സമൂഹത്തിന്റെ ഐക്യതയും പൊതുസമൂഹത്തിൽ ഉൾപ്പെടെ അനവധി സ്വാധീനങ്ങൾ ചെലുത്തിയിട്ടുണ്ട്.
നൂറു വർഷങ്ങൾ പിന്നിട്ടതും ഇന്ത്യയിലെ സുവിശേഷീകരണത്തിനും സഭാ വളർച്ചയ്ക്കും ഗണ്യമായ സംഭാവനകൾ നല്കിയതുമായ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ കഴിഞ്ഞ ദിവസം ഇറക്കിയ പത്രക്കുറിപ്പ് ഏറെ ചിന്തനീയമായിരുന്നു. ഇതു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഏറെ പങ്കുവെയ്ക്കപ്പെടുകയും ചർച്ചചെയ്യപെടുകയും ചെയ്തിട്ടുണ്ട്.
കേളത്തിലെ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങൾക്ക് വിവിധ കാലഘട്ടത്തിൽ നേതൃത്വം നൽകിയവരുടെ പ്രവർത്തനങ്ങൾ പലപ്പോഴും വിലയിരുത്തലുകൾക്ക് വിധേയമായിട്ടുണ്ട്. അതൊക്കെ സഭാവളർച്ചയ്ക്കും ഓരോ സംഘടനയുടെയും സുതാര്യമായ ഭരണനിർവഹണത്തിനും കാരണമായിട്ടുണ്ട്. ഏകപക്ഷീയ നടപടികളും സ്വജന പക്ഷപാതവും തിരുത്തലുകൾക്ക് തയ്യാറാകാത്തതുമായ രീതികൾ എക്കാലത്തും സഭയുടെ വളർച്ചയേയും അന്തസിനേയും ഹനിക്കാൻ കാരണമായിട്ടുണ്ട്.
എല്ലാ പ്രസ്ഥാനങ്ങൾക്കും വിപുലമായ വാർഷിക സമ്മേളനങ്ങൾ (കൺവൻഷനുകൾ) നടക്കാറുണ്ട്. സംഘടനയുടെ വളർച്ചയ്ക്കും വിശ്വാസികളുടെ കൂട്ടായ്മയ്ക്കും ഇതു നല്ലതുതന്നെയാണ്. എന്നാൽ ഇതു നടത്തുവാൻ വേണ്ടി മാത്രം ആകരുത് ഭരണസമിതി. പതിറ്റാണ്ടുകൾ ചരിത്രമുള്ള സംഘടനകളെ സംബന്ധിച്ചെടുത്തോളം ഇതെല്ലാം വിപുലമായി തന്നെ നടന്നുകൊള്ളും. കേരളത്തിൽ നടക്കുന്ന സഭകളുടെ ജനറൽ കൺവെൻഷനിൽ പങ്കെടുക്കുന്ന അത്രതന്നെയോ അതിലേറെയോ വിശ്വാസികൾ സാക്ഷ്യം വഹിക്കുന്ന ആത്മീയ സംഗമങ്ങൾ ഇന്ത്യയുടെ മറ്റുപലയിടത്തും, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ ഉൾപ്പെടെ, സുവിശേഷത്തിനു അനുകൂല കാലാവസ്ഥയല്ലാത്ത ഇടങ്ങളിൽപ്പോലും നടക്കുന്നുണ്ട് എന്നതു എല്ലാവർക്കും അറിവുള്ളതാണ്. ഇത്തരം സമ്മേളങ്ങൾ നടത്തുന്നത് മാത്രമാകരുത് കേരളത്തിലെ സഭാഭരണം വിലയിരുത്തുന്നതിന് മാനദണ്ഡമാക്കേണ്ടത് . വാർഷിക സമ്മേളനങ്ങൾ മാത്രം നടത്തി ഇഷ്ടക്കാർക്ക് അവസരം കൊടുത്ത് സംതൃപ്തിയടയു ന്നതാകരുത് ഭരണ നേതൃത്വം.
വർഷങ്ങളായി സംഘടനയിൽ ആത്മാർഥമായി പ്രവർത്തിക്കുന്ന പ്രേഷിത കുടുംബങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും, വിശ്വാസ സമൂഹത്തെ ചേർത്ത് നിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കേളത്തിലെ വിവിധ സഭാ നേതൃത്വങ്ങൾ പരാജയപെടുന്നുണ്ടോ എന്ന് സംശയമുണ്ട്. വിശ്വാസ സമൂഹത്തിന്റെ ആത്മീക വർദ്ധനവിന് ഉതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നതിനോടൊപ്പം അവരുടെ ഭൗതീക ക്ഷേമ പ്രവർത്തനങ്ങൾക്കായും നേതൃത്വങ്ങൾ ശ്രമിക്കണം. സഭയുടെ സാമ്പത്തിക സുതാര്യത ചോദ്യംചെയ്യപ്പെടാൻ നേതൃത്വം ഇടം കൊടുത്ത് വിശ്വാസികളെ അസ്വസ്ഥരാക്കിയാൽ സംഘടനയുടെ മുൻപോട്ടുള്ള പ്രവർത്തനത്തെ ബാധിക്കാൻ സാദ്ധ്യതയേറെയാണ്. തുടർഭരണം ഉറപ്പിക്കാൻ കുറുക്കു വഴികൾ കണ്ടെത്താതെ സഭാ വളർച്ചയ്ക്കായും വിശ്വാസികളുടെയും സഹപ്രവർത്തകരുടെയും നന്മയ്ക്കായും പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് വിശ്വാസ ജനഹൃദങ്ങളിൽ ഇടം പിടിക്കാൻ നേതൃത്വം മുന്നിട്ടിറങ്ങണമെന്നാണ് സഭാ സ്നേഹികളുടെ താല്പര്യം.
കാലഘട്ടത്തിനനുസരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും, വിവര സാങ്കേതിക വിദ്യകളുടെ അനന്ത സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി സുവിശേഷീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനും നേതൃത്വങ്ങൾ സമയം കണ്ടെത്തിയാൽ ഗുണകരമാവും. നിലവിലെ സംവിധാനങ്ങളോട് പെന്തെക്കോസ്ത് യുവ സമൂഹം അകലം പാലിക്കുകയാണ്. അവരെ ചേർത്തുനിർത്തുന്നതിനും അവരുടെമനോഭാവം മനസിലാക്കി മാറ്റങ്ങൾ വരുത്തുന്നതിനും സഭയുടെ മുൻനിര പ്രവർത്തകർ മുന്നിട്ടിറങ്ങിയാൽ നാളെയെ സഭയെ നയിക്കാൻ നല്ലൊരു നേതൃത്വത്തെ വാർത്തെടുക്കാം.
എല്ലാ പ്രസ്ഥാനങ്ങളിലും വിവിധതലങ്ങളിലുള്ള പരിണിത പ്രജ്ഞരുടെയും ഭരണതലത്തിൽ കഴിവുതെളിയിച്ച സീനിയർ ശുശ്രൂഷകന്മാരുടെയും മുതിർന്ന വിശ്വാസികളുടെയും വലിയ ഒരു ഗണമുണ്ട്. അവരുടെ നിർദേശങ്ങൾ സ്വീകരിച്ച് സഭയുടെ വളർച്ചയ്ക്കായി നല്ലൊരു നാളേക്കായി പ്രവർത്തിക്കാൻ നേതൃത്വങ്ങൾ മുന്നിട്ടിറങ്ങട്ടെ.
Advertisement
Advertisement