അടഞ്ഞ വഴികൾ തുറക്കുന്ന ദൈവം – ഒരു അനുഭവപാഠം

0
1061

അടഞ്ഞ വഴികൾ തുറക്കുന്ന ദൈവം – ഒരു അനുഭവപാഠം

സി വി മാത്യു

ഒരു പഴയ അനുഭവം. വളരെ പ്രാർഥനയോടെയാണു കാറിൽ കയറിയത്. അന്നുച്ചയ്ക്കുള്ള വിമാനത്തിൽ സുഹൃത്തിന്റെ കുടുംബത്തെ യാത്രയയക്കാനുള്ള സംഘം. ബദ്ധപ്പാടുകൾ കൊണ്ടും നിയമം ശരിയായി അറിയാതിരുന്നതുകൊണ്ടും ടിക്കറ്റ് ‘റീ കൺഫേം ‘ ചെയ്യാൻ വൈകി. “ഓകെ” ആയിരുന്ന വെയിറ്റിംഗ് ലിസ്റ്റിലേക്കു മാറിയ വിവരം തലേ ദിവസം രാത്രിയാണ് അറിഞ്ഞത്. സ്നേഹിതനും കുടുംബവും വളരെ ദു:ഖിതരായി. രാത്രിയിൽ പലവട്ടം മുട്ടിപ്പായി പ്രാർഥിക്കാൻ അതു കാരണമായി. ശ്രമിച്ചു നോക്കാം. ചാൻസ് കിട്ടിയേക്കാം എന്ന ചിന്തയിലായിരുന്നു യാത്ര.

പെട്രോൾ പമ്പിൽ കയറിയപ്പോൾ അപ്രതീക്ഷിതമായ സമരം. കാർ തലേരാത്രി വളരെ വൈകിയെത്തിയതിനാൽ പെട്രോൾ കരുതാത്ത വിവരം ഞങ്ങൾ അറിഞ്ഞിരുന്നില്ല. അടുത്ത പമ്പ് ലക്ഷ്യമാക്കി യാത്ര തുടർന്നു.

പെട്ടെന്നാണ് എൻജിൻ ഓഫായത്. പെട്രോൾ കഴിഞ്ഞിരിക്കുന്നു. ദൂരം കുറയ്ക്കാൻ എളുപ്പവഴിയിലൂടെ ബൈപാസിലൂടെ യാത്ര ചെയ്തതു കൊണ്ട് ബസുകളൊന്നും ആ വഴി വരുന്നില്ല. സഹായത്തിനായി കൈകാണിച്ച ടാക്സികൾ സ്പീഡ് കുറയ്ക്കുക പോലും ചെയ്യാതെ കടന്നു പോയി. എങ്കിലും നിരാശരാകാതെ പുറകെ വന്ന ഒരു കാറിനു കൈ കാണിച്ചു. കുറെ പെട്രോൾ കടം തരണമെന്നു ഡ്രൈവർ അപേക്ഷിച്ചു. സമരത്തെക്കുറിച്ച് അറിയാതെ അടുത്ത പമ്പിൽ നിന്നു പെട്രോൾ എടുക്കാമെന്ന കണക്കുകൂട്ടലിൽ യാത്ര ആരംഭിച്ചതാണ് അവരും. നിവൃത്തിയില്ലാതെ കൈ മലർത്തിയ അവരും ഓടിച്ചു പോയി.

സമയം അധികരിക്കുന്നതു കൊണ്ട് സമയത്ത് എയർപോർട്ടിൽ എത്തിച്ചേരാനുള്ള സാധ്യതയും മങ്ങി തുടങ്ങി. എങ്ങനെയെങ്കിലും മടങ്ങിപ്പോകുക അല്ലാതെ മറ്റു മാർഗമൊന്നുമില്ല. എല്ലാ മുഖങ്ങളും മ്ലാനമായി. അപ്രതീക്ഷിതമായി എതിരെ വന്ന ഒരു കാർ ഞങ്ങളുടെ വാഹനത്തിനു മുൻപിൽ വന്നു നിന്നു. നേരത്തേ കടന്നു പോയ യാത്രക്കാർ എവിടെ നിന്നോ അവർക്കു പെട്രോൾ ലഭിച്ചപ്പോൾ ഞങ്ങളെ സഹായിക്കാൻ കുറച്ചു വാങ്ങിക്കൊണ്ടു വന്നതായിരുന്നു. ഒരു പരിചയവുമില്ലാത്തവരുടെ സഹായത്തിൽ അത്ഭുതം തോന്നി. അവർക്കു നന്ദി പറഞ്ഞ് ദൈവ നടത്തിപ്പാണെന്നു കരുതി കഴിയുന്നത്ര വേഗത്തിൽ യാത്ര തുടർന്നു. എയർപോർട്ടിൽ വിവരമന്വേഷിച്ചപ്പോൾ “ചാൻസില്ല” എന്ന മറുപടി. വീണ്ടും നിരാശ. ഒടുവിൽ ലിസ്റ്റ് പരിശോധിച്ചപ്പോൾ ടിക്കറ്റ് ഓകെ.

ദൈവമക്കളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നന്മക്കായി രൂപാന്തരപ്പെടുത്താൻ കഴിവുള്ളവനാണു ദൈവമെന്നു വിശ്വസിക്കാൻ നമുക്കെപ്പോഴും കഴിയാറുണ്ടോ? അനുഭവങ്ങൾ പഠിപ്പിക്കുന്ന സത്യം അതാണ്. പക്ഷേ, നാം ചെയ്യേണ്ട കാര്യങ്ങൾ സമയത്തു ചെയ്യാതിരുന്നാലും ദൈവത്തെ പഴി പറയാനാണു നാം ശ്രമിക്കാറ്. എന്നാലും കാരുണ്യവാനായ ദൈവം നമ്മെ കൈവിടുകയില്ല. നമ്മുടെ അനുഭവങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം.

ദൈവം എത്ര നല്ലവൻ!

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here