ദാതാവിനെ മറക്കുന്നവരുടെ ദുഃഖകരമായ അന്ത്യം

0
465

ദാതാവിനെ മറക്കുന്നവരുടെ ദുഃഖകരമായ അന്ത്യം

സി.വി.മാത്യു

മ്മുടെ ആഗ്രഹപ്രകാരം ദൈവം പ്രവര്‍ത്തിക്കയും നമ്മുടെ ആവശ്യങ്ങളെല്ലാം സാധിച്ചുതരികയും ചെയ്യണമെന്നു നാം ആഗ്രഹിക്കുന്നു. നമ്മുടെ താല്‍പര്യങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയോ, ദൈവത്തെ പഴിപറയുകയോ ആണ് സാധാരണയായി മനുഷ്യന്‍ ചെയ്യുക. ദൈവഹിതമെന്തെന്നു മനസിലാക്കി, തിരുഹിതത്തിനുവേണ്ടി കാത്തിരിക്കാന്‍ നാം മിനക്കെടാറില്ല. അതു നമ്മെ പരാജയത്തില്‍ കൊണ്ടെത്തിക്കും.
യൂദയുടെ ജീവിതം ഒരു ഉദാഹരണമാണ്. യേശുവിനോടു കൂടെ നടന്നാല്‍ സമൂഹത്തില്‍ വലിയ സ്ഥാനവും മാനവും ലഭിക്കുമെന്നു യൂദാ പ്രതീക്ഷിച്ചു. യേശു ഐഹികരാജ്യം ഇവിടെ സ്ഥാപിക്കുമെന്നും, അവിടെ ധനകാര്യമന്ത്രിയായി കാര്യങ്ങളെല്ലാം നിയന്ത്രിക്കാമെന്നുമാണു യൂദാ പ്രതീക്ഷിച്ചത്. അതു സാധിക്കാതെവന്നപ്പോള്‍ താന്‍ നിരാശനായി. ഒടുവില്‍ യേശുവിനെ കേവലം മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുക്കാന്‍ താന്‍ നിര്‍ബന്ധിതനായി. അവിടെയും ഒരു നേതൃത്വം യൂദാ പ്രതീക്ഷിച്ചിരുന്നിരിക്കും. ഒരു വലിയ ശത്രുവിനെ അറസ്റ്റുചെയ്യാന്‍ സഹായിച്ച വ്യക്തി എന്ന നിലയില്‍ ആ സമൂഹത്തില്‍ വലിയ സ്ഥാനം ലഭിക്കുമെന്നു യൂദാ കരുതിക്കാണും. പക്ഷെ, കണക്കൂകൂട്ടലുകള്‍ തെറ്റിയ യൂദാ വിനാശകരമായി അവസാനിച്ചു.
ആരുമറിയാതെ അവഗണിക്കപ്പെട്ടുകിടന്ന യൂദയെ സമൂഹത്തിലുയര്‍ത്തിക്കൊണ്ടുവന്നതു യേശുവാണ്. യേശുവിന്‍റെ സാന്നിധ്യവും സാമീപ്യവും സമ്പര്‍ക്കവും യൂദയെയും സഹശിഷ്യരെയും വലിയവരാക്കി. ആ ഉയര്‍ച്ച ഗുരുവിനുവേണ്ടി ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ട ഹതഭാഗ്യനാണു യൂദാ. മറ്റു ശിഷ്യന്മാര്‍ പലവിധത്തില്‍ കര്‍ത്താവിനുവേണ്ടി പ്രയോജനപ്പെട്ടപ്പോള്‍ ഗുരുവിനെ ഒറ്റിക്കൊടുത്ത് ഹീനമായ അന്ത്യത്തിനു യൂദാ പാത്രമായി എന്നതു ദുഃഖകരമത്രേ.
കര്‍ത്താവ് നമ്മെ വിവിധ സ്ഥാനങ്ങളിലാക്കിയിരിക്കുന്നു. ദൈവമക്കളായ നാം ദൈവം നല്‍കിയിരിക്കുന്ന സ്ഥാനമാനങ്ങളും പദവികളും കര്‍ത്താവിനെ ഉയര്‍ത്തുന്നതിനും ദൈവരാജ്യപ്രാപ്തിക്കുമാണോ  ഉപയോഗിക്കുന്നത്. അതോ കര്‍ത്താവില്‍ക്കൂടെ വളര്‍ന്ന നാം കര്‍ത്താവിനെ മറന്ന് സ്വയം ഉയര്‍ന്നുനില്‍ക്കുന്നതിന് ശ്രമിക്കുന്നവരോ, കര്‍ത്താവ് നമ്മെ വളര്‍ത്തി, അവനെ മറന്ന് സ്വയം ഉയര്‍ത്തി സ്വയനാശത്തിനു വിധേയരായിത്തീരാന്‍ നമുക്കിടയാകാതിരിക്കട്ടെ.   

LEAVE A REPLY

Please enter your comment!
Please enter your name here