18 കഴിഞ്ഞവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ

0
1373

ന്യൂഡൽഹി: കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള രജിസ്ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിൻ ആപ്പ് മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. മുൻഗണന വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവർക്കും രജിസ്ട്രേഷനായി പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവാക്സിൻ, കോവിഷീൽഡ് എന്നിവയ്ക്ക് പുറമെ റഷ്യൻ വാക്സിനായ സ്പുഡ്നിക്ക് വിയും ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

വാക്സിനേഷൻ പ്രക്രിയ വേഗത്തിലാകാൻ കൂടുതൽ സ്വകാര്യ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കും. തീയതിയും സമയവും ബുക്ക് ചെയ്യാൻ ആളുകളെ സഹായിക്കുന്നതിന് കോവിൻ പ്ലാറ്റ്ഫോമിൽ വാക്സിൻ ടൈം ടേബിൾ പ്രസിദ്ധീകരിക്കാൻ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും മേയ് ഒന്നുമുതലാണ് വാക്സിൻ നൽകിത്തുടങ്ങുക. വാക്സിൻ ഉത്പാദകരിൽനിന്ന് സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാനാവും. കോവീഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് ലഭിക്കുക. രാജ്യത്തെ മറ്റൊരു വാക്സിൻ നിർമാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക് തങ്ങളുെട കോവാക്സിന്റെ വിലയെക്കുറിച്ച് ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.

സ്വകാര്യ ആശുപത്രികൾ ഡോസിന് 250 രൂപ ഈടാക്കി നൽകുന്ന പ്രതിരോധ കുത്തിവെപ്പ് മേയ്മുതൽ ഉണ്ടാവില്ല. നിർമാതാക്കളിൽനിന്ന് സ്വകാര്യ ആശുപത്രികൾക്കും സംസ്ഥാന സർക്കാരുകൾക്കും നേരിട്ട് വാക്സിൻ വാങ്ങി കുത്തിവെപ്പ് നടത്താം.

ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 45 വയസ്സിനു മുകളിലുള്ളവർ എന്നിവർക്കായി സർക്കാർ തുടക്കത്തിൽ പ്രഖ്യാപിച്ച കുത്തിവെപ്പ് പദ്ധതി തുടരും. ജനുവരി 16-നാണ് രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയത്.

കോ – വിൻ വെബസൈറ്റിൽ എങ്ങനെ രജിസ്ട്രർ ചെയ്യാം:

1. cowin.gov.in സന്ദർശിക്കുക
2. സ്വയം രജിസ്ട്രർ ചെയ്യുക / പ്രവേശിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
3. നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകുക .
4. തുടർന്ന് , നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും , നൽകിയിരിക്കുന്ന സ്ഥലത്ത് ഒടിപി നൽകുക .
5. നിങ്ങൾ രജിസ്ട്രർ ചെയ്തുകഴിഞ്ഞാൽ , ആവശ്യമുള്ള തീയതിയിലും സമയവും നൽകുക.
നിങ്ങളുടെ കോവിഡ് -19 വാക്സിനേഷൻ പൂർത്തിയായ ശേഷം , ഒരു റഫറൻസ് ഐഡി ലഭിക്കും , അതിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

വാക്സിനേഷൻ രജിസ്ട്രേഷൻ സമയത്ത് ഇവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ കരുതണം: ആധാർ കാർഡ് ,പാൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, തൊഴിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം തൊഴിൽ കാർഡ്, പാസ്പോർട്ട്, ബാങ്ക് / പോസ്റ്റോഫീസ് നൽകുന്ന പാസ്ബുക്കുകൾ, പെൻഷൻ പ്രമാണം, സർക്കാർ / പബ്ലിക് ലിമിറ്റഡ് കമ്പനികൾ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്.

LEAVE A REPLY

Please enter your comment!
Please enter your name here