എഡിറ്റോറിയൽ
വിശ്വാസികളെ ഫാസ്റ്റ്ഫുഡ്
ഇരകളാക്കുന്ന ഇടയന്മാർ
ഫാസ്റ്റ് ഫുഡ് ആധുനികകാലഘട്ടത്തിന്റെ സംഭാവനയാണ്. പ്രത്യേകിച്ചും ഇത് അമേരിക്കപോലുള്ള വികസിത രാജ്യങ്ങളില്‍ ഇന്നൊരു സംസ്കാരം തന്നെയായിട്ടുണ്ട്. അവിടെ ആര്‍ക്കും ഒന്നിനുംവേണ്ടി കളയാന്‍ സമയമില്ല. എല്ലാം ഫാസ്റ്റാണ്. തിരക്കുപിടിച്ച ആ ജീവിതശൈലിയില്‍ ഭക്ഷണംപോലും സ്വസ്ഥമായിരുന്നു കഴിക്കാന്‍ സമയം ഇല്ലാത്തതുകൊണ്ടാണു പലരും ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്നത്. കേരളത്തിലും പെട്ടെന്നു ഭക്ഷണമുണ്ടാക്കി വില്‍ക്കുന്ന ശൃംഖലയുടെ വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. അതു സൗകര്യപ്രദമെങ്കിലും ആരോഗ്യത്തെ സാരമായി ബാധിക്കുന്നതിനാല്‍ യുവാക്കളെ അതില്‍നിന്നു പിന്തിരിപ്പിക്കാന് ശ്രമിക്കുന്ന സാമൂഹിക പ്രവര്‍ത്തകരുണ്ട്. എന്നാല്‍, ഒരിക്കല്‍ അതിന്റെ രുചി പിടിച്ചവര്‍ക്കു അത്രയെളുപ്പം പിന്തിരിയാന് സാധ്യമല്ല. അത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന ചിന്ത നിര്‍മാതാക്കള്‍ക്കു ഒരിക്കലും ഇല്ല. ഫുഡ്സേഫ്റ്റിക്കാര് കണ്ടുപിടിക്കുന്നതുവരെ. രക്തസമ്മര്‍ദവും കൊളസ്ട്രോളും പൊണ്ണത്തടിയുമൊക്കെ ധാരാളമുള്ള ഇക്കാലത്ത് തങ്ങളെമാത്രം എന്തിനു കുറ്റപ്പെടുത്തുന്നു എന്നാണ് അവരുടെ ചോദ്യം. മനുഷ്യന്റെ ജീവിതക്രമങ്ങളെല്ലാം മാറിക്കൊണ്ടിരിക്കുമ്പോള്‍ ഫാസ്റ്റ് ഫുഡിനെ മാത്രം കുറ്റം പറയേണ്ടതുണ്ടോ എന്നു ചോദിക്കുന്നവരുമുണ്ട്. എന്തായാലും അതു മനുഷ്യന്റെ ആരോഗ്യത്തെ സാവധാനം നശിപ്പിച്ചുകൊണ്ടിരിക്കുന്നുഎന്നതാണു സത്യം.
ആത്മീയലോകത്ത് ഇത്തരം ഫാസ്റ്റ് ഫുഡ് പ്രവണത ഇന്നു വര്‍ധിച്ചുവരുന്നുണ്ടോ എന്നു സംശയിക്കണം. ദൈവവചനത്തെ അപ്പമായിട്ടാണല്ലോ ബൈബിള്‍ സങ്കല്പിച്ചിരിക്കുന്നത്. വചനം ജഡമായിത്തീര്‍ന്ന യേശുക്രിസ്തു തന്നെക്കുറിച്ചുതന്നെ പറഞ്ഞത്, “ഞാന്‍ ജീവന്റെ അപ്പമാകുന്നു; എന്നെ തിന്നുന്നവന് എന്മൂലം ജീവിക്കും” എന്നാണ്. ഈ അപ്പം വിശക്കുന്നവര്‍ക്കുവേണ്ടി തയ്യാറാക്കി വിളമ്പുകയെന്നതാണു ഒരു ദൈവദാസന്റെ ശുശ്രൂഷ. സഭയില്‍ പലതരം ആളുകളാണുണ്ടാകുക. എല്ലാവര്ക്കും ഒരേ രീതിയിലില്ല വിളമ്പേണ്ടത്. പ്രായഭേദമനുസരിച്ചു ഭക്ഷണം തയ്യാറാക്കുന്നതു വ്യത്യസ്തമാണല്ലോ. കൊച്ചുകുട്ടികളും യുവാക്കളും മധ്യവയസ്ക്കരും വൃദ്ധരുമടങ്ങുന്ന ജനസമൂഹത്തിനു ഭക്ഷണം തയ്യാറാക്കുക ശ്രമകരമാണ്. മുന്‍കരുതലും തയ്യാറെടുപ്പും ധാരാളം വേണം. ശുശ്രൂഷകന് ദൈവസന്നിധിയില്‍ കാത്തിരുന്നു ധ്യാനിച്ചു പ്രാര്‍ഥിച്ചുവേണം ഇതു തയ്യാറാക്കാന്‍. അതിനു സമയം ആവശ്യമാണ്. മറ്റു പല ജോലികളിലും ഏര്‍പ്പെട്ട് സമയം തികയാതെ എന്തെങ്കിലുമൊക്കെ ദൈവമക്കള്‍ക്കു വിളമ്പുന്ന സഭാശുശ്രൂഷകരുടെ എണ്ണം ഇന്നു പെരുകുന്നുണ്ടോ എന്നു സംശയമാണ്. തങ്ങളുടെ വിചാരണയിലുള്ള ആട്ടിന്കൂട്ടത്തിനു മതിയായ സംരക്ഷണവും ഉറപ്പും നല്‍കേണ്ടത് അതതു ശുശ്രൂഷകരാണ്.
പല ദൈവമക്കളുടെയും സ്വഭാവവും മട്ടും ദൈവവചനത്തിലുള്ള അറിവും വീക്ഷിച്ചാല്‍ അവരെ പോറ്റുന്ന ശുശ്രൂഷകനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ നമുക്കു ലഭിക്കും. അത്തരം ശുശുശ്രൂഷകരോടു ദൈവസ്നേഹത്തില്‍ ഒരു കാര്യം അഭ്യര്‍ഥിക്കട്ടെ – ദയവായി നിങ്ങളുടെ ആടുകളെ കൊല്ലാക്കൊല ചെയ്യരുത്.