ദൈവമേ നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ? 

എഡിറ്റോറിൽ

ദൈവമേ നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ? 

ദൈവമേ നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ? 

നാത്മികത വർധിച്ചുവരുന്നതിനെക്കുറിച്ചുള്ള  വാര്‍ത്തകളാണ് ലോകത്തെവിടെനിന്നും ഇപ്പോൾ കേട്ടുവരുന്നത്. അതോടൊപ്പം മനുഷ്യന്റെ ക്രൂരതയും മതവിദ്വേഷവും ജാതിചിന്തകളും  പകര്‍ച്ചവ്യാധിപോലെ പടരുന്നുമുണ്ട്.  വംശീയതയും 'മണ്ണിന്‍റെ മക്കള്‍' വാദവുമൊക്കെ മുമ്പെന്നത്തെയുംകാൾ  രൂക്ഷമാണ്. ക്രൈസ്തവസഭകളിൽ മൂല്യശോഷണവും അനാത്മിക പ്രവണതകളും സംഭവിക്കുന്നു. ഈ പശ്ചാത്തലത്തിലാണു ഒരു ആത്മീയ ഉണര്‍വ് നമുക്ക് ആവശ്യമാകുന്നത്. ചുറ്റുമുള്ള ലോകവും സഭയും  ഒരുപോലെ ജീര്‍ണാവസ്ഥയില്‍ എത്തുമ്പോള്‍ ഒരു ഉണര്‍വുകൂടാതെ മുന്നോട്ടുപോകാന്‍ കഴികയില്ല എന്ന ചിന്ത മതത്തിനപ്പുറമുള്ള ആത്മീയതയിൽ വിശ്വസിക്കുന്നവർക്കുണ്ട്. ഉണര്‍വിനെക്കുറിച്ച് പഠനങ്ങളും സെമിനാറുകളുമൊക്കെ നമ്മുടെയിടയില്‍ നടക്കുന്നെങ്കിലും യഥാര്‍ഥ ഉണര്‍വ് ഇന്നും അന്യമായിരിക്കുന്നു. ഉണര്‍വ് പലര്‍ക്കും പലതാണ്. ഉണര്‍വിനായുള്ള ആഗ്രഹവും ഒരുക്കവുമാണ് ഉണര്‍വിന്‍റെ ആദ്യപടി.  വിഭാഗീയത മറന്നുള്ള ഐക്യപ്രാര്‍ഥനയിലൂടെയാണു പോയകാല ഉണര്‍വുകള്‍ യാഥാര്‍ഥ്യമായതെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഇന്നും ഐക്യപ്രാര്‍ഥനാകൂട്ടായ്മകളും കോണ്‍ഫ്രന്‍സുകളും ലോകത്തിന്‍റെ പലഭാഗത്തും നടക്കുന്നത് ആശാവഹം തന്നെ!  

ദൈവജനം വചനപ്രകാരമുള്ള ജീവിതത്തിലേക്കു മടങ്ങിവരാന്‍ സജ്ജമാകുന്നതാണ് ഉണര്‍വിന്‍റെ ലക്ഷണം. വിശുദ്ധജീവിതത്തിനായുള്ള ഉല്‍ക്കടമായ അഭിവാഞ്ഛ ഉണര്‍വിന്‍റെ ഒരുക്കമായി  കണക്കാക്കാം. ഇന്നത്തെ സഭയുടെ അടിയന്തരാവശ്യം നിർമലമായ ഭക്തിയും ശുദ്ധഹൃദയവും വിശുദ്ധജീവിതവുമാണ്. കാപട്യത്തില്‍ നിന്നും സ്വാര്‍ഥതയില്‍ നിന്നും സ്ഥാനമാന  ചിന്തകളില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുന്നതാണ് ഉണര്‍വിന്‍റെ മറ്റൊരു ലക്ഷണം. ദൈവത്തിന്‍റെ സാന്നിധ്യവും ശക്തമായ ഇടപെടലും ഉണര്‍വിന് അനിവാര്യമാണ്. അഥവാ, പരിശുദ്ധാത്മശക്തിയാൽ മാത്രമേ  ശരിയായ ഉണര്‍വ് വ്യക്തികളിലും സഭകളിലും സംഭവിക്കുകയുള്ളൂ.

കോവിഡിനുശേഷം ഈ വർഷം വിദേശത്തുള്ള, പ്രത്യേകിച്ച് അമേരിക്കയിലെ മലയാളി പെന്തെക്കോസ്തു സഭാവിഭാഗങ്ങളുടെ ഫാമിലി കോൺഫ്രൻസുകൾ ശ്രദ്ധേയമാകുന്നത് ഇക്കാരണത്താലാണ്.   അഭിനന്ദനാര്‍ഹമാണ് അവ ഓരോന്നും. ചർച്ച് ഓഫ് ഗോഡ്, അസംബ്ലിസ് ഓഫ് ഗോഡ്, ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് എന്നിവയുടേതാണ് ഈ വർഷം നടക്കുന്ന ഫാമിലി കോൺഫ്രൻസുകൾ. ഇന്ത്യ പെന്തെകോസ്തു ദൈവസഭയുടേത് അടുത്തവർഷവും.. അതേ, ഐക്യപ്രാര്‍ഥനയിലൂടെയേ ഉണര്‍വ് യാഥാര്‍ഥ്യമാകൂ! ഭൂലോകത്തിന്റെ മറുവശത്തുനിന്നാണെങ്കിലും ആ ഉണർവ് നമ്മുടെ നാട്ടിലും അലയടിയായി മാറുമെന്നതിനു തർക്കമില്ല. ഈ മാസം ആദ്യ ആഴ്ചയിൽ പെൻസിൽവേനിയയിൽ നടന്ന മലയാളി പെന്തെകോസ്തു കോൺഫ്രൻസും അതുതന്നെയാണ് വിളിച്ചു പറഞ്ഞത്. 

ദൈവമഹത്ത്വം നാം കവര്‍ന്നെടുക്കാന്‍ ശ്രമിക്കാതെ മഹത്ത്വം ദൈവത്തിനു കൊടുക്കാന്‍ തയ്യാറാകുമ്പോള്‍ നമ്മെയും ഉണര്‍വിന്‍റെ ഉപകരണങ്ങളാക്കി ദൈവം രൂപാന്തരപ്പെടുത്തും. പ്രാര്‍ഥനാവീരന്മാരെയാണു ദൈവം ഉണര്‍വിന് ഉപയോഗിച്ചതെന്ന പൂർവകാല സത്യം നാം തിരിച്ചറിയുമ്പോഴാണു പ്രാര്‍ഥനയും വിശുദ്ധജീവിതവും എത്രമാത്രം പരസ്പര പൂരകങ്ങളായിരിക്കുന്നുവെന്ന ആത്മീയ യാഥാർഥ്യം നമ്മൾ മനസിലാക്കുക."നിന്‍റെ ജനം നിന്നില്‍ ആനന്ദിക്കേണ്ടതിനു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?" എന്ന പ്രാത്ഥനയോടെ  നമുക്ക് ഉണര്‍വിനായി ആഗ്രഹിക്കാം, പ്രാര്‍ഥിക്കാം. അതിനായി ഒരുങ്ങാം. ഈ ദിവസങ്ങൾ  ഒരു ആത്മിക ഉണര്‍വിനായുള്ള ഒരുക്കനാളുകളായിത്തീരട്ടെ. ഭാരത സഭയെ നവീകരിക്കാൻ ഈ കോൺഫ്രൻസുകൾക്കു കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു.