അഹംഭാവം നാശത്തിന്‍റെ വിത്തുപാകുന്നു

0
1694

അഹംഭാവം നാശത്തിന്‍റെ വിത്തുപാകുന്നു

സി.വി.മാത്യു

സ്വന്തതാല്‍പര്യങ്ങള്‍ നടക്കാതെവരുമ്പോള്‍ അതൃപ്തിയുണ്ടാകുക സ്വാഭാവികമാണ്. ഞാന്‍, എന്‍റെ, എല്ലാം എന്നിലൂടെ തുടങ്ങിയ താല്‍പര്യങ്ങള്‍ കൂടുതലുള്ളവരില്‍ ഈ അതൃപ്തി പ്രകടമായി കാണാന്‍ കഴിയും. ഒരുപക്ഷേ, തങ്ങള്‍ ഉദ്ദേശിച്ചതിലും ഭംഗിയായി കാര്യങ്ങള്‍ നടന്നാലും ‘എന്‍റെ’ പ്രശസ്തിക്കു ക്ഷതമേല്‍ക്കുകയോ ‘ഞാന്‍’ ഉയര്‍ന്നുനില്‍ക്കാതിരിക്കുകയോ ചെയ്താലും ഈ അതൃപ്തി പ്രകടമായെന്നുവരാം. ഇത്തരം സാഹചര്യങ്ങളില്‍ വികാരജീവിയായ മനുഷ്യന്‍ കോപിക്കുകയോ തന്‍റെ വികാരം മറ്റുവിധത്തില്‍ പ്രകടിപ്പിക്കുകയോ ചെയ്യും. ചിലര്‍ക്ക് അപകര്‍ഷബോധം ഉണ്ടാകാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ മുഖാന്തരമാകും.
യോന ഇതിനു നല്ലൊരു ഉദാഹരണമാണ്. ദൈവികശുശ്രൂഷയ്ക്കുശേഷം ഏതൊണ്ടൊരു മാനസാന്തരത്തിലേക്കു നടത്തപ്പെട്ട യോനായില്‍ ‘അഹം’ഭാവം വീണ്ടും മുഴച്ചുനിന്നിരുന്നു. യഹോവയുടെ അരുളപ്പാട് രണ്ടാംപ്രാവശ്യം ഉണ്ടായ യോനാ വീണ്ടും നീനെവേയിലേക്കു പുറപ്പെട്ടു. പ്രസംഗവിഷയം ദൈവംതന്നെയാണു യോനയ്ക്കു നല്‍കിയത്.

മനസ്സില്ലാമനസ്സോടെയാണെങ്കിലും അതനുസരിച്ച യോന നീനെവേയുടെ പാപം ചൂണ്ടിക്കാണിച്ചു. ദൈവവചനം ശക്തിയായി പ്രവര്‍ത്തിക്കയും പട്ടണം മുഴുവന്‍ മാനസാന്തരത്തിലേക്കു നയിക്കപ്പെടുകയും ചെയ്തു.
വാസ്തവത്തില്‍ ഒരു സുവിശേഷകനും അത്യന്തം സന്തോഷമുണ്ടാകേണ്ട സന്ദര്‍ഭമാണിത്. പക്ഷെ, യോനായുടെ മുഖംവാടി. ഇതു തനിക്ക് അത്യന്തം അനിഷ്ടമായി.
ഞാന്‍ പറഞ്ഞത് അനുസരിക്കാതിരുന്ന ചിലരെങ്കിലും ആ പട്ടണത്തില്‍ നാശത്തിനു വിധേയരായെങ്കില്‍ എന്നു യോനാ ചിന്തിച്ചുകാണും. ദൈവം പറഞ്ഞതനുസരിച്ച് ജനം രക്ഷപ്പെട്ടതാണ് യോനായുടെ കോപത്തിനു കാരണം. യോനയുടെ ‘അഹം’ഭാവം ഉയരുന്നതിനു ഇടയായില്ല എന്നതു തന്നെയായിരുന്നു തന്‍റെ കോപത്തിനു കാരണം.
ഇന്നും നമുക്കു ചുറ്റും അനേകര്‍ ഇത്തരക്കാരുണ്ട്. ‘ഞാന്‍’ പറയുന്നതു നടക്കണം. അതിലും മെച്ചമായതു ദൈവം നല്‍കിയാലും അവര്‍ക്കു നീരസമുണ്ടാകും. ‘അഹം’ ഉയര്‍ന്നതാണു യോനായുടെ നിരാശയ്ക്കു കാരണം.
ഈ സ്വഭാവം നമുക്കുണ്ടോ? എന്‍റെ പേരിനും പ്രശസ്തിക്കുമാണോ നമ്മുടെ ജീവിതത്തിന്‍റെ പ്രസക്തി; അതോ ദൈവഹിതം നിറവേറുന്നതിലോ. ശാന്തമായി ചിന്തിച്ച് ഉത്തരം കണ്ടെത്തുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here