സുവിശേഷ പ്രവര്‍ത്തനത്തിനു നാം പ്രതിസന്ധി സൃഷ്ടിക്കരുത്

0
420

സുവിശേഷപ്രവര്‍ത്തനത്തിനു നാം പ്രതിസന്ധി സൃഷ്ടിക്കരുത്

സുവിശേഷപ്രവര്‍ത്തനം ഇന്നു പ്രതിസന്ധിയിലാണെന്നാണു പറഞ്ഞുകേള്‍ക്കുന്നത്. പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങളും ആരാധനാലയങ്ങള്‍ അക്രമിക്കപ്പെടുന്നതും മറ്റുമാണ് ഇതിനു പിന്‍ബലമായി പറയുന്നത്. യഥാര്‍ഥത്തില്‍ ഇതാണോ സുവിശേഷവേലയെയും വേലക്കാരെയും പ്രതികൂട്ടിലാക്കുന്നത്.

മുന്‍കാലങ്ങളിലേതിനെക്കാള്‍ കേരളത്തില്‍ മതസ്പർദ്ധ പലമടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നു സമ്മതിക്കാം. എന്നാല്‍, അതോടൊപ്പം സുവിശേഷകരുടെ എണ്ണവും സുവിശേഷപ്രവര്‍ത്തനങ്ങളും സഭകളും എണ്ണത്തില്‍ കൂടിയിട്ടുണ്ടെന്നതും വിസ്മരിച്ചുകൂടാ.

സംഖ്യാബലത്തിലാണു സുവിശേഷവിരോധികള്‍ ഇതെല്ലാം ചെയ്യുന്നതെന്നു കരുതിയാല്‍ അതു തെറ്റാണ്. ശരിയായരീതിയില്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അംഗബലത്തെ ഭയപ്പെടേണ്ടതില്ല.  ബൈബിളിന്‍റെ ഗണിതശാസ്ത്രത്തിലാണ് ഇതു പറയുന്നത്. പന്ത്രണ്ടുപേരോ നൂറ്റിരുപതു പേരോ ഉള്ള ഒരു സംഘമാണ് ഒന്നാം നൂറ്റാണ്ടില്‍ സുവിശേഷംകൊണ്ട് ഭൂലോകത്തെ കീഴ്മേല്‍ മറിച്ചതെന്നു വിസ്മരിക്കരുത്. പഴയനിയമത്തിലും നിരവധി ഉദാഹരണങ്ങള്‍ ഇത്തരത്തിലുണ്ടല്ലോ.അതുകൊണ്ട് ശത്രുവിന്‍റെ വലിപ്പത്തിലോ നമ്മുടെ പരിമിതികളിലോ നാം നിരാശരായിത്തീരേണ്ടതില്ല; പകരം, നമ്മുടെ മനോഭാവത്തിനാണു മാറ്റം ഉണ്ടാകേണ്ടത്. സുവിശേഷീകരണം നിര്‍ബന്ധപൂര്‍വം ചെയ്യേണ്ട കര്‍ത്തവ്യമല്ലെന്നു നമുക്കറിയാം. അതു ആത്മാവിന്‍റെ ആവേശമാണ്. കൊടുംക്രൂരതയുടെ പര്യായമായിരുന്ന ശൗലിനു യേശുവിന്‍റെ ദര്‍ശനം ലഭിച്ചശേഷം ഉണ്ടായ വ്യത്യാസം അമ്പരപ്പിക്കുന്നതായിരുന്നു. ഇന്നും യഥാര്‍ഥ സുവിശേഷകനെ ആരും നര്‍ബന്ധിച്ചു പറഞ്ഞയയ്ക്കുന്നതല്ല, ആന്തരികമാറ്റത്തിന്‍റെ ഫലമായി പുറപ്പെടുന്നതാണ്. അങ്ങനെയുള്ള എത്രയോപേര്‍ നമുക്കു ചുറ്റുമുണ്ട്.

എന്നാല്‍, ഭീരുക്കളായി പിന്‍വാങ്ങി നില്‍ക്കയും ഭീതിപരത്തുകയും ചെയ്യുന്നവര്‍ സുവിശേഷവിരോധികള്‍ ചെയ്യുന്നതിലും അധികം തെറ്റാണു ചെയ്യുന്നത്. സുവിശേഷവിരോധത്തിന്‍റെ പേരില്‍ സാമ്പത്തികമുതലെടുപ്പു നടത്തുന്ന ഒരു കൂട്ടര്‍ ഇന്ത്യയിലും വിദേശത്തുമുണ്ട്. അവര്‍ പ്രസ്താവനകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും വിശ്വാസികളുടെ മനസ്സില്‍ ഭീതികുത്തിനിറയ്ക്കുകയാണ്. എന്തിനെന്നോ? അതിന്‍റെ മറവില്‍ സമ്പത്തുനേടാന്‍. അത്തരം ചൂഷകന്മാര്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങളിലുമുണ്ട്. അങ്ങനെ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വായിച്ചു നാം ഭയചകിതരാകേണ്ടതില്ല.

ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരെ സംഘടിതമായ കടന്നാക്രമങ്ങളുണ്ട്. പ്രാദേശിക നേതാക്കന്മാരുടെ ഒത്താശയോടെയായിരിക്കും അവയില്‍ പലതും. അതോടൊപ്പം ശക്തമായ നിയമങ്ങളും ഇവിടെയുണ്ട് എന്നത് ആശ്വാസമാണ്. നിയമസംവിധാനത്തിലെ അനുകൂലഘടകങ്ങളെക്കുറിച്ചുള്ള അജ്ഞതയാണു പല പ്രതിസന്ധികള്‍ക്കും കാരണം. നമ്മുടെ അവകാശങ്ങളെക്കുറിച്ച് അവബോധം നല്‍കുന്ന പഠനക്ലാസുകള്‍ ഇടയ്ക്കിടെ സഭകളിലും പ്രസ്ഥാനങ്ങളിലും നടത്തുന്നതു നല്ലതായിരിക്കും. ബൈബിള്‍ സെമിനാരി പാഠ്യക്രമത്തില്‍ ഇതും ഉള്‍ക്കൊള്ളിക്കുന്നതും അതിനു പുറത്തുനിന്നുള്ള പ്രഗത്ഭരെയോ ഉന്നത ഉദ്യോഗസ്ഥന്മാരെയോ ക്ഷണിച്ചുവരുത്തുന്നതും നന്നായിരിക്കും. അത് അഡീഷണല്‍ പേപ്പറായി ചേര്‍ത്താലും മതി.സുവിശേഷീകരണത്വര ഓരോ വിശ്വാസിക്കും ഉണ്ടാകേണ്ടതാണ്. അതു പ്രസംഗത്തിലൂടെ മാത്രമല്ല പ്രദര്‍ശിപ്പിക്കാവുന്നത്. സ്വന്തം ജീവിതംകൊണ്ടും വാക്കുകൊണ്ടും സ്നേഹപ്രകടനം കൊണ്ടും അതു അവിശ്വാസികളെ ആകര്‍ഷിക്കും. അശരണരെയും അഗതികളെയും സംരക്ഷിക്കുന്നതും സാന്ത്വനപരിചരണവുമൊക്കെ അതിലുള്‍പ്പെടും. അങ്ങനെ ചെയ്യുമ്പോള്‍ മറ്റുചില സഭകള്‍ അവ മുന്‍പു ചെയ്ത്, യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ച് ലൗകികപ്രസ്ഥാനങ്ങളായി മാറിപ്പോയല്ലോ എന്നു ചിന്തിച്ച് ഈ കാലഘട്ടത്തിന്‍റെ പ്രസക്തി നഷ്ടമാക്കരുത്. പകലുള്ളിടത്തോളം അയച്ചവന്‍റെ പ്രവൃത്തിചെയ്യാം. ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു!

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here