പുതിയ സർക്കാർ; പുതിയ പ്രതീക്ഷ

0
2452
എഡിറ്റോറിയൽ
പുതിയ സർക്കാരിനെ ദൈവം നിയന്ത്രിക്കട്ടെ
 ചില മണിക്കൂറുകൾ കഴിയുമ്പോൾ  ഭാരതത്തിന്‍റെ അടുത്ത അഞ്ചുവര്‍ഷത്തെ ഭരണസാരഥ്യം ആര്‍ക്ക് എന്നതിനെക്കുറിച്ചുള്ള തീരുമാനം അറിയാം. ഇപ്പോഴത്തെ റിസൾട്ടുകൾ വീക്ഷിക്കുമ്പോൾ നരേന്ദ്ര മോദിയുടെ നേതൃത്യത്തിലുള്ള ഗവൺമെന്റായിരിക്കും ഭാരത്തെ നയിക്കുക.
ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യ രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ വിപുലവും വിശാലവും അതോടൊപ്പം സമയം ആവശ്യപ്പെടുന്നതും ആണ്.
ഭാരതത്തില്‍ അടുത്ത അഞ്ചുവര്‍ഷം ഏതു രാഷ്ട്രീയ പാര്‍ട്ടിയാണു ഭരിക്കേണ്ടതെന്ന് ഈ ദിവസങ്ങളില്‍ നിശ്ചയിക്കപ്പെടും. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഭാരതത്തിന്‍റെ ഭരണനിര്‍വഹണത്തില്‍ ആരാണു വരാന്‍ പോകുന്നതെന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കയാണ്. ഭാരതീയരായ ആയിരക്കണക്കിന് ആളുകള്‍ മറുനാടുകളില്‍ ജോലിചെയ്യുന്നതുകൊണ്ട് ഭാരതത്തെക്കുറിച്ച് അവര്‍ക്കുള്ള ആകാംഷ വലുതാണ്. ഇലക്ഷനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ നാം അറിയുന്നതുപോലെ രാഷ്ട്രീയമായ നിരവധി നീക്കങ്ങള്‍ ഉണ്ടായി. ചിലതൊക്കെ തിരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്ന വിധത്തില്‍ വന്നെന്നു നമുക്ക് അറിയാം. എന്നാല്‍, തിരഞ്ഞെടുപ്പ് നടപടി വിജയകരമായത് ഇന്ത്യയുടെ ജനാധിപത്യ വിജയമായി വേണം കണക്കാക്കാന്‍. അങ്ങനെ ഒരു വിധത്തില്‍ പറയാമെങ്കിലും നമ്മെ സംബന്ധിച്ച്, ദൈവത്തിന്‍റെ നിയന്ത്രണത്തിലാണു നടന്നതെന്നുവേണം കരുതാന്‍. 
ഭരണാധിപന്മാരെ വാഴിക്കുന്നതും മാറ്റുന്നതും ദൈവമാണെന്നു ലോകചരിത്രത്തില്‍ നിന്നും നമുക്കു മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ള കാര്യം ഇന്ത്യയെ സംബന്ധിച്ചും ശരിയാണ്. ദൈവദൃഷ്ടിയില്‍ വളരെ പ്രധാനപ്പെട്ട ഒരു രാജ്യമാണ് ഇന്ത്യ. ബൈബിളില്‍ത്തന്നെ രണ്ടു പ്രാവശ്യം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള രാജ്യം. ഇവിടുത്തെ ജനം ദൈവത്തിനു പ്രിയരാണ്.  ഇവിടെയുള്ള ജനത്തെ പ്രതികൂലമായി ബാധിക്കാതെ ഭരിക്കേണ്ടത് ആരാണെന്നു നിശ്ചയിക്കുന്നതു ദൈവമാണ്. ഭാരതത്തിലെ പല ഇടങ്ങളിലായി ഈ ദിവസങ്ങളില്‍ ജനങ്ങള്‍ അതിനായി ദൈവസന്നിധിയില്‍ ഉപവാസപ്രാര്‍ഥനകളും മറ്റും നടന്നിരുന്നു. നമ്മുടെ രാജ്യത്തിനു വളരെയധികം പ്രതീക്ഷയ്ക്കു വകനല്‍കുന്ന ഒരു രീതി തിരഞ്ഞെടുപ്പോടെ നിലവില്‍ വന്നിരിക്കുകയാണ്. ഇതുവരെയില്ലാത്ത ഒരു ദേശസ്നേഹവും ഇതുവരെയില്ലാത്ത ഒരു ആത്മാര്‍ഥതയും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു എന്നത് ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം ശുഭസൂചനയായി കരുതണം.
സാമുദായിക ധ്രുവീകരണം ഉണ്ടാക്കാന്‍  ചിലര്‍ ശ്രമിക്കുന്നതു ലജ്ജാകരമാണ്. മതത്തിന്‍റെ പേരില്‍ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതു ശരിയല്ല. ന്യൂനപക്ഷങ്ങള്‍ ഭാരതത്തിന്‍റെ അഭിമാനമാണ്. വലിയ  ജനസഞ്ചയത്തിന്‍റെ മധ്യത്തില്‍ ഭീതിയില്ലാതെ ന്യൂനപക്ഷങ്ങള്‍ക്കു പാര്‍ക്കാന്‍ കഴിയുന്നു എന്നതാണു ഭാരതത്തിന്‍റെ ഖ്യാതി എല്ലായിടത്തും എത്തിച്ചത്. ഇനിയും അതു തുടര്‍ന്നു കാണാനാണ് ഇവിടെയുള്ള ക്രിസ്ത്യാനിയും മുസ്ലിമും ഇതര ന്യൂനപക്ഷ വിഭാഗങ്ങളും ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ വടക്കെ സംസ്ഥാനങ്ങളില്‍ പലയിടത്തും ക്രിസ്ത്യാനികള്‍ക്കുനേരെ ജാതിസ്പര്‍ദ തുടരുന്നത് അപലപനീയമാണ്. സ്കൂള്‍, കോളേജ്, ആശുപത്രി ഇവകള്‍ സ്ഥാപിക്കുന്നതു മതവിദ്വേഷം വളര്‍ത്താനല്ല,  പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ആണ്.
ഇതു തീവ്ര ഹിന്ദുക്കളായ സഹോദരന്മാരും മനസ്സിലാക്കണം. ചിലയിടങ്ങളില്‍ ഹിന്ദുക്കളെക്കാള്‍ കൂടുതല്‍ പ്രകോപനം ഉണ്ടാക്കുന്നതു മുസ്ലിം സഹോദരന്‍മാരാണ്. ശ്രീലങ്കയില്‍ അതാണു കണ്ടത്. അതിന്‍റെ വേരുകള്‍ ഭാരതത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. ഇവിടെ സമാധാനമാണ് ആവശ്യം. ഒരു കരണത്തടിക്കുന്നവനു മറ്റേതും കാണിച്ചുകൊടുക്കുന്ന ക്രിസ്തുവിന്‍റെ അനുയായികള്‍ സംഘര്‍ഷത്തിനു മുതിരരുത്. ഒരു പ്രതിജ്ഞ നാം ഈ ദിവസങ്ങളില്‍ എടുക്കേണ്ടതാണ്. സഹനവും സഹവര്‍ത്തിത്വവുമായിരിക്കണം നമ്മുടെ ലക്ഷ്യം. എല്ലാ ഭാരതീയരെയും ഒന്നായി കാണാനുള്ള മനസ്സ് നമുക്ക് ഉണ്ടാകണം. ഒരു നല്ല സാഹോദര്യബന്ധം കെട്ടിപ്പടുക്കാന്‍ എല്ലാവര്‍ക്കുമൊപ്പം നമുക്കും ഭാരതത്തിനു കൈത്താങ്ങായി നില്‍ക്കാം. നമ്മുടെ ഭാരതത്തിന്‍റെ ഖ്യാതി നശിപ്പിക്കുന്ന യാതൊരു കാര്യത്തിലും ഇടപെടാതിരിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ച്, പ്രാര്‍ഥിക്കാം. പുതിയ ഗവൺമെന്റിനു ദൈവം നല്ല ദിശാബോധം നല്കട്ടെ എന്ന് ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here