പ്രകോപനം അരുത് !

0
1677

എഡിറ്റോറിയൽ

 പ്രകോപനം അരുത് !

വിഷയത്തെക്കുറിച്ച് പലതവണ ഗൗരവമായിത്തന്നെ ഞങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, വര്‍ധിച്ചുവരുന്ന രാഷ്ട്രീയസാഹചര്യങ്ങളും മാറിവരുന്ന ചിന്താഗതികളും വീണ്ടുംവീണ്ടും ഇക്കാര്യത്തെക്കുറിച്ചു സഭാനേതൃത്വങ്ങളെ ഉദ്ബോധിപ്പിക്കേണ്ടത് ആവശ്യമായി വരുന്ന സാഹചര്യത്തിലാണിത്. മതവിദ്വേഷം വളര്‍ത്തുന്നു എന്നും പ്രകോപനപരമായി പ്രസംഗിക്കുന്നു എന്നും പറഞ്ഞ് അടുത്തയിടെ പലയിടത്തും പെന്തെക്കോസ്തുവിശ്വാസികള്‍ക്കുംആരാധനാലയങ്ങള്‍ക്കും നേരെ ഇതരമതസ്ഥര്‍ പ്രശ്നങ്ങളുണ്ടാക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു. 
എന്നാല്‍, അത്തരം വാര്‍ത്തകള്‍ ഒന്നുംതന്നെ യഥാര്‍ഥ കാരണങ്ങള്‍ മനസിലാക്കിയുള്ളതല്ല എന്നതാണു സത്യം. കേരളത്തില്‍ സുവിശേഷപ്രവര്‍ത്തനവും ആത്മീയശുശ്രൂഷകളും ഉണ്ടായകാലംമുതല്‍ പ്രസംഗിക്കുന്നവ തന്നെയാണ് ഇപ്പോഴത്തെയും പ്രസംഗവിഷയം. പെന്തെക്കോസ്തുകാരുടെതായാലും ഇതര സുവിശേഷവിഹിത പ്രസ്ഥാനങ്ങളുടെയോ സഭകളുടെതോ ആയാലും സുവിശേഷപ്രസംഗത്തിന് ഒരുമാറ്റവും ഇല്ല. പണ്ട് ഉപയോഗിച്ചിരുന്ന വാചകങ്ങള്‍ തന്നെ ഇക്കാലത്ത് ഉപയോഗിക്കുമ്പോള്‍ എന്തുകൊണ്ട് മറ്റുള്ളവര്‍ പ്രകോപിതരാകുന്നു എന്നതു പഠനവിഷയമാക്കേണ്ടതാണ്. 
അധികവും തെറ്റിദ്ധാരണ പരത്തുന്നവിധം വാചകങ്ങള്‍ ഉപയോഗിക്കുന്നു എന്നതാണു സുവിശേഷപ്രസംഗങ്ങളെ വിലയിരുത്തുന്നവര്‍ പറയുന്നത്. 
മലയാളത്തിലെ പല വാക്കുകള്‍ക്കും പുതുതലമുറയില്‍ മുന്‍പുണ്ടായിരുന്ന അര്‍ഥമല്ല ഉള്ളത്; അതുപോലെ ചില പദപ്രയോഗള്‍ക്കും. അടിപൊളി, തകര്‍പ്പന്‍, കത്തി, പൊളിച്ചു തുടങ്ങിയ പദങ്ങള്‍ ആധുനിക തലമുറ കലാലയങ്ങളില്‍ ഉപയോഗിക്കുന്നതിന്‍റെ അര്‍ഥം തേടിപ്പോകുമ്പോഴാണ് ഇപ്പോഴത്തെ അര്‍ഥമല്ല മുന്‍പുണ്ടായിരുന്നതെന്നു മനസിലാക്കുന്നത്. ഭാരതരാജ്യത്തെക്കുറിച്ചുള്ള ഒരു സുവിശേഷഗാനത്തില്‍ “ജീവനെങ്കില്‍ ജീവന്‍വെച്ച് ഭാരതം നേടീടണം” എന്നു പാടുന്നത് ഭൗതികനേട്ടത്തെക്കുറിച്ചല്ലായിരുന്നു. ഓരോ വിശ്വാസിയും അങ്ങനെയൊരു ആത്മീയനേട്ടത്തിനു തയ്യാറാകണമെന്നായിരുന്നു ആ പാട്ടിന്‍റെ മുന്‍കാല അര്‍ഥവും ആഹ്വാനവും. എന്നാല്‍, ഇന്ന് അതു പാടുന്നതു പ്രകോപനപരമായിരിക്കാം. ഇതുപോലെ മറ്റു പല പദങ്ങളുമുണ്ട്. അവയൊന്നും എടുത്തുപറയാന്‍ ഉദ്ദേശിക്കുന്നില്ല. ‘കുഞ്ഞാടിന്‍റെ രക്തം’ മുതല്‍ ‘യേശു രാജാധിരാജാവായി വേഗം വരുന്നു’ വരെയുള്ള പദങ്ങള്‍ മിക്കവയും ക്രിസ്തീയ സംജ്ഞകളാണ്. അവയ്ക്കു പ്രകോപനമുണ്ടാക്കുന്ന അര്‍ഥമല്ല എന്നത് എല്ലാ ക്രിസ്ത്യാനികള്‍ക്കും അറിയാം. ക്രിസ്തീയ സമ്മേളനങ്ങളില്‍ അത് ഉപയോഗിക്കുമ്പോള്‍ തെറ്റില്ലെങ്കിലും പൊതുവേദിയില്‍ അതു കേള്‍വിക്കാരനെ ചൊടിപ്പിച്ചേക്കാം. അതിനാല്‍ നമ്മുടെ പൊതുയോഗങ്ങളിലും പരസ്യസമ്മേളനങ്ങളിലും ഉപയോഗിക്കുന്ന വാക്കുകള്‍ ലളിതമായിരിക്കണമെന്ന് ഉറപ്പിക്കണം. 
മറ്റൊന്ന് പൊതുവേദിയിലെ നമ്മുടെ പ്രസംഗങ്ങളാണ്. സുവിശേഷപ്രസംഗത്തിന് വീരപരാക്രമകഥകളോ മറ്റുള്ളവരെ ത്രസിപ്പിക്കുന്ന പ്രയോഗങ്ങളോ ആവശ്യമില്ല. മരിച്ചുയര്‍ത്തെഴുന്നേറ്റ ക്രിസ്തുവാണു സുവിശേഷത്തിന്‍റെ കാതല്‍. അതു ശാന്തഗംഭീരമായി അവതരിപ്പിക്കുകയാണു വേണ്ടത്. ക്രിസ്തുവിന്‍റെ പുനരാഗമനം, നിത്യരക്ഷ, വിശ്വാസിയുടെ ഭാവി, ലോകത്തിന്‍റെ ഗതി എന്നിവയെക്കുറിച്ചൊക്കെ പറയുമ്പോള്‍ വാക്കുകള്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കണം. ചില സഭകള്‍ അവരുടെ പൊതുയോഗങ്ങളില്‍ മൈക്കുവെച്ച് നാട്ടുകാര്‍ കേള്‍ക്കത്തക്കവിധമാണു ധനസഹായാഭ്യര്‍ഥ നടത്തുന്നത്. ഈ ഭിക്ഷാടനപരിപാടി എല്ലാവരും പൊതുവേദികളില്‍ നിന്ന് ഒഴിവാക്കണം. 
അക്കൂട്ടത്തില്‍ സഭയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുമുണ്ട്. അവ പരസ്യപ്പെടുത്തുമ്പോഴും ശ്രദ്ധയുണ്ടാകണം. ‘ഇന്‍ഹൗസ്’ മീറ്റിങ്ങുകളില്‍ മാത്രം പറയേണ്ട കണക്കുകളും സ്ഥിതിവിവരണങ്ങളും  പൊതുവേദികളില്‍ ഘോഷിക്കരുത്. കാലത്തെ നാം തിരിച്ചറിയണം. ഇന്‍റര്‍നെറ്റിലും മറ്റും പ്രവര്‍ത്തനറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നവരുണ്ട്. പലതും ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്നു നമുക്കറിയാം. ഇത്തരം കണക്കുകള്‍ കൂട്ടിനോക്കിയാല്‍ ഓരോവര്‍ഷവും രക്ഷിക്കപ്പെടുന്നവരുടെ എണ്ണം ഭാരതജനസംഖ്യയെക്കാള്‍ ഒരുപക്ഷെ കൂടുതലായി വന്നേക്കാം. ഇതു ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് എതിര്‍ കര്‍മപരിപാടികള്‍ തയ്യാറാക്കുന്നവരുണ്ടെന്ന വസ്തുത മറക്കരുത്. കാലത്തെ തിരിച്ചറിഞ്ഞ്, ഭാവിപ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താന്‍ നമുക്കാകണം.  പെരുപ്പിച്ചുകാണിക്കുന്നതു തെറ്റാണ്, സാധുക്കളായ വിശ്വാസികളോടു ചെയ്യുന്ന അനീതിയാണ് എന്നു മാത്രം ഓര്‍മപ്പെടുത്തട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here