ദുരന്തങ്ങള്‍ നാടിനെ നടുക്കുമ്പോള്‍

0
1412

ദുരന്തങ്ങള്‍ നാടിനെ
നടുക്കുമ്പോള്‍

കേരളജനത ഒരു പ്രളയദുരന്തംകൂടി കഴിഞ്ഞയാഴ്ചകളില്‍ ഏറ്റുവാങ്ങി. വയനാട്, മലപ്പുറം ജില്ലകളാണ് പ്രകൃതിയുടെ ക്രൂരതാണ്ഡവത്തിനു ഏറ്റവുമധികം ഇരയായത്. നിരവധിപേര്‍ക്കു ഭവനവും കുടുംബാംഗങ്ങളും നഷ്ടമായി. ഉടുതുണിക്കു മറുതുണിയില്ലാതെ ജീവനുംകൊണ്ട് ദുരിതാശ്വാസക്യാംപുകളില്‍ എത്തിയവര്‍ വളരെയാണ്. പ്രളയം സൃഷ്ടിച്ച കെടുതികള്‍ക്ക് അല്പമെങ്കിലും ആശ്വാസമുണ്ടാകണമെങ്കില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ കിണഞ്ഞുപരിശ്രമിച്ചാല്‍ തന്നെ, കുറഞ്ഞപക്ഷം ആറുമാസമെടുക്കും. കോടിക്കണക്കിനു രൂപ സമാഹരിക്കുകയും പലതരത്തിലുള്ള ആസൂത്രണപദ്ധതികളും ആവിഷ്കരിക്കയും ചെയ്താലേ കെടുതികളുടെ പകുതിയെങ്കിലും പരിഹരിക്കാനാകൂ. അതൊക്കെ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുമെന്നു പ്രതീക്ഷിക്കാം. വിദേശമലയാളികളും മനുഷ്യസ്നേഹികളായ ബിസിനസുകാരുമൊക്കെ ഈ ശ്രമങ്ങളില്‍ പങ്കുചേരുമെന്നും കരുതാം.

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണംലഭിക്കുന്നെങ്കിലും വസ്ത്രങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും അഭാവം നേരിടുന്നുണ്ട് എന്നതു യാഥാര്‍ഥ്യമാണ്. അടുത്തദിനങ്ങളില്‍ പലരും സ്വന്തം ഇടങ്ങളിലേക്കു മടങ്ങുമ്പോള്‍ ജീവിതം തുടങ്ങാനാവശ്യമായ അടിസ്ഥാനവിഭാഗങ്ങളാണ് അവര്‍ക്ക് അടിയന്തരമായി ആവശ്യമുള്ളത്. വസ്ത്രങ്ങള്‍, പാത്രങ്ങള്‍ കട്ടില്‍, കിടക്ക മറ്റു ഗൃഹോപകരണങ്ങള്‍ എന്നിവ അവര്‍ക്കു വേണം. അതു ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കും നല്‍കാന്‍ സഭയ്ക്കു കഴിയണം. ഇത്തരം സഹായങ്ങള്‍ നല്‍കാന്‍ മധ്യ, തെക്കന്‍ കേരളത്തിലെ ആസ്തിയുള്ള സഭകള്‍ തങ്ങളുടെ ഫണ്ടിന്‍റെ ഒരുഭാഗം മാറ്റിവയ്ക്കണം. ഇതര കാര്യങ്ങള്‍ക്കായി കരുതിവെച്ച തുകകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരാഴ്ചകളില്‍ തന്നെ അതു ദുരിതബാധിതര്‍ക്കു നല്‍കാന്‍ കഴിയണം. വിശ്വാസികളായ എല്ലാവരും തന്നെ അത്തരം ഉദ്യമത്തില്‍ പങ്കുചേര്‍ന്ന് അര്‍ഹരായവര്‍ക്ക്, ഇടങ്കൈ കൊടുക്കുന്നത് വലംകൈ അറിയരുതെന്ന ചിന്തയോടെ കൈമെയ് മറന്ന് പ്രവര്‍ത്തിക്കണം. ക്യാംപുകളില്‍ കഴിയുന്ന സ്ത്രീജനങ്ങളുടെ ആവശ്യങ്ങള്‍ വളരെ പരിഗണിക്കേണ്ടതാണ്. അതിനായി നമ്മുടെ സഹോദരിമാരും സഹോദരിസംഘടനകളും മുന്നോട്ടുവരുന്നതു നല്ലതാണ്.

കഴിഞ്ഞതവണ പ്രളയമുണ്ടായപ്പോള്‍ പല പെന്തെക്കോസ്തു സഭാവിഭാഗങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനത്തിനു സഭയുടെ ജനറല്‍ കണ്‍വന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയുടെ ചെലവുകള്‍ വെട്ടിക്കുറച്ച്, ദുരിതാശ്വാസനിധിയിലേക്കു സംഭാവനനല്‍കിയതും ജനജീവിതം കരുപ്പിടിപ്പിക്കാനായി പ്രാദേശികമായി പ്രവര്‍ത്തിച്ചതും അഭിനന്ദനാര്‍ഹമായിരുന്നു. അന്നു സഭകള്‍ ഏറെയുള്ള മധ്യ, തെക്കന്‍ ജില്ലകളായിരുന്നു പ്രളയത്തിനു കൂടുതല്‍ ഇരയായത്. ഇത്തവണ വടക്കന്‍ കേരളമാണ് കൂടുതല്‍ ദുരിതം ഏറ്റുവാങ്ങിയത് എന്നുമാത്രം. മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും സഭകള്‍ അവസരത്തിനൊത്ത് ഉണര്‍ന്നാല്‍, ദുരിതബാധിതരെ സഹായിക്കുന്നതിലൂടെ ദൈവസ്നേഹത്തിന്‍റെ ചാലകമായി മാറാന്‍ നമുക്കു കഴിയും. അതുതന്നെ ഒരു സുവിശേഷമായിരിക്കട്ടെ.

അവസാനമായി ഒരു വാക്കുകൂടി: ഇപ്പോള്‍ വേദശാസ്ത്രപരമായി പ്രളയത്തെ വ്യാഖ്യാനിക്കാനോ അത് ദൈവകോപമാക്കി അവതരിപ്പിക്കാനോ ഉള്ള സമയമല്ല. സമചിത്തതയും മനുഷ്യസ്നേഹവും പ്രദര്‍ശിപ്പിക്കാനും അതുവഴി നമ്മുടെ ക്രൈസ്തവ സാക്ഷ്യം ഉയര്‍ത്തിപ്പിടിക്കാനുമുള്ള അവസരമായി മാത്രം വേണം ഇതിനെ കാണാന്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here