പെന്തെക്കോസ്തുകാര്‍ മറന്നുപോയ പാഠങ്ങള്‍

0
4899

പെന്തെക്കോസ്തുകാര്‍ മറന്നുപോയ പാഠങ്ങള്‍

കേരള ക്രൈസ്തവചരിത്രത്തില്‍ വേറിട്ട ചെറിയപ്രാര്‍ഥനാസംഘങ്ങള്‍ രൂപപ്പെട്ടപ്പോള്‍, വേദപുസ്തകോന്മുഖമായി ചിന്തിച്ചിരുന്നവര്‍ അവയില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. വേദപുസ്തകത്തെ മാത്രം ആശ്രയിച്ച്, പരിശുദ്ധാത്മാവിന്‍റെ പൂര്‍ണനിയന്ത്രണത്തില്‍ വളര്‍ന്നുവികസിക്കുന്ന ‘കൂട്ട’മായാണു ജനം അതിനെ കണ്ടിരുന്നത്. വ്യക്തിക്ക് അതില്‍ പ്രാധാന്യമില്ലായിരുന്നു. കാലങ്ങള്‍ മുന്നോട്ടുപോയപ്പോള്‍, പരമ്പരാഗത സഭാവിഭാഗങ്ങളെപ്പോലെ, പൗരോഹിത്യവേഷമൊഴികെ, എല്ലാം വെണമെന്ന ചിന്താഗതിക്കു ആക്കംകൂടിവന്നു. പെന്തെക്കോസ്തുകാര്‍ എന്നറിയപ്പെടുന്ന സംഘത്തില്‍പോലും തിരഞ്ഞെടുപ്പ്, പാനല്‍ എന്നിവ വരെയും അതെത്തിനില്‍ക്കുന്നു. എന്നാല്‍, എന്തിനായി പിതാക്കന്മാര്‍ വേര്‍തിരിഞ്ഞു എന്നതു വിസ്മരിക്കപ്പെട്ടു.

ക്രൈസ്തവസേവന രംഗത്ത് അഥവാ അധ്യക്ഷസ്ഥാനത്ത് എത്തുന്നത് അഭിലക്ഷണീയമെന്നു വേദപുസ്തകം പറയുന്നുണ്ട്. എന്നാല്‍, അതു ക്രൈസ്തവശൈലിയില്‍, യേശുക്രിസ്തുവിന്‍റെയും അപ്പൊസ്തലന്മാരുടെയും  മാതൃക പിന്‍തുടര്‍ന്നുള്ള സേവനമാണ്, പദവിയല്ല. ക്രൈസ്തവശുശ്രൂഷയില്‍ പദവികളില്ല, ശുശ്രൂഷാസ്ഥാനമേയുള്ളൂ. സ്വന്തസ്ഥാനത്തുനിന്നു കടമകള്‍ നിര്‍വഹിക്കുക, എന്നിട്ട് ഒന്നും ചെയ്യാത്തവനെപ്പോലെ വിനീതനാകുക. ഇതാണ് അടിസ്ഥാനതത്ത്വം. ഇതൊന്നുമറിയാതെ ഏതോ മൂഢസ്വര്‍ഗത്തിലിരുന്ന് തന്ത്രങ്ങള്‍ മെനയുന്നതിലാണ് ഇന്നത്തെ ശുശ്രൂഷയില്‍ പലര്‍ക്കും ഇഷ്ടം. സഭയുടെ ഭൗതികഘടനയുടെ പേരുപറഞ്ഞാകാം അതൊക്കെ ചെയ്യുന്നതെന്ന് ന്യായീകരിച്ചേക്കാം. (ദൈവസന്നിധിയില്‍ അതിനു ഒരു വിലയുമില്ലെന്ന് അറിയാവുന്നവര്‍ ചുരുക്കമാണ്) അങ്ങനെയാണെങ്കില്‍പോലും അതിന് ഉപയോഗിക്കുന്ന മാര്‍ഗം ക്രൈസ്തവമായിരിക്കണമെന്ന് ബൈബിള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. സഭയില്‍ ആരും തന്ത്രങ്ങള്‍ മെനയുന്നവരാകാന്‍ ശ്രമിക്കരുത്.
വേദപുസ്തകം പ്രഖ്യാപിക്കുന്ന ഒരു അടിസ്ഥാന ക്രൈസ്തവജീവിതശൈലിയുണ്ട്. അതു ലോകത്തിനു കാണിച്ചുകൊടുക്കുന്നതിനു നാം പരാജയപ്പെട്ടാല്‍ പിന്നെ നമ്മുടെ ജീവിതത്തിനു ദൈവാസ്തിത്വമില്ല. ലോകമനുഷ്യനെക്കാള്‍ നാം അധഃപതിക്കുന്നുവെന്നു വേണം കരുതാന്‍.  പിതാക്കന്മാര്‍ ഇവിടെ ആത്മികോണര്‍വിനു വിത്തുപാകിയപ്പോള്‍ അവരുടെയുള്ളില്‍ തിളച്ചുമറിഞ്ഞുകൊണ്ടിരുന്നത് ഈ ആത്മീയ ഭാവമായിരുന്നു. അതു യാഥാര്‍ഥ്യമാക്കാന്‍ അവര്‍ ക്ലേശങ്ങള്‍ സഹിച്ചു. ഭാരതഭൂമിയാകെ ആ ശുദ്ധജീവിതശൈലി പ്രചരിപ്പിക്കാന്‍ അവര്‍ യത്നിച്ചു; അതില്‍ അവര്‍ മിക്കവരും വിജയിക്കുകയും ചെയ്തു. ആ പാതകള്‍ തുടരേണ്ടവര്‍, ഇന്നു മറ്റേതോ ലോകത്തിലാണ്. ഇതിനെതിരെ ഗുഡ്ന്യൂസ് പലപ്പോഴും ശബ്ദിച്ചിരുന്നു. പലപ്പോഴും അതു വനരോദനമായി മാറിയെന്നു തോന്നിയെങ്കിലും, ചിലരിലെങ്കിലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. പല ഉദാഹരണങ്ങളുണ്ട്. 


നൂല്‍ കുരുങ്ങിയാല്‍ വലിയ കുരുക്കാകുന്നതിനു മുന്‍പ് അതഴിക്കാന്‍ ശ്രമിച്ചാല്‍ വിജയിച്ചെന്നുവരാം. കടുംകുരുക്കായാല്‍ പിന്നെ രക്ഷയില്ല. ഉണര്‍വുകൂട്ടായ്മകള്‍ വളര്‍ന്ന് പ്രസ്ഥാനങ്ങളായി, സംഘടിതസമൂഹത്തിന്‍റെ അപചയങ്ങള്‍ പകര്‍ത്തി സ്വന്തം സ്വത്വബോധം പൂര്‍ണമായി നഷ്ടപ്പെടുന്നതിനു മുന്‍പ് ഒരു വീണ്ടുവിചാരത്തിനു ഒരുമ്പെട്ടാല്‍ അതു വളരെ ഫലമുളവാക്കും എന്നു പ്രതീക്ഷിക്കാം.  

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here