“യഹോവ ഇത്രത്തോളം നമ്മെ സഹായിച്ചു”

0
1872

എഡിറ്റോറിയൽ

എബന്‍-ഏസര്‍

പൂർണ്ണ വിനയത്തോടും സകല മാനവും മഹത്ത്വവും കര്‍ത്താവിനു സമര്‍പ്പിച്ചുകൊണ്ടുമാണു പുതിയവര്‍ഷത്തിലേക്കു ഞങ്ങള്‍ പ്രവേശിക്കുന്നത്. നാലു ദശാബ്ദത്തിലധികം ഗുഡ്ന്യൂസ് മുടങ്ങാതെ പ്രസിദ്ധീകരിക്കാന്‍ ഞങ്ങളോടു സഹകരിച്ച നിരവധിപേരുണ്ട്. പ്രാദേശികപ്രതിനിധികള്‍, എഴുത്തുകാര്‍, ഓഫീസ് പ്രവര്‍ത്തകര്‍, വരിക്കാര്‍, ക്രിയാത്മക ഉപദേശങ്ങള്‍ നല്‍കിയ അഭ്യുദയകാംക്ഷികള്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടതാണ്. ഓരോരുത്തരുടെയും സഹായസഹകരണങ്ങളും പിന്‍തുണയും വിലയേറിയതായിരുന്നു. പ്രതിസന്ധികളില്‍ പതറിപ്പോകാതെ ശുശ്രൂഷ തുടരാന്‍ ധൈര്യം പകര്‍ന്ന എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ നന്ദി.
വിശ്വാസവും ദൈവാശ്രയവും മൂലധനമാക്കി ആരംഭിച്ച ശുശ്രൂഷയാണു ഗുഡ്ന്യൂസ്. ദൈവനിയോഗം ഏറ്റെടുത്തതിനാല്‍ ഇന്നുവരെ നിലനില്‍ക്കാന്‍ കര്‍ത്താവിടയാക്കി. വ്യക്തമായ ദര്‍ശനത്തോടെയാണു ഗുഡ്ന്യൂസിന്‍റെ തുടക്കം. ദൈവജനത്തിന്‍റെ ഐക്യം, സഭകളുടെ സഹകരണം എന്നിവ പ്രഖ്യാപിതലക്ഷ്യമായിരുന്നു. ഇന്നുവരെ ഇതിനുവേണ്ടി ശബ്ദിക്കാന്‍ ഗുഡ്ന്യൂസിനിടയായി. സഭാപ്രസ്ഥാനങ്ങളുടെ മൂല്യശോഷണം തടയുക മറ്റൊരു ലക്ഷ്യമായിരുന്നു.
ദൈവമക്കളുടെ സാഹിത്യാഭിരുചിയും മറഞ്ഞുകിടക്കുന്ന സര്‍ഗാത്മകവാസനയും വളര്‍ത്താന്‍ ഗുഡ്ന്യൂസ് ശ്രമിച്ചുകൊണ്ടിരുന്നു. ഗുഡ്ന്യൂസിലൂടെ വളര്‍ന്നുവന്ന എഴുത്തുകാര്‍ ധാരാളമുണ്ട്. അവരുടെ രചനകള്‍ ഞങ്ങളെ സന്തോഷിപ്പിക്കുന്നു. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും മികച്ച സേവനം കാഴ്ചവെച്ചവരെ ആദരിക്കാനും ഗുഡ്ന്യൂസ് തുടക്കമിട്ടു. ഇന്നു വിവിധസഭാസംഘടനാപ്രസ്ഥാനങ്ങളും അവരുടെ മാധ്യമവേദികളും അതു തുടരുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
ഇന്നു മലയാളക്കരയിലെ എല്ലാ പെന്തെക്കോസ്തു വാരികകള്‍ക്കും ദ്വൈവാരികകള്‍ക്കും തുടക്കക്കാരാകാന്‍ ദൈവം ഗുഡ്ന്യൂസിനെ ഉപയോഗിച്ചതിനു ദൈവത്തിനു സ്തോത്രങ്ങളര്‍പ്പിക്കുന്നു. സഹജീവികളുടെ ആശ്വാസത്തിനായി പല കാര്യങ്ങള്‍ ചെയ്യാന്‍ ഗുഡ്ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി മുഖാന്തരമായി. വിദ്യാഭ്യാസത്തില്‍ മികവുപ്രകടിപ്പിക്കുന്നവരെ അംഗീകരിച്ചാദരിക്കാനുള്ള താല്‍പര്യം പെന്തെക്കോസ്തു സഭകളില്‍ ഉണര്‍ത്തിവിട്ടതു ഗുഡ്ന്യൂസാണ്. കുറെ വര്‍ഷങ്ങളായി പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ സഹായിച്ചുവരുന്നതു ശുഭോദര്‍ക്കമാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന പ്രിയപ്പെട്ടവര്‍ക്കു പ്രത്യേകനന്ദിയുണ്ട്.
പടിപടിയായ വളര്‍ച്ചയിലൂടെയാണു ഗുഡ്ന്യൂസ് ഇന്നത്തെ നിലയിലെത്തിയത്. പുതുവത്സരത്തിലും വളര്‍ച്ചയുടെ പാതയില്‍ ചില ചുവടുകള്‍കൂടി മുന്നോട്ടുവയ്ക്കാന്‍ ദൈവകൃപയിലാശ്രയിച്ചു ഞങ്ങള്‍ ആഗ്രഹിക്കുന്നു.  

ദൈവജനങ്ങളുടെ വിശ്വാസ്യതയും ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ ഗുഡ്ന്യൂസിനു കഴിഞ്ഞിട്ടുണ്ട് എന്നതു വിനയപൂര്‍വം ഓര്‍ക്കുന്നു. ഇതു കുറെക്കൂടെ ശക്തമാക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ശാസ്ത്രസാങ്കേതിക വിദ്യകളുടെ കുതിച്ചുചാട്ടം മാധ്യമരംഗത്തു വന്‍ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം നമുക്കു ചിന്തിക്കാനാകുന്നതിലും മുകളിലാണ്. ഇതു കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ഗുഡ്ന്യൂസിനു തുടക്കമിട്ടത്. ജനങ്ങളില്‍, വിശേഷിച്ച് യുവജനങ്ങളില്‍ വന്‍ ആവേശമാണ് അതു സൃഷ്ടിച്ചിരിക്കുന്നതു പുതിയ ദിനങ്ങളില്‍ എന്തെല്ലാം സങ്കേതികവിദ്യയാണു വരാന്‍ പോകുന്നതെന്നു പറയാനാകാത്ത അവസ്ഥയാണിന്നുള്ളത്. ആ തരംഗത്തിലും ലക്ഷ്യബോധത്തോടെ കര്‍മപഥത്തില്‍ നിലനില്‍ക്കാന്‍ ഞങ്ങള്‍ സ്വയം സമര്‍പ്പിക്കുന്നു.
ഈ ശുശ്രൂഷയില്‍ പ്രത്യക്ഷമായും പരോക്ഷമായും സഹായസഹകരണങ്ങള്‍ നല്‍കിയ ഏവര്‍ക്കും ഒരിക്കല്‍കൂടെ നന്ദി, “യഹോവ ഇത്രത്തോളം നമ്മെ സഹായിച്ചു” എന്നോര്‍ത്തുകൊണ്ട്.

വിനയത്തോടെ,
പത്രാധിപസമിതി

LEAVE A REPLY

Please enter your comment!
Please enter your name here