പെന്തെക്കോസ്തു മാധ്യമ ധര്‍മം പുനപരിശോധിക്കണം
എഡിറ്റോറിയൽ
പെന്തെക്കോസ്തു മാധ്യമ ധര്‍മം പുനപരിശോധിക്കണം
സഭാസമൂഹങ്ങള്ക്കിടയില് വേറിട്ട പാത വെട്ടിത്തുറന്ന്, വന്‍ ആത്മീയമുന്നേറ്റമുണ്ടാക്കിയ സാക്ഷ്യമാണു പെന്തെക്കോസ്തുകാര്ക്കുള്ളത്. അപ്പൊസ്തലിക കാലഘട്ടത്തിന്റെ തനിയാവര്‍ത്തനം പെന്തെക്കോസ്തു പ്രസ്ഥാനങ്ങളുടെ ആദ്യകാലങ്ങളില്‍ എവിടെയും ദൃശ്യമായിരുന്നു. ഇന്ന്, അവ അല്പം കുറഞ്ഞെന്നു പലരും സംശയിക്കുന്നെങ്കിലും, സഭാവളര്ച്ചാനിരക്കില് ഗണ്യമായ വര്‍ധന പെന്തെക്കോസ്തിനു തന്നെയാണ്. പുതുതലമുറ ആത്മീയകൂട്ടങ്ങളെല്ലാം – പെന്തെക്കോസ്ത് എന്ന പേരിലല്ലാത്തവപോലും- തത്ത്വത്തില്‍ പെന്തെക്കോസ്താണ്. വ്യത്യസ്തമായ ഒരുപിടി അനുഭവങ്ങള്‍ ഈ സമൂഹത്തിനു പറയാനുണ്ട്; അവരില്‍നിന്നു പുറംലോകം അവ പ്രതീക്ഷിക്കുന്നുണ്ടുതാനും.
ഈ പശ്ചാത്തലത്തിലാണു നമ്മുടെ മാധ്യമപ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടത്. നമ്മുടെയിടയില്‍ ഇന്നും നിന്നുപോയിട്ടില്ലാത്ത അപ്പൊസ്തോലിക കാലഘട്ടത്തിലെ കൃപാവരങ്ങള്‍ പുറംലോകത്തിനു വെളിപ്പെടുത്താന്‍ നമ്മുടെ പത്രങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ വേറെ ആരാണതിനു മുന്നോട്ടിറങ്ങേണ്ടത്? പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളുടെ പ്രവര്‍ത്തനം, പ്രാര്‍ഥനയിലൂടെയുള്ള രോഗശാന്തിയും ഭൂതശാന്തിയും, തകര്‍ന്ന കുടുംബങ്ങളുടെ പുനഃസംയോജനം, സാമൂഹിക തിന്മകള്ക്കെതിരെയുള്ള പ്രവര്‍ത്തനം എന്നിവയെല്ലാം നമുക്ക് അവകാശപ്പെടാന്‍ കഴിയുന്നിടത്തോളം മറ്റുള്ളവര്‍ക്കാവില്ല എന്നതു തര്‍ക്കമറ്റ സംഗതിയാണ്. ഇവയെക്കുറിച്ച് പുറംലോകത്തിനു വ്യക്തമായ ധാരണകള്‍ സൃഷ്ടിക്കാന്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായാല്‍, അതു മറ്റുള്ളവരെ വിശ്വാസസമൂഹത്തിലേക്ക് ആകര്‍ഷിക്കാനും നമ്മുടെ യത്നങ്ങളില്‍ ആവശ്യമായ സമൂഹത്തിന്റെ പിന്തുണ ആര്‍ജിക്കാനും അതിലൂടെ ഒരു അഭിനവ ആത്മീയമുന്നേറ്റം നടത്താനും നമുക്കു തീര്‍ച്ചയായും കഴിയും.
പക്ഷെ, ഇന്ന് എന്താണു നമ്മുടെ മാധ്യമങ്ങള്‍ ചെയ്യുന്നത്. ഓരോ മാധ്യമത്തിന്റെ നാലഞ്ചുലക്കങ്ങള് കൂട്ടിവായിച്ചാല്‍ വായനക്കാരനു ഒരു പൊതുലക്ഷ്യം കണ്ടെത്താനാകുന്നുണ്ടോ? പെന്തെക്കോസ്തു മാധ്യമം എന്ന് അവകാശപ്പെടുകയോ, ആ നിലയില്‍ പെന്തെക്കോസ്തുകാര്ക്കിടയില് പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കു വ്യക്തിപരമായി ഏതെങ്കിലും നിലയില്‍ പ്രസിദ്ധിയോ സ്വാധീനമോ ഒക്കെ ഉണ്ടാക്കിയെടുക്കണം എന്നല്ലാതെ മറ്റൊരു ആത്മീയോദ്ദേശ്യമുണ്ടോ? ചിലരെ ഉയര്‍ത്താനും മറ്റു ചിലരെ ഇകഴ്ത്താനുമുള്ള മാധ്യമങ്ങളുടെ കഴിവിനെ ആത്മീയ മണ്ഡലത്തില്‍ തെറ്റായി ഉപയോഗിച്ച് സഭാതിരഞ്ഞെടുപ്പുകളില് വോട്ടുനേടാനും ഇഷ്ടമില്ലാത്തവരെ താറടിക്കാനും നമ്മുടെ മാധ്യമസുഹൃത്തുക്കള്‍ക്ക് യാതൊരു മടിയുമില്ല. ദൈവഭയം നഷ്ടപ്പെട്ട് ആരെക്കുറിച്ചെങ്കിലും ഇല്ലാത്ത ഗുണങ്ങള്‍ ഉണ്ടെന്നെഴുതി പണം സമ്പാദിക്കുകയാണോ ചിലരുടെ ലക്ഷ്യം എന്നുപോലും സംശയിക്കത്തക്ക വിധത്തിലാണു കാര്യങ്ങള്‍.
ലോകചരിത്രത്തില്‍ ഇന്നും പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിക്കു ഊന്നല്‍ നല്‍കുകയും അതില്‍ പങ്കാളികളാകുകയും ചെയ്യുന്ന സമൂഹമാണു നാം. ഭൗതികഘടനയ്ക്കോ അവയെ നിയന്ത്രിക്കുന്ന വ്യക്തികള്‍ക്കോ ഗണ്യമായ പ്രാധാന്യം നല്കാത്തവരാണു നാമെങ്കിലും നമ്മുടെ മാധ്യമങ്ങളിലൂടെ ആളുകള്‍ വായിച്ചറിയുന്നതു നേരേമറിച്ചാണ്. ദൈവത്തെയും ദൈവനാമത്തെയും ഉയര്‍ത്താനുള്ള മാര്‍ഗമായി നാം മാധ്യമങ്ങളെ രൂപപ്പെടുത്തണം. ദൈവത്തെക്കാളധികം മനുഷ്യനെ പ്രസാദിപ്പിക്കാന്‍ ശ്രമിച്ചാല്‍ നാം ദൈവത്തിന്റെ ദാസന്മാരല്ല, നമ്മുടെ പ്രവര്‍ത്തനം ദൈവികവുമല്ല എന്ന തിരിച്ചറിവ് എന്നാണു നമുക്കുണ്ടാകുക?