ലഘുചിന്ത
സഹജീവികളിൽ തിന്മയെക്കാൾ നന്മ കണ്ടെത്താൻ ശ്രമിക്കുക
സി. വി മാത്യു
പല നന്മകളുള്ള ഒരു മനുഷ്യനിലും നാം പലപ്പോഴും തിന്മകളായിരിക്കും കണ്ടെത്തുക. മനുഷ്യദൃഷ്ടികൾക്ക് നന്മയെക്കാളധികം തിന്മ കണ്ടെത്തുന്നതിനാണു കഴിവുള്ളത്. തീർച്ചയായും ദൈവം അങ്ങനെ ഉദ്ദേശിച്ചിരിക്കയില്ല. നോക്കുന്നവനിലുള്ള ന്യൂനതയായിരിക്കും ഇതിനു കാരണമായിത്തീരുന്നത്.
തിന്മയും ന്യൂനതയും കണ്ടെത്താനുള്ള ദൃഷ്ടി നല്ലതാണ്. പക്ഷേ അതെപ്പോഴും പ്രധാനമായും അവനവനിലേക്കു തിരിയുന്നവയായിരിക്കണം. നമ്മിലുള്ള ദൂഷ്യവശങ്ങൾ കണ്ടെത്തുന്നത് എപ്പോഴും നല്ലതാണ്. സ്വയം നന്നാകുന്നതിനും മറ്റുള്ളവർക്കു പ്രയോജനപ്രദമായ വിധം ജീവിക്കുന്നതിനും അതു സഹായകരമായിത്തീരും.
മനോഹരമായ നീലാകാശം – അവിടേക്കു നോക്കുന്ന മനുഷ്യന്റെ കണ്ണുകളിൽ മിക്കപ്പോഴും ഉടക്കുക ആകാശത്തിന്റെ ഭംഗിയായിരിക്കില്ല, എവിടെയെങ്കിലുമുള്ള കാർമേഘക്കീറുകളായിരിക്കും. നമുക്കു മുന്നിലുള്ള വെളുത്ത ചുമരിലേക്കു കണ്ണോടിക്കൂ. മനോഹരവും ആകർഷകവുമായ വെളുത്ത നിറത്തേക്കാൾ ആദ്യം നമ്മുടെ കണ്ണുകളിൽ പെടുക ആ ചുമരിൽ എങ്ങനെയോ വീണ കറുത്ത പുള്ളിയായിരിക്കും. ആ ചെറിയ പുള്ളിക്കുത്ത് കാണുന്നതല്ല ദോഷം, പ്രത്യുത വിസ്തൃതവും മനോഹരവുമായ വെളുത്ത ചുമർ കാണാത്തതാണ്. അതാണു സാധാരണ മനുഷ്യർക്കുള്ള ദോഷം.
നാം തിന്മ ദർശിക്കുന്നവരിൽ എത്രയോ നല്ല ഗുണങ്ങൾ അടങ്ങിയിരിക്കും. എപ്പോഴും കുറ്റം കണ്ടെത്തുന്ന ഏതെങ്കിലുമൊരു വ്യക്തിയെ ഉദാഹരണമായെടുക്കുക. അദ്ദേഹത്തെ സൂക്ഷ്മ നിരീക്ഷണങ്ങൾക്കു വിധേയനാക്കുക. നമുക്കില്ലാത്ത എത്ര നല്ല ഗുണങ്ങൾ അദ്ദേഹത്തിൽ കണ്ടെത്താൻ കഴിയും. ഒറ്റനോട്ടത്തിൽ ചിലപ്പോൾ തിന്മ കാണാൻ കഴിഞ്ഞെന്നിരിക്കും. എന്നാൽ, തിന്മയെ അതിജീവിക്കുന്ന, നമ്മിൽ ഇല്ലാത്ത നിരവധി നന്മകൾ അദ്ദേഹത്തിലുണ്ടായിരിക്കും. ആ നന്മകൾ കണ്ടെത്താനാണു നാം ശ്രമിക്കേണ്ടത്. അതിനു കഴിഞ്ഞാൽ അതൊരു വലിയ വിജയമായിരിക്കും. നമ്മുടെ ജീവിതം തന്നെ അനുഗ്രഹിക്കപ്പെടാൻ അതു കാരണമാകുകയും ചെയ്യും തീർച്ച.
നമ്മുടെ സഹോദരന്മാരിൽ, ശുശ്രൂഷകന്മാരിൽ, സ്നേഹിതരിൽ ഉള്ള നന്മകളാണോ അതോ തിന്മകളാണോ നമ്മുടെ ദൃഷ്ടിയിൽ ആദ്യം പെടുന്നത്? നന്മ ദർശിക്കാൻ നമുക്കിടയാകട്ടെ. അതു നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും..