ക്രൈസ്തവ സാഹിത്യ രംഗത്തെ അനുപമ വ്യക്തിത്വം: കാനം അച്ചൻ്റെ വേർപാടിൽ അനുശോചിച്ച് സാഹിത്യ അക്കാദമി
കോട്ടയം: ക്രൈസ്തവ സാഹിത്യ രംഗത്തെ കൂടുതൽ ശക്തവും സജീവവുമാക്കിയ അനുപമ വ്യക്തിത്വമായിരുന്നു ആദർശ ധീരനായ കാനം അച്ചൻ എന്ന് ക്രൈസ്തവ സാഹിത്യ അക്കാദമി വിലയിരുത്തി. അദ്ദേഹത്തിൻ്റെ പ്രോത്സാഹനവും സഹകരണവും ക്രൈസ്തവ സാഹിത്യ അക്കാദമിക്ക് വിസ്മരിക്കാനാവില്ല.
കാനം അച്ചൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ചേർന്ന അക്കാദമിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ രക്ഷാധികാരി ഇവാ. ജെ.സി. ദേവ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ശക്തമായ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും വിശ്വാസ സമൂഹത്തെ നവീകരണത്തിലേക്കും ആത്മീയ ഉന്നതിയിലേക്കും നയിച്ച വ്യക്തിപ്രഭാവമായിരുന്നു കാനം അച്ചൻ. കരുത്തുറ്റ തൂലികയിലൂടെ താൻ ഉൾപ്പെട്ടു നിന്ന സമൂഹത്തിലെ മൂല്യച്യുതികൾക്കെതിരെ തിരുത്തൽ ശക്തിയായി അദ്ദേഹം പോരാടി.
കറപുരളാത്ത ജീവിതവും അനുകരണീയമായ ഒട്ടേറെ സ്വഭാവവൈശിഷ്‌ട്യങ്ങളുമാണ് കാനം അച്ചൻ്റെ പ്രഭാഷണങ്ങളെയും രചനകളെയും ജീവസുറ്റതാക്കിയതെന്ന് യോഗം വിലയിരുത്തി.
കൈസ്തവ സാഹിത്യ അക്കാദമി പ്രസിഡൻ്റ് ടോണി ഡി. ചെവുക്കാരൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, മറ്റു ഭാരവാഹികളായ പാസ്റ്റർ ബാബു ജോർജ് പത്തനാപുരം , എം. വി.ബാബു കല്ലിശ്ശേരി, ലിജോ വർഗീസ് പാലമറ്റം, സാം കൊണ്ടാഴി എന്നിവർ അനുസ്മരണങ്ങൾ പങ്കുവെച്ചു.