പെന്തെക്കോസ്തു മാധ്യമവിചാരം

0
1786

എഡിറ്റോറിയൽ

പെന്തെക്കോസ്തു മാധ്യമവിചാരം

മാധ്യമങ്ങള്‍ക്ക് ആധുനികസമൂഹത്തിലുള്ള സ്ഥാനം അതുല്യമാണ്. രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കുന്നതിനും ഭരണ തലത്തില്‍ സ്വാധീനം ചെലുത്തുന്നതിനുംമറ്റും മാധ്യമങ്ങള്‍ക്കു നിഷ്പ്രയാസം കഴിയും. ഉദാഹരണങ്ങള്‍ നിരവധിയാണ്. ഉള്ളത് ഇല്ലെന്നു വരുത്തിത്തീര്‍ക്കാനും ഇല്ലാത്തത് ഉണ്ടെന്നു ധരിപ്പിക്കാനും മാധ്യമങ്ങള്‍ ശ്രമിക്കാറുണ്ട്. വ്യക്തികളുടെ പ്രതിഛായ വര്‍ധിപ്പിക്കുന്നതിനും, അതുപോലെ അവരെ തേജോവധം ചെയ്തു ഇല്ലായ്മ ചെയ്യുന്നതിനും ശ്രമിക്കുന്ന ചില മാധ്യമങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പെട്ടിരിക്കും. പാര്‍ട്ടികളുടെ മുഖപത്രമായി പ്രവര്‍ത്തിക്കുന്നതും വ്യക്തിതാല്പര്യങ്ങള്‍ക്കു മുന്‍തൂക്കം  നല്‍കുന്നതുമായ പ്രസിദ്ധീകരണങ്ങളുമുണ്ട്. ഇത്തരം ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുമ്പോള്‍ മാധ്യമങ്ങള്‍ സാമൂഹികഉത്തരവാദിത്തവും കടമകളും വിസ്മരിക്കപ്പെടുക സ്വാഭാവികമാണ്. അതു സമൂഹത്തില്‍ ഇവയ്ക്കുള്ള  അംഗീകാരം പരിമിതമാക്കുകയും ചെയ്യും. വ്യക്തിതാല്പര്യങ്ങളോ രാഷ്ട്രീയലക്ഷ്യങ്ങളോ കൂടാതെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളേ സമൂഹത്തിനു നന്മ ചെയ്യൂ.
ഇന്നു നമുക്കും ധാരാളം ആനുകാലികങ്ങളും ദൃശ്യമാധ്യമങ്ങളുമുണ്ട്. എന്നാല്‍, എല്ലാം ഒരേ ചട്ടക്കൂട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുകയാണ്. ഇതിനൊരു മാറ്റം വരണം എന്ന ചിന്തയില്‍നിന്നാണു പുതിയവ പലതും ഉണ്ടാകുന്നത്. നിലവിലുള്ളവയുടെ അപാകതകള്‍ പരിഹരിച്ച് പുത്തന്‍ ശൈലിയും സംസ്ക്കാരവും രൂപപ്പെടുത്തുമെന്ന അവകാശവാദത്തോടെയാണു പുതിയവ ഓരോന്നും ആരംഭിക്കുന്നതെങ്കിലും കാലാന്തരത്തില്‍ അവയും മുമ്പുണ്ടായിരുന്നവയുടെ ആവര്‍ത്തനമായിത്തീരുന്നതു നാം കണ്ടിട്ടുണ്ട്. ജനത്തിന്‍റെ വര്‍ത്തമാനകാല ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ മാധ്യമങ്ങള്‍ അവ പരാജയപ്പെട്ടിരിക്കുമ്പോള്‍ ജനം തികച്ചും അവജ്ഞയോടെ നിര്‍ദാഷണ്യം അവയെ തള്ളിക്കളയുന്ന കാഴ്ചയും പെന്തെക്കോസ്തു പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ പുതുമയല്ല. പിന്നീട് അവ പരിചിതമല്ലാത്ത മറ്റു മേഖലകളിലേക്ക് കടക്കാന്‍ ശ്രമിക്കും. അവിടെയും നിലനില്പ് അവതാളത്തിലാകുമ്പോള്‍ എങ്ങനെയും വച്ചൊഴിഞ്ഞ് തടികേടാകാതെ രക്ഷപ്പെടാനാവും പിന്നീടുള്ള ശ്രമം.


ക്രൈസ്തവ മാധ്യമങ്ങള്‍ക്കു ആത്മീയമായ ഒരു ലക്ഷ്യമുണ്ടായിരിക്കണം. ദൈവരാജ്യത്തിന്‍റെ വ്യാപനവും ദൈവജനത്തിന്‍റെ ആത്മീയ അഭ്യുന്നതിയുമായിരിക്കണം അവയുടെ ലക്ഷ്യം. സഭയില്‍ രാഷ്ട്രീയക്കാരെ വളര്‍ത്തുന്നതും, ആത്മീയരെ തളര്‍ത്തുന്നതും മാധ്യമങ്ങളുടെ ജോലിയാകരുത്. ആത്മീയനേതാക്കളെ കണ്ടെത്തേണ്ടതു സഭയുടെ ചുമതലയാണ്. അവരെ വളര്‍ത്തേണ്ടതു പരിശുദ്ധാത്മാവിന്‍റെ ദൗത്യമാണ്. ഇതിനു പകരം  ഇല്ലാത്ത ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടി  നേതാക്കളെ സൃഷ്ടിക്കുന്നതു സഭയുടെ വളര്‍ച്ചയ്ക്കല്ല, തളര്‍ച്ചയ്ക്കും നാശത്തിനും മാത്രമേ കാരണമാകു.


ഈ പശ്ചാത്തലത്തില്‍ നാം ഒരു വീണ്ടുവിചാരത്തിനൊരുങ്ങണം. എഴുത്തിന്‍റെയും വായനയുടെയും ദൃശ്യശ്രവ്യങ്ങളുടെയും പുത്തന്‍ തലങ്ങള്‍ രൂപപ്പെടുത്തുവാന്‍ ക്രിസ്തീയ മാധ്യമങ്ങള്‍ക്കു കഴിയുന്നുണ്ടോ? – ചിന്തിക്കേണ്ടതാണ്. പറയുവാന്‍ ഒഴികഴിവുകള്‍ വളരെയേറെയുണ്ടാകാം. എന്നാല്‍, ജനത്തിന് അതൊന്നും കേള്‍ക്കേണ്ട കാര്യമില്ല. അവരെ നയിക്കുവാന്‍, അവരുടെ ആത്മീയ പ്രശ്നങ്ങളില്‍ തുണയാകുവാന്‍ ആരെങ്കിലുമുണ്ടോ എന്നാണവര്‍ അന്വേഷിക്കുന്നത്. ഇവിടെ മാധ്യമങ്ങള്‍ കാലഘട്ടത്തിലെ ദൈവിക പ്രകാശവും ലവണവുമാകണം. അതിനുപകരം, വ്യക്തികള്‍ക്കിടയില്‍ ഭിന്നതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഉപാധിയായി നമ്മുടെ മാധ്യമങ്ങള്‍ തീരരുത്. പകരം സമൂഹത്തില്‍ പരിവര്‍ത്തനത്തിനു പ്രചോദനമായി മാറാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. ജനത്തെ ആത്മീയ സംസ്കാരത്തിലേക്കു പിടിച്ചുയര്‍ത്തുന്നതാകണം അതിന്‍റെ ലക്ഷ്യം.
ഇവിടെ സാഹിത്യസമിതികളും മാധ്യമപ്രവര്‍ത്തക കൂട്ടായ്മകളും  ധാരാളമുണ്ട്. എന്നാല്‍ കാലാനുസൃതമായ വായന, ദൃശ്യ അനുഭവങ്ങളിലേക്ക് വായനക്കാരെയും പ്രേക്ഷകരെയും നയിക്കുവാന്‍, അവരെ നവമാനവികതയുടെ ഉന്നതശൃംഗങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി, ഒരു മാറ്റത്തിനു കളമൊരുക്കുന്നതില്‍ നാം ഇതുവരെ വിജയിച്ചിട്ടില്ലെന്നു തോന്നുന്നു. ആ ലക്ഷ്യത്തോടെ ഒരു പൊതുവീക്ഷണം ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു ഉണ്ടാകേണ്ടത് അനിവാര്യമാണ്. മാധ്യമ പ്രവര്‍ത്തകരുടെ പൊതുവേദിയില്‍പോലും പരസ്പരം പഴിചാരുന്ന രീതി ആശാവഹമല്ല.
ഇവിടെ എന്താണു നമ്മുടെ ദൈവവിളി? ഏതു ലക്ഷ്യത്തിലേക്കാണ് നാം നീങ്ങുന്നത്? ഒരു പുതിയ ക്രൈസ്തവമാധ്യമസംസ്കാരം നമുക്കുണ്ടാകേണ്ടേ? അതിനു പെന്തെക്കൊസ്തു മാധ്യമങ്ങള്‍ തന്നെ മുന്നിട്ടിറങ്ങേണ്ടതു കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here