ഓർമ്മകളിൽ ടി പി സാർ

0
1115

അനുസ്മരണം:

ഓർമ്മകളിൽ ടി പി സാർ

സജോ തോണിക്കുഴിയിൽ

ന്നോ രണ്ടോ വാക്കുകളിലോ, വരികളിലോ ഒതുക്കാവുന്നതല്ല ടി പി സാറിൽ നിന്നും എനിക്ക് കിട്ടിയ നല്ല അനുഭവങ്ങളും പാഠങ്ങളും …
വചനപഠനത്തിനായി ഡൂലോസിൽ എത്തിയ അന്നുമുതൽ എനിക്കു സാറിൽ നിന്ന് ലഭിച്ച അംഗീകാരങ്ങളും അനുഗ്രഹങ്ങളും ഏറെയാണ്…
പഠനകാലത്തു അവധി ദിവസങ്ങളിൽ എല്ലാ വിദ്യാർത്ഥികളും അവരുടെ വീടുകളിൽ പോയപ്പോൾ ഞാൻ വീട്ടിൽ പോകാതെ കോളേജിൽ തന്നെ താമസിച്ചത് എന്റെ ആത്മീയജീവിതത്തിന്റെ മറ്റൊരു വഴിത്തിരിവായിരുന്നു…പകൽ സമയങ്ങളിൽ ചെറിയ ജോലികൾ ചെയ്‌തും മക്കളായ ഇമ്മാനുവേലിനോടും ഗ്രേസിനോടും ഒപ്പം കളിച്ചും ലൈബ്രറിയിൽ കയറി പുസ്തകങ്ങൾ വായിച്ചും സമയംപോക്കും വൈകുന്നേരങ്ങളിൽ സാറും അമ്മാമ്മയും പോകുന്ന യോഗസ്ഥലങ്ങളിൽ എന്നെയും കൊണ്ടുപോകുകയും അദ്ദേഹത്തിന് ലഭിച്ച സമയത്തിന്റെ ആദ്യത്തെ 5 മിനിറ്റു എനിക്ക് നൽകുകയും ചെയ്യും, അത് പൊതുവിലുള്ള എന്റെ പ്രസംഗത്തിന്റെ ആദ്യപടിയായിരുന്നു….
ആ നാളുകളിൽ ആരംഭിച്ച പ്രവർത്തനങ്ങളായിരുന്നു ഐരാപുരം, വെമ്പള്ളി എന്ന സ്ഥലങ്ങളിലുള്ള ഇന്നത്തെ സഭകൾ, അവിടങ്ങളിൽ നടന്ന സുവിശേഷയോഗങ്ങളിൽ പാടാൻ അവസരമൊരുക്കിയത് ബഹുമാനപെട്ട സാർ ആയിരുന്നു…
സാർ പ്രസംഗിക്കുന്നയിടത്തു ഞാൻ പാടാനുണ്ടെങ്കിൽ എന്റെ പേരെടുത്തു പ്രത്യേകം പറഞ്ഞു ഉത്സാഹിപ്പിക്കുമായിരുന്നു
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് ഏറെ അനുഗ്രഹങ്ങൾ,അവസരങ്ങൾ, അംഗീകാരങ്ങൾ ലഭിച്ചത് സാറിന്റെ സ്നേഹവും കരുതലുമായിരുന്നു എന്നത് നന്ദിപൂർവ്വം ഓർക്കുന്നു…
അതുകൊണ്ടുതന്നെ സംഗീതശുശ്രുഷയിൽ ദൈവം ഉപയോഗിച്ച് തുടങ്ങിയപ്പോൾ സാറിനോടുള്ള ബഹുമാനാർത്ഥവും പഠിച്ചകോളേജിനോടുള്ള സ്നേഹത്തിലും സംഗീതവിഭാഗത്തിനു ഡൂലോസ് വോയ്‌സ് എന്നും പിന്നീട് ഡൂലോസ് സിംഗേഴ്സ് എന്നും പേരിട്ടത്. കഴിഞ്ഞ 19വർഷമായിട്ടു അത് തുടരുവാൻ ദൈവംകൃപചെയ്യുന്നു..

എന്റെ ഗ്രാജുവേഷന് ശേഷം ഇന്ന് ആലുവയിൽ ശുശ്രുഷിക്കുന്ന ജോസഫ് പാസ്റ്റർ അന്ന് ശുശ്രുഷിച്ചിരുന്ന കട്ടപ്പന ടൗൺ ചർച്ചിലെ സഹശുശ്രുഷകനായി പോകുവാൻ സാർ പറഞ്ഞു, അവിടേക്ക് പോകുവാൻ നിയോഗമില്ലെന്നു ഞാൻ പറഞ്ഞപ്പോൾ എങ്കിൽ നിയോഗംകിട്ടും വരെ ഇവിടെ നിൽക്കു എന്നനുവാദം തന്നു.
ആ സമയങ്ങളിൽ വെളിപ്പാടുപുസ്തകം, സമാഗമനകൂടാരം എന്നിവയുടെ ചാർട്ട് ടി എം ജോസിനോടൊപ്പം വരക്കുന്ന സമയത്താണ് പാസ്റ്റർ ജോസ് ജോസഫിനൊപ്പം വായ്കരയിലെ പ്രവർത്തനത്തിന് സാർ പ്രാർഥിച്ചയക്കുകയും ചെയ്തത്.

എന്റെയൊപ്പം സാമ്പത്തിക സപ്പോർട്ട് ലഭിച്ചിരുന്ന80/ ആളുകളുടെയും സപ്പോർട്ട് നിർത്തിയപ്പോൾ എന്നേ വിളിച്ചുവരുത്തി സജോയുടെ സപ്പോർട്ട് വന്നു വാങ്ങികൊള്ളൂ എന്ന് പറഞ്ഞത് ഇന്നും തുടരുന്നു, ആ ഇടപെടൽഇന്നും എനിക്കേറെ ആശ്വാസമാണ്…

എന്റെ വിവാഹം സാറിന്റെയും അമ്മാമ്മയുടെയും ഉപദേശപ്രകാരമായിരുന്നു ആ കോളേജിലെ തന്നെ ആദ്യത്തെ ലേഡീസ് ബാച്ചിലെ പെൺകുട്ടിയെ ആലോചിക്കുകയും വിവാഹം നടത്തിത്തരികയും ചെയ്തത് നന്ദിയോടെ ഓർക്കുന്നു…

ആദ്യമായി എഴുതിയ ട്രാക്ട് സാറിനെ ക്കാണിച്ചപ്പോൾ എന്റെ തോളിൽ കൈവച്ചു അനുഗ്രഹിച്ചു പ്രാർത്ഥിച്ചു പറഞ്ഞതു പ്രീയ മകന്റെ എഴുത്തു അനേകർക്കനുഗ്രഹമാകട്ടെ എന്നാണ്
അത് ഇന്നെന്റെ ജീവിതത്തിൽ സംഭവിക്കുന്നു, പിന്നീട് ഒൻപതോളം വിഷയങ്ങളിൽ ട്രാക്ട്എഴുതി ആയിരങ്ങൾക്ക് കൊടുക്കാൻ സാധിച്ചു.

തിരിച്ചറിവ് എന്ന ആദ്യ ചെറുപുസ്തകത്തിനു അവതാരിക എഴുതുകയും പ്രിന്റിങ്ങിനു ഇതിരിക്കട്ടെ എന്നുപറഞ്ഞു ആയിരം രൂപയും തന്നതും ഇന്നെന്നപോലെ നന്ദിയോടെ ഓർക്കുന്നു…

പാസ്റ്റർ ബിജു ജോസഫിലൂടെ (തൃശൂർ) ശാരോൻ ഫെല്ലോഷിപ്പിന്റെ പ്രധാനവേദിയിൽ ശുശ്രുഷിക്കുവാൻ അനേകവട്ടം അവസരമുണ്ടായപ്പോൾ അതുകണ്ടു സാറും അമ്മാമ്മയും ഒരിക്കൽ തിരുവല്ല സ്റ്റേഡിയത്തിൽ വച്ച്, “നിങ്ങളെപോലുള്ളവരാണ് ഡൂലോസിന്റെ അഭിമാനം” എന്ന് പറഞ്ഞത് നിറകണ്ണുകളോടെ ഓർക്കുന്നു…

എനിക്കും ഭാര്യക്കും എന്റെ ഏക സഹോദരിക്കും എന്റെ സഭയിലെ പല സഹോദരങ്ങൾക്കും വചന പഠനത്തിന് അവസരം നൽകിയതിനും ഞങ്ങളെ ഇന്നത്തെ ഞങ്ങളാകുവാൻ ഒരു മുഖാന്തിരവുമായ അങ്ങേക്ക് നന്ദി..

ഇനി ഒന്നും എഴുതുന്നില്ല..
മറ്റു ഓർമ്മകളില്ലാത്തത് കൊണ്ടല്ല…

സൗമ്യതയും, പ്രാർത്ഥനയും ,ദീർഘവീക്ഷണവും,തന്റെ മുഖമുദ്രയായിരുന്നു,

ദൈവത്തിൽനിന്ന് മഹത്തായതു പ്രതീക്ഷിക്കണം,
ദൈവത്തിനുവേണ്ടി മഹത്തായത് ചെയ്യണം എന്ന വില്യംകെറിയുടെ പ്രസ്താവനയെ പറഞ്ഞു പഠിപ്പിക്കുക മാത്രമല്ല ചെയ്തു കാണിക്കുകയും ചെയ്തു പ്രീയ സർ…

സുഖമില്ലാതായപ്പോൾ ഇടയ്ക്കിടെ പോയി കാണുവാനും സംസാരിക്കുവാനും മരിക്കുന്നതിന്റെ തലേ രാത്രി 9 മണിക്ക് പോയിക്കണ്ടു പ്രാർതഥിക്കുവാനും ഇന്ന് ബോഡി മോർച്ചറിയിലേക്ക് മാറ്റുന്നത് വരെയുള്ള കാര്യങ്ങളിൽ പങ്കെടുക്കുവാൻ അവസരമുണ്ടായതു ഭാഗ്യവും സന്തോഷവുമായി കാണുന്നു…

ഓർമ്മകൾ നമ്മുക്കും ആത്മാവ് ദൈവത്തിലേക്കും ശരീരം മണ്ണിനുമായി തീർന്നു, പക്ഷേ ഇവിടെ തീരുന്നില്ലല്ലോ ബന്ധം അവിടെ ആ ഭാഗ്യതീരത്തു ഞങ്ങൾ നേരിൽക്കാണും ഒരിക്കലും പിരിയാതെ പ്രാണ പ്രീയന്റെ പൊന്മുഖം കണ്ടാരാധിക്കും

സാർ അങ്ങു തന്ന അറിവും, അനുഗ്രഹവും, അവസരവും, മാതൃകയും മറക്കില്ലൊരിക്കലും ഉയിരുള്ള കാലത്തോളം…

അങ്ങു സമ്പാദിച്ച നൂറുകണക്കിന് പ്രഗത്ഭരായ ശിഷ്യ ഗണത്തിലെ ഒരുചെറു കണങ്ങൾ മാത്രമായ ഈ എളിയയവരുടെ ഹൃദയ പ്രണാമം അറിയിക്കുന്നു…

അമ്മാമ്മക്കും മക്കൾക്കും പ്രത്യാശയുടെയും സമാശ്വാസത്തിന്റെയും ഉറവിടമായ പ്രാണനാഥൻ കൃപ തരട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട്

ദൈവ മനുഷ്യനായിരുന്ന
എന്റെ പ്രഥമ ആത്മീയാചാര്യനെകുറിച്ചുള്ള നല്ല ഓർമ്മകൾക്കുമുന്നിൽ പ്രത്യാശയോടെ…

 

അനുസ്മരണം: ഡോ.റ്റി.പി.ഏബ്രഹാം സാർ ആത്മാർത്ഥതയുള്ള ദൈവമനുഷ്യൻ

ഏബ്രഹാം മന്ദമരുതി  (സൺഡേസ്കൂൾ ഡയറക്ടർ, ശാരോൻ ഫെല്ലോഷിപ്പ് ചർച്)

മ്മിൽ നിന്നും വിടവാങ്ങിയ ഡോ.റ്റി.പി.ഏബ്രഹാം സാറിനോട് എനിക്കുള്ള കടപ്പാട് വളരെയാണ്.1991 ൽ ബൈബിൾ കോളജ് വിദ്യാർഥിയായി തിരുവല്ലയിൽ എത്തുമ്പോഴാണ് ആദ്യമായി റ്റി.പി. സാറിനെ പരിചയപ്പെടുന്നത്. പിന്നീട്, പഠനശേഷം എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ആലുവയിലേക്ക് വരാൻ സാർ എന്നോടാവശ്യപ്പെട്ടു. അങ്ങനെ ആലുവയിലെത്തി ചില മാസങ്ങൾ സാറിനൊപ്പം ഗോസ്പൽ സെൻററിൽ താമസിച്ചു. അവിടെ നിന്നാണ് സഭാ ശുശ്രൂഷയുടെ തുടക്കം. പിന്നീട് റ്റി.പി .സാർ സഭയുടെ ജനറൽ സെക്രട്ടറിയായപ്പോൾ 13 വർഷം ഒപ്പം ഓഫിസിൽ പ്രവർത്തിച്ചു. ഇതിനിടയിൽ രണ്ടു പുസ്തകങ്ങളുടെ രചന സാറിനൊപ്പം നിർവ്വഹിച്ചു. ശുശ്രൂഷയിൽ, എഴുത്തിൽ, കൗൺസലിംഗ് പഠനത്തിൽ എല്ലാം റ്റി.പി. സാറിന്റെ പ്രോത്സാഹനം എന്നും എനിക്കുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ആലുവയിലെ ഭവനത്തിൽ ചെന്ന് കണ്ട് പ്രാർഥിച്ചിറങ്ങുമ്പോൾ സഭാ വ ളർച്ചയെക്കുറിച്ചും സഭാ സ്ഥാപനത്തെക്കുറിച്ചുമാണ് ഞങ്ങളോടു സംസാരിച്ചത്. യാത്ര പറഞ്ഞിറങ്ങുമ്പോൾ തന്റെ കയ്യിൽ പിടിച്ച് സ്തോത്രം ചെയ്യാൻ എന്നോടാവശ്യപ്പെട്ടു. ആത്മാർഥതയുള്ള ഒരു ദൈവമനുഷ്യനെ നമുക്ക് നഷ്ടമായിരിക്കുന്നു. ദു:ഖത്തിലായിരിക്കുന്ന ഏവരേയും കർത്താവ് ആശ്വസിപ്പിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here