തങ്ങളെത്തന്നെ കാണാന്‍ കഴിയാത്തതു നിര്‍ഭാഗ്യകരം

0
845
ലഘുചിന്ത

തങ്ങളെത്തന്നെ കാണാൻ കഴിയാത്തതു നിർഭാഗ്യകരം

സി.വി.മാത്യു
കാണുന്നതിലെല്ലാം കൂറ്റമാരോപിക്കുക ചിലരുടെ സ്വഭാവമാണ്.
ഏതു കാര്യത്തിന്‍റെയും നല്ലവശം കാണുന്നതിനു മുന്‍പ് അവരുടെ ദൃഷ്ടിയില്‍പ്പെടുക അതിലെ കുറ്റവും കുറവുകളുമായിരിക്കും. എന്തെങ്കിലും ഒരുകാര്യം ചെയ്താല്‍ അതിലെ നന്മ കാണുകയില്ല, ഇന്നതുകൂടി വേണമായിരുന്നു, ഇങ്ങനെ ചെയ്യേണ്ടതായിരുന്നു എന്നിങ്ങനെ എപ്പോഴും പറയുന്ന ചിലരെയെങ്കിലും നാം കണ്ടിട്ടുണ്ടാകും. ഇത്തരം ദോഷൈകദൃക്കുകള്‍ എപ്പോഴും അപകടകാരികളാണ്. മറ്റുള്ളവരെ നോക്കുന്ന കണ്ണുകള്‍കൊണ്ട് അവരവരിലേക്കു സ്വയംനോക്കാനുള്ള കഴിവുകേടോ, മനസ്സുകേടോ ആണ് ഇവര്‍ക്കുള്ളത്. എല്ലാവരിലും എല്ലാറ്റിലും എപ്പോഴും കുറ്റം കണ്ടെത്തുന്നവര്‍ മനസിലാക്കേണ്ട ഒരു വസ്തുത, കുറ്റം മറ്റുള്ളവരിലല്ല, തങ്ങളില്‍ത്തന്നെയാണെന്നതാണ്. തങ്ങളെ കാണാനുള്ള കഴിവുകേടോ സ്വന്തകുറ്റം സമ്മതിക്കാനുള്ള മനസ്സുകുറവോ ഒക്കെയായിരിക്കും ഇവരെ ഭരിക്കുന്ന മനോവികാരം.
എല്ലാം എന്നില്‍ക്കൂടെ, എന്‍റെ നിര്‍ദേശം അനുസരിച്ച്, ഞാന്‍ ചിന്തിക്കുന്നതുപോലെ ചെയ്യണമെന്നു ശഠിക്കുന്ന ചിലരെയെങ്കിലും നാം കണ്ടിട്ടുണ്ടാകും. ഏതു നല്ലകാര്യം ചെയ്താലും ‘ഞാന്‍ പറയാത്തതുകൊണ്ട് അതു നന്നായില്ല’ എന്നു ചിന്തിക്കുന്നവരുണ്ട്. അവര്‍ ഏതിലും എന്തെങ്കിലും കുറ്റം കണ്ടുപിടിക്കയും ചെയ്യും. ചെതതിലുള്ള കുറ്റമല്ല, കാണുന്നവന്‍റെ ദോഷമാണതിനു കാരണം. മഞ്ഞനിറമുള്ള കണ്ണാടിധരിച്ചാല്‍ കാണുന്നവയ്ക്കെല്ലാം ആ നിറംതോന്നും. ആ നിറം കൈവന്നതല്ല. കണുന്ന മാധ്യമത്തിന്‍റെ നിറമാണ് ആ കാഴ്ചയ്ക്കു നിദാനം.
ദൈവജനം ഒരിക്കലും ദോഷൈകദൃക്കുകളാകരുത്. എന്നിലില്ലാത്ത എന്തെങ്കിലും നന്മ മറ്റൊരുത്തനില്‍ ഉണ്ടായിരിക്കും. ആ നന്മ കാണാനുള്ള ദൃഷ്ടിയാണ് ഒരു ദൈവപൈതലിനുണ്ടാകേണ്ടത്. അതിനെ ശ്ലാഘിക്കയും പ്രോത്സാഹിപ്പിക്കുകയുമാമാവശ്യം.
നമുക്കതിനു കഴിയാറുണ്ടോ? മറ്റുള്ളവരിലെ തിന്മയും ദോഷവും കുറവുകളും മാത്രമാണോ നാം കാണുന്നത്? എങ്കില്‍ കുറ്റമെവിടെ? അതു നമ്മില്‍ത്തന്നെയല്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here