ഹൃദയം നഷ്ടപ്പെട്ടവരാണോ നാം

0
731

ഹൃദയം നഷ്ടപ്പെട്ടവരാണോ നാം

സി വി മാത്യു

ചില വ്യക്തികളെക്കുറിച്ച് ” അദ്ദേഹത്തിനു മനസ്സാക്ഷിയില്ല”, “ഒരു മനുഷ്യത്വവുമില്ല” എന്നൊക്കെ പറയുന്നതു കേൾക്കാറുണ്ട്. ചില പെരുമാറ്റങ്ങൾ ആർക്കെങ്കിലും ഇഷ്ടപ്പെടാതെ വരുമ്പോൾ ഇത്തരം പരാമർശങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ, ചില വ്യക്തികളുടെ പെരുമാറ്റങ്ങളെക്കുറിച്ച് മിക്കവർക്കും പറയാനുള്ള അഭിപ്രായം ഇതായിരിക്കും. ദൈവമക്കളെ നോക്കി ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ ഉണ്ടാകുന്നതിനിടയായാൽ അതു ദു:ഖകരമത്രേ.

ഒരു വ്യക്തി രക്ഷിക്കപ്പെട്ടു കഴിഞ്ഞാൽ തന്റെ പഴയ ജീവിതത്തിനു വ്യത്യാസം വരേണ്ടതാണ്. പഴയ സ്വഭാവത്തിന് വ്യതിയാനം വരുന്നു. പഴയ ജീവിതരീതികൾക്കും ഉടുപ്പിനും നടപ്പിനും എന്നു വേണ്ട ജീവിതത്തിന്റെ എല്ലാ മേഖലകളിലും ചില വ്യത്യാസങ്ങൾ പ്രകടമായി കാണേണ്ടതാണ്. ജഡമയനായ പഴയ മനുഷ്യന് പരിവർത്തനം വന്നു പുതിയ മനുഷ്യൻ രൂപം പ്രാപിക്കുന്നു. പഴയ ജഡിക ജീവിതത്തിന് സാരമായ വ്യത്യാസം കാണാത്തവർ യഥാർഥത്തിൽ രക്ഷയുടെ അനുഭവമുള്ളവരാണോ എന്ന് സംശയിക്കുക സ്വാഭാവികം മാത്രമാണ്.

ഒരിക്കൽ ഒരു സഹോദരി മറ്റൊരു സഹോദരനെക്കുറിച്ച് ഇപ്രകാരം പറയുന്നത് കേൾക്കാനിടയായി : “പണ്ട് ഒരു ഹൃദയമുണ്ടായിരുന്നു, അത് കർത്താവിനു കൊടുത്തു. അതിനു ശേഷം ഹുദയമില്ലാതെയാണു ജീവിതം”. നർമ്മം കലർന്ന പരാമർശമാണെങ്കിലും പലരുടെ ജീവിതവും പ്രവർത്തനവും മറ്റും കാണുമ്പോൾ ഇത് തീർത്തും അർഥരഹിതമാണെന്ന് പറയാൻ ആകയില്ല.

ഒരു വ്യക്തി തന്റെ ഹൃദയം കർത്താവിങ്കലേക്ക് സമർപ്പിച്ചു നൽകുമ്പോൾ പുതിയ സ്വഭാവമുള്ള ഹൃദയം കർത്താവ് നൽകുകയാണ്. അഥവാ പഴയ ഹൃദയത്തിന് പരിവർത്തനം വരികയാണ്. എന്നൽ പലർക്കും പുതിയ ഹൃദയം ലഭിച്ചില്ലെന്നു മാത്രമല്ല, പഴയതു കൂടി നഷ്ടമായോ എന്നു പോലും സംശയം തോന്നിപ്പോകും.

ഓരോ വിശ്വാസിയും ശാന്തമായി സ്വന്ത ജീവിതത്തെ വിശകലനം ചെയ്തു വിലയിരുത്തുന്നത് കൊള്ളാം. നമ്മുടെ ജീവിതത്തെ നോക്കി മറ്റുള്ളവർ എന്തു സാക്ഷ്യമാണ് രേഖപ്പെടുത്തുക. പുതിയ ഹൃദയം പ്രാപിച്ചവരെന്നോ, അതോ ഹൃദയമേ നഷ്ടപ്പെട്ടവരെന്നോ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here