നന്മ നിറഞ്ഞ സ്വാതന്ത്ര്യ ദിനാംശസകള്‍! 

0
1741

നന്മ നിറഞ്ഞ സ്വാതന്ത്ര്യ ദിനാംശസകള്‍! 

ഭാരതം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയതിന്‍റെ സ്മരണ പുതുക്കുന്ന ഒരു ദിനംകൂടെ കടന്നുപോകുകയാണ് ആഗസ്റ്റ് 15ന്. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനര്‍പ്പിച്ച വീരനായകന്മാരെ സ്മരിക്കാനും രാഷ്ട്രശില്പികളുടെ നവഭാരതസങ്കല്പം പൂര്‍ത്തിയാക്കാനുള്ള പ്രയത്നങ്ങളില്‍ ഒരു പടികൂടെ  മുന്നേറാനും ഈ സ്വാതന്ത്ര്യദിനം നമുക്കിടയാകട്ടെ.ലോകത്തിലെ ഏറ്റവും സുന്ദരമായ നാടാണു നമ്മുടെ ഭാരതമെന്ന ഗാനം ഓരോ ഭാരതീയന്‍റെയും സിരകളെ ത്രസിപ്പിക്കട്ടെ. നാനാത്വത്തിലെ ഏകത്വത്തിന്‍റെ സുന്ദരാവിഷ്കാരമാണു നമ്മുടെ നാട്. നമ്മുടെ സഹനവും പരസ്പരം ഉള്‍ക്കൊള്ളാനുള്ള മനോഭാവവും മതസഹവര്‍ത്തിത്തവുമൊക്കെ വളരെ പ്രസിദ്ധമാണ്. 

നവഭാരതസൃഷ്ടിയില്‍ ക്രൈസ്തവരുടെ ഭാഗം ചെറുതല്ല. ക്രൈസ്തവ മിഷനറിമാര്‍ സ്ഥാപിച്ച കോളേജുകളില്‍നിന്നു ലഭിച്ച വിദ്യാഭ്യാസവും ലോകവീക്ഷണവുമൊക്കെ ഭാരതീയന്‍റെ ദേശീയ ബോധം വളര്‍ത്തുന്നതിനു കാരണമായി. രാജ്യത്തിന്‍റെ ഉന്നതിക്കുവേണ്ടി ഇനിയും എന്തു ചെയ്യാനും ക്രൈസ്തവര്‍ പ്രതിജ്ഞാബദ്ധരാണ്. ക്രൈസ്തവര്‍ക്കു ആ നിലകളില്‍ പ്രവത്തിക്കാന്‍ അവസരമുണ്ടായത് ഇവിടത്തെ ഭൂരിപക്ഷ ജനതയുടെ മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള മനോഭാവമാണ്. രാജ്യത്തിന്‍റെ മിക്ക പട്ടണങ്ങളിലും ക്രൈസ്തവ ദൈവാലയങ്ങള്‍ പണിയുന്നതിനും സമാധാനത്തോടെ ആരാധിക്കുന്നതിനും സാവകാശമുണ്ട്. സഭയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും മറ്റും ഇന്‍ഡ്യയിലെ ജനവും ഭരണാധികാരികളും നല്‍കിയ സഹായസഹകരണങ്ങള്‍ക്ക് ക്രൈസ്തവ ജനത ഒന്നടങ്കം നന്ദിയുള്ളവരാണ്. 

എന്നാല്‍, സമീപകാലത്ത് ഭാരതീയരില്‍ മതസഹിഷ്ണുത കുറഞ്ഞു വരുന്നുവോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവര്‍ക്കും ഇതര മതന്യൂനപക്ഷങ്ങള്‍ക്കും നേരേ പലയിടങ്ങളിലും സംഘടിതമായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുണ്ട്. തീവ്രവാദികള്‍ സ്വൈരവിഹാരം നടത്തുന്നതിനെ തടയിടാന്‍ പലയിടത്തും ഭരണാധികാരികള്‍ പരാജയപ്പെടുന്നതായി തോന്നാം. പീഡനമേല്‍ക്കുമ്പോഴും പ്രാര്‍ഥനയോടെ അവ സഹിക്കുകമാത്രമാണു ക്രൈസ്തവര്‍ ചെയ്യുന്നത്. യേശുനാഥന്‍റെ വാക്കനുസരിച്ച് ക്ഷമിക്കുന്ന സമൂഹമായി സഭ നിലകൊള്ളുന്നു. ഭാരതത്തില്‍ ഏതെങ്കിലും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഒരു ക്രൈസ്തവ സഭയും പങ്കു കൊള്ളുന്നില്ല. സഭയുടെ മാതൃക ഉള്‍ക്കൊണ്ട് മറ്റു സമൂഹങ്ങളും  സമാധാനത്തിനു ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെടാന്‍ തയ്യാറായാല്‍ നമ്മുടെ  ഇന്ത്യയില്‍ അരക്ഷിതാവസ്ഥ കുറയുവാനിടയാകും. 

രാഷ്ട്രീയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും മതസൗഹാര്‍ദത്തിനു ഊന്നല്‍ നല്‍കുന്ന ജനതയായി വളരാന്‍ നമ്മുടെ പൗരന്മാര്‍ക്കു കഴിയട്ടെ. സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാതൃകാരാജ്യമായി വിളങ്ങാന്‍ ഭാരതത്തിനു എന്നും കഴിയട്ടെ. എല്ലാ ഭാരതീയര്‍ക്കും നന്മകള്‍ നിറഞ്ഞ സ്വാതന്ത്ര്യ ദിനാംശസകള്‍! 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here