ദൈവമക്കളില്‍ വിഗ്രഹങ്ങളോ?

0
1014

ദൈവമക്കളില്‍ വിഗ്രഹങ്ങളോ?

സി വി മാത്യു

വിഗ്രഹാരാധന ദൈവം വെറുക്കുന്ന പാപമായി തിരുവചനം രേഖപ്പെടുത്തിയിരിക്കുന്നു. പഴയനിയമ ന്യായപ്രമാണം വിഗ്രഹാരാധനയ്ക്കെതിരെ ശക്തമായ ഭാഷയില്‍ സംസാരിക്കുന്നു. വിഗ്രഹങ്ങളെ നീക്കിക്കളയാന്‍ തിരുവചനത്തില്‍ പലവട്ടം ആജ്ഞ നല്‍കിയിരിക്കുന്നതായി കാണാം. പുതിയനിയമം കുറെക്കൂടെ ശക്തമായ ഭാഷയില്‍ വിഗ്രഹാരാധനയ്ക്ക് എതിരായിത്തന്നെ സംസാരിക്കുന്നു. ദൈവത്തിനു കൊടുക്കേണ്ട മഹത്ത്വവും മാനവും ആരാധനയും വിഗ്രഹത്തിനു നല്‍കുന്നതിനു ദൈവം ആഗ്രഹിക്കുന്നില്ല. അതു മനുഷ്യനെ വഴിതെറ്റിക്കുകയും പാപത്തിന്‍റെ പാതയില്‍ ചരിക്കുന്നതിനു മുഖാന്തരമായിത്തീരുകയും ചെയ്യുമെന്ന സത്യം ദൈവം മുന്നമേകണ്ട് അതിനെതിരായി താക്കീതുനല്‍കിയിരിക്കയാണ്.
പുതിയനിയമ വിശ്വാസികള്‍ വിഗ്രഹാരാധനയെ പിന്‍താങ്ങുന്നവരല്ല. വിഗ്രഹങ്ങള്‍ക്കു ഭവനത്തിലും ആരാധനസ്ഥലങ്ങളിലുമെല്ലാം സ്ഥാനംനല്‍കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. വിഗ്രഹാരാധന വലിയ പാപമായിത്തന്നെ കണക്കാക്കുകയും അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നു. എന്നാല്‍, അതുകൊണ്ടു മാത്രമായോ?
കല്ലും മരവുംകൊണ്ടു നിര്‍മിച്ച വിഗ്രഹങ്ങള്‍ മാത്രമാണോ നാം വെറുക്കേണ്ടതും നമ്മില്‍നിന്ന് അകറ്റേണ്ടതും. വിഗ്രഹങ്ങള്‍ ജീവനുള്ള ദൈവത്തില്‍നിന്ന് മനുഷ്യനെ അകറ്റുന്നു. നമ്മിലുള്ള വിഗ്രഹസമാനമായ എല്ലാറ്റിനെയും നമ്മില്‍നിന്ന് അകറ്റേണ്ടതല്ലേ? വിഗ്രഹങ്ങളെക്കാള്‍ മറ്റുപലതിനും സ്ഥാനം നല്‍കുകയും അവയോടു പറ്റിച്ചേര്‍ന്നിരിക്കയും ചെയ്യുന്നതു ദൈവം ഇഷ്ടപ്പെടുന്നതാണോ?
നമ്മുടെ വസ്തുവകകളും സൗകര്യങ്ങളും നമ്മെ ദൈവത്തില്‍നിന്ന് അകറ്റുന്നുണ്ടോ? ആരാധനായോഗത്തിനു സംബന്ധിക്കാതിരിക്കേണ്ടതിനു നമ്മെ പ്രേരിപ്പിക്കുന്നതു നമ്മുടെ പണമോ മറ്റേതെങ്കിലും സൗകര്യമോ ആണെങ്കില്‍ അതിനുള്ള സ്ഥാനം വിഗ്രഹത്തിന്‍റെതല്ലേ? ദൈവവും ദൈവമക്കളും തമ്മിലുള്ള കൂട്ടായ്മയില്‍ നിന്നും സുവിശേഷപ്രവര്‍ത്തനങ്ങളില്‍ നിന്നും നമ്മെ മാറ്റിനിര്‍ത്തുന്ന സാഹചര്യങ്ങള്‍ക്ക് എന്തുപേരാണു നല്‍കേണ്ടത്? നമ്മെ ദൈവത്തില്‍നിന്ന് അകറ്റുന്ന എല്ലാറ്റിനെയും നമ്മില്‍നിന്ന് അകറ്റാന്‍ നാം പരിശ്രമിക്കണം.

യിസ്രായേല്‍മക്കളുടെ നാശത്തിനു ഭൗതികവിഗ്രഹങ്ങള്‍ മുഖാന്തരമായെങ്കില്‍ വേറെ രൂപത്തിലുള്ള വിഗ്രഹങ്ങള്‍ നമ്മുടെ നാശത്തിനു കാരണമാകാതിരിക്കാന്‍ നാം വളരെ ശ്രദ്ധിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here