ആത്മീയശുശ്രൂഷകള്‍ പീഡനമാക്കരുത്

0
2878

എഡിറ്റോറിയൽ

ആത്മീയശുശ്രൂഷകള്‍ പീഡനമാക്കരുത്

ല്ലാ ആത്മീയശുശ്രൂഷകള്‍ക്കും അതതിന്‍റെ മാന്യതയും ശുശ്രൂഷാരീതികളുമുണ്ട്. ആദ്യകാല സഭകളിലെ ശുശ്രൂഷകളും അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലുകളും മറ്റും ഇവ വ്യക്തമാക്കുന്നവയാണ്. നമ്മുടെ പിതാക്കന്മാരും കേരളത്തിലെ പെന്തെക്കോസ്തു സഭകളുടെ ആരംഭകാല ശുശ്രൂഷകരും മറ്റും ആത്മീയശുശ്രൂഷകള്‍ മാന്യമായി കൈകാര്യം ചെയ്തിരുന്നവരും തങ്ങളുടെ ശിഷ്യഗണത്തിനു അവ പഠിപ്പിച്ചുകൊടുത്തവരുമാണ്.

ഇന്നത്തെ ശുശ്രൂഷകരിലധികവും എവിടെനിന്നെങ്കിലും പകര്‍ത്തിയ രീതികളും പ്രസംഗങ്ങളുമായാണു സഭകളിലെത്തുന്നത്. ദൈവത്തില്‍ നിന്നു കാത്തിരുന്നു, പ്രാര്‍ഥിച്ചു പ്രാപിച്ചവ ചുരുക്കമായിരിക്കും. പലരും ജനത്തിന്‍റെ ട്രെന്‍ഡ് മനസിലാക്കിയാണു ശുശ്രൂഷാരീതികള്‍ തിരഞ്ഞെടുക്കുന്നത്.  കൈയടികിട്ടുകയും നല്ല ശുശ്രൂഷ എന്ന പേരുനേടുകയുമാണു മിക്കവരുടെയും ലക്ഷ്യം. ഏതെങ്കിലും ഒരു വാക്യം വായിച്ചശേഷം കാടുകയറി എന്തൊക്കെയോപറഞ്ഞ് അവസാനിപ്പിക്കുകയാണു പലരുടെയും രീതി. വചനം പ്രസംഗിക്കുകയെന്നതും വചനത്തില്‍ നിന്നു പ്രസംഗിക്കുകയെന്നതും അന്യമായിരിക്കുന്ന കാലഘട്ടമാണിത്. ഒരു മണിക്കൂര്‍ പ്രസംഗംകേട്ടശേഷം എന്താണു പ്രസംഗിച്ചതെന്നു പ്രസംഗകനോ കേള്‍വിക്കാര്‍ക്കോ ഒരു രൂപവുമില്ലാതെയാണു പിരിഞ്ഞുപോവുക. തികച്ചും സങ്കടകരമായ ഒരനുഭവമല്ലേ ഇത്?
ഉപവാസപ്രാര്‍ഥനയിലും ഉണര്‍വുയോഗത്തിലും പങ്കെടുക്കുന്നവരെ പല ശുശ്രൂഷകരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതു കാണാറുണ്ട്. ‘ആരാധന’ എന്ന പേരില്‍ ആരംഭിക്കുന്ന പരിപാടിയില്‍ സദസ്യര്‍ ഒന്നടങ്കം എഴുന്നേറ്റുനില്‍ക്കണം. എഴുന്നേറ്റുനിന്നു കര്‍ത്താവിനെ പാടിയാരാധിക്കുന്നതില്‍ അപാകതയൊന്നുമില്ല, നല്ലതുമാണ്. എന്നാല്‍, ഉപവാസത്തോടെയും അല്ലാതെയും യോഗത്തില്‍ സംബന്ധിക്കുന്നവര്‍ പലപ്രായക്കാരായിരിക്കും. അന്‍പതു വയസ്സുകഴിഞ്ഞ മിക്കവരും ഇന്നു പലവിധ രോഗങ്ങള്‍ക്ക് അടിമകളായിരിക്കും. നിവര്‍ന്നുനില്‍ക്കാന്‍ കഴിയാത്ത അനേകരും ആത്മീയതാല്‍പര്യത്താല്‍ മിക്ക യോഗങ്ങളിലും പങ്കെടുക്കാറുണ്ട്.

ഒരു മണിക്കൂര്‍ പ്രസംഗംകേട്ടശേഷം എന്താണു പ്രസംഗിച്ചതെന്നു പ്രസംഗകനോ കേള്‍വിക്കാര്‍ക്കോ ഒരു രൂപവുമില്ലാതെയാണു പിരിഞ്ഞുപോവുക

ശുശ്രൂഷകന്‍റെ പാടവം തെളിയിക്കുന്നതിനും ‘ഉണര്‍വ്’ ഉണ്ടാക്കുന്നതിനുമായി ഇങ്ങനെയുള്ള രോഗികളെ നിര്‍ദാഷിണ്യം ദീര്‍ഘനേരം നിര്‍ത്തുന്നത് ഒരുവക  പീഡനമാണ്. അപൂര്‍വം ചില ശുശ്രൂഷകര്‍ ‘എഴുന്നേറ്റു നില്‍ക്കാന്‍ കഴിവുള്ളവര്‍ എഴുന്നേറ്റുനിന്ന് ആരാധനയില്‍ സംബന്ധിക്കാം’ എന്നു ചുരുക്കം സന്ദര്‍ഭങ്ങളില്‍ പറയുന്നതു കേട്ടിട്ടുണ്ട്. നിര്‍ബന്ധിച്ചും ശാരീരികാവസ്ഥ ഒന്നും മനസിലാക്കാതെ എഴുന്നേല്പിക്കുന്ന ചടങ്ങുകളിലെ അതിഥി ശുശ്രൂഷകന്‍ ആരെങ്കിലും ഇരിക്കുന്നതു കണ്ടാല്‍ അവരുടെ തലയ്ക്കടിക്കുന്ന ചില കമന്‍റു പറയാറുണ്ട്: ‘ആരാധനയ്ക്ക് എഴുന്നേല്‍ക്കാന്‍ മടിയുള്ള ചില അച്ചായന്മാരുണ്ട്’, ഒടുവില്‍ ഒരു മുന്നറിയിപ്പും: ‘നീയൊക്കെ എഴുന്നേല്‍ക്കുന്ന സമയം വരും’. ഈ വക സംസാരങ്ങള്‍ നിര്‍ത്താനും അതിഥിപ്രസംഗകരെ നിയന്ത്രിക്കാനും വ്യക്തികളെക്കുറിച്ചറിയാവുന്ന സഭാശുശ്രൂഷകര്‍ ശ്രദ്ധിക്കേണ്ടതാണ്.  
മറ്റാരെങ്കിലും ശുശ്രൂഷിക്കുമ്പോള്‍ മരക്കുറ്റിപോലെ വേദിയിലിരിക്കുന്നവര്‍ക്കും തങ്ങള്‍, എഴുന്നേറ്റാല്‍ എല്ലാവരും ആടണം, പാടണം എന്നൊക്കെയുള്ള വാശിയിലാണ്.

കണ്‍വന്‍ഷനുകളില്‍ ചിലര്‍ പ്രസംഗത്തിനെഴുന്നേറ്റാല്‍ ഇടത്തോട്ടു നോക്കുക, വലത്തോട്ടു നോക്കുക, കൈകൊടുക്കുക, വാക്യം പറയുക, ഇരിക്കുക, എഴുന്നേല്‍ക്കുക എന്നിങ്ങനെയുള്ള അഭ്യാസങ്ങള്‍ നടത്താറുണ്ട്. ഇവ ആത്മപ്രേരണയുടെ ഫലമല്ല, പടിഞ്ഞാറുനിന്ന് ഇറക്കുമതിചെയ്ത വെറും പ്രകടനങ്ങളാണ്. പലര്‍ക്കും ഇവയും പീഡനതുല്യമാണ്. പെന്തെക്കോസ്തിന്‍റെ ആദ്യകാലാനുഭവങ്ങളില്‍ ഇത്തരം കസര്‍ത്തുകള്‍ ഒന്നും ഇല്ലായിരുന്നെങ്കലും വിശ്വാസികള്‍ എല്ലാവരും ആത്മനിറവു പ്രാപിച്ചവരും അന്യഭാഷയില്‍ ദൈവത്തെ സ്തുതിക്കുന്നവരുമായിരുന്നു.
ശുശ്രൂഷ ആര്‍ക്കും ഒരു ഭാരത്തിനു കാണമാകരുത്. അത് പീഡനത്തിനു സമവുമാകരുത്. ശുശ്രൂഷകന്‍റെ മികവുതെളിയിക്കലല്ല, ശുശ്രൂഷയുടെ ലക്ഷ്യം. അതു ആത്മീയസന്തോഷവും വിടുതലും അനുഗ്രഹവുമാകണം. അതിനു അഭ്യാസങ്ങളല്ല, പരിശുദ്ധാത്മനിറവാണാവശ്യം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here