തുറന്നു സമ്മതിക്കുക
സി.വി.മാത്യു
കയ്യാലപ്പുറത്തു നിന്ന് ഉരുണ്ടു വീണ സാമാന്യം വലിയൊരു കല്ല് പെട്ടെന്നാണ് ബാലനായ ബാബുവിന്റെ ദൃഷ്ടിയിൽപ്പെട്ടത്. അതു പൂർവ സ്ഥാനത്തു കയറ്റി വയ്ക്കണമെന്നു ബാബു തീരുമാനിച്ചു കല്ലുരുട്ടി കയറ്റാനുള്ള ശ്രമം ആരംഭിച്ചു. വളരെ പരിശ്രമിച്ച് കുറെ മുകളിൽ എത്തിച്ചു. കുഴഞ്ഞ കൈകളിൽ നിന്ന് കൂടുതൽ ദൂരത്തേക്കു കല്ല് ഉരുണ്ടു പോയി. ബാബുവിനു നിരാശയും ദു:ഖവുമെല്ലാം തോന്നി. എങ്കിലും അവൻ ഒന്നു കൂടെ പരിശ്രമിക്കാൻ തീരുമാനിച്ചു. പക്ഷേ, കൂടുതൽ തളർന്നവശനായതല്ലാതെ കല്ല് ഉരുട്ടിക്കയറ്റി സ്വസ്ഥാനത്തു വയ്ക്കാൻ തനിക്കു കഴിഞ്ഞില്ല.
നിരാശനായ അവൻ ചുറ്റും നോക്കി. അതാ തന്റെ പപ്പാ അപ്പുറത്തു നിൽക്കുന്നു. ബാബുവിന്റെ പരിശ്രമമെല്ലാം ശാന്തനായി നോക്കി നിൽക്കുകയായിരുന്നു പിതാവ്. മകന്റെ താൽപര്യത്തിലും അകമഴിഞ്ഞ പരിശ്രമത്തിലും ആ പിതാവിനു മതിപ്പു തോന്നി.
” പപ്പാ, ഈ കല്ല് നമ്മുടെ കയ്യാലയുടെ മുകളിൽ നിന്ന് ഉരുണ്ടു വീണതാണ്. ഇതവിടെയൊന്നു കയറ്റി വയ്ക്കണം.” ബാബുവിന്റെ അടുത്തു കിടന്ന ആ കല്ല് അനായാസം ആ പിതാവ് പൂർവ സ്ഥാനത്തു കയറ്റി വെച്ചു. തനിക്കു കഴിഞ്ഞില്ലെങ്കിലും പിതാവ് ആ കൃത്യം നിർവഹിച്ചതിൽ ബാബുവിനു സന്തോഷം തോന്നി.
നമ്മൾ ആ ബാലനെ പ്പോലെയാണ്. നമുക്കു കഴിയാത്ത ഒരു പാടു കാര്യങ്ങൾ ചെയ്യാൻ നാം ശ്രമിക്കുന്നു. നമ്മെ സഹായിക്കാൻ സന്നദ്ധനായ കർത്താവ് നമുക്കു സമീപയുണ്ട്. ഒരു വാക്കു പറയേണ്ട താമസം അവിടുന്ന് അത് നിർവഹിക്കും. നമ്മുടെ കഴിവുകേടിനെക്കുറിച്ച് ബോധ്യമുണ്ടായിട്ടുപോലും സ്വയം കാര്യങ്ങൾ ചെയ്യാൻ പരിശ്രമിക്കുകയാണ് നാം. ഒടുവിൽ കുഴഞ്ഞവശരാകുമ്പോഴാണ് ദൈവ മുഖത്തേക്കു നോക്കുക. ആദ്യമേ നമ്മുടെ ആവശ്യം അരുമനാഥനായ കർത്താവിനോട് പറഞ്ഞാൽ എന്തെല്ലാം പ്രശ്നങ്ങളാണ് എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുക.
തക്കസമയത്ത് സഹായമരുളുന്ന കർത്താവിങ്കലേക്ക് നോക്കി ജയം നേടാൻ നമുക്കു പരിശ്രമിക്കാം, പരിശീലിക്കാം. സ്വയപ്രശംസയും വ്യർഥ ശ്രമങ്ങളും അടിയറ വെച്ച് ആവശ്യങ്ങൾ കർത്താവിനോട് തുറന്നു പറയാൻ അഭ്യസിക്കുന്നത് എത്ര അനുഗ്രഹമായിരിക്കും. നമുക്കതിനു കഴിയുമോ?
Advertisement