എഡിറ്റോറിയൽ
സുവിശേഷ പ്രവര്‍ത്തനത്തിനു ശ്രദ്ധ വേണ്ടിയ കാലം
പെന്തെക്കോസ്തുകാര്‍ ആളുകളെ മതംമാറ്റുന്നു എന്ന അപവാദം ഈയിടെ പലരും പ്രചരിപ്പിച്ചുവരുന്നുണ്ട്. പെന്തെക്കോസ്തു സഭാവിശ്വാസികളോ, ശുശ്രൂഷകന്മാരോ ആരെയും മതംമാറ്റത്തിനു പ്രേരിപ്പിക്കുന്നില്ല എന്നതാണു സത്യം. ഇതെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായം ചില നാളുകള്‍ക്കു മുന്‍പ് ഈ പംക്തിയില്‍ വിശദമാക്കിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തെറ്റാണെന്നാണു പെന്തെക്കോസ്തുകാര്‍ വിശ്വസിക്കുന്നത്. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അതിനു അവരെ ശാസിക്കുന്ന രീതിവരെ പെന്തെക്കോസ്തുസഭകളിലുണ്ട്. ഒരാളെ അന്യമതത്തില്‍നിന്നും പെന്തെക്കോസ്തു സഭയില്‍ നിര്‍ബന്ധപൂര്‍വം ചേര്‍ത്താല്‍ ആ സഭയ്ക്കോ ചേര്‍ക്കുന്ന ആള്‍ക്കോ വ്യക്തിപരമായി യാതൊരു പ്രയോജനവും ഇല്ല. പിന്നെ, ചിലര്‍ പറയുന്നതുപോലെ പെന്തെക്കോസ്തുകാര്‍ പണംകൊടുത്ത് ആളുകളെ വശീകരിക്കുന്നു എന്നതില്‍ യാതൊരു വാസ്തവവും ഇല്ല. അതറിയണമെങ്കില്‍ അപ്രകാരം മതംമാറ്റക്കുറ്റം ആരോപിക്കപ്പെടുന്ന ആളിനെയോ, അയാള്‍ ഉള്‍പ്പെട്ടുനില്‍ക്കുന്ന സഭയെയോ പറ്റി ശരിയായി അന്വേഷിച്ചാല്‍ മാത്രം മതി. പലയിടത്തും സഭാരാധനയ്ക്കു കൂടിവരുന്നതുതന്നെ പരിമിതമായ സൗകര്യങ്ങളുള്ള ആരാധനാസ്ഥലത്തായിരിക്കും. വിശ്വാസികളില്‍ അധികംപേരും അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്നവരാണ്. സമ്പാദ്യമോ, ബാങ്ക് ബാലന്‍സോ ഒന്നും അവര്‍ക്കുണ്ടാകില്ല. അവര്‍ക്കു പണംനല്‍കി സഹായിക്കാന്‍ പുറമെനിന്നും ആരും വരാറില്ല.
ഒരു പെന്തെക്കോസ്തു വിശ്വാസിയോ, സുവിശേഷകനോ ഏതെങ്കിലും കവലയില്‍പോയി പ്രസംഗിക്കുന്നതോ ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിച്ചു പ്രാര്ഥിക്കുന്നതോ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ഥനകള്‍ നടത്തുന്നതോ ആരും നിര്‍ബന്ധപൂര്‍വം അവരെക്കൊണ്ടു ചെയ്യിക്കുന്നതല്ല.
സകലസൃഷ്ടിയോടും സുവിശേഷം അറിയിക്കുക എന്ന കര്ത്തൃകല്പന പാലിക്കുന്നതിന്റെ ഭാഗമാണിത്. സുവിശേഷത്തിലൂടെ മനുഷ്യരെ ദൈവഭാഗത്തേക്കു കൊണ്ടുവരാനുള്ള ശ്രമം മാത്രമാണിത്. അതിനുപുറകില്‍ മറ്റു സ്ഥാപിത താല്പര്യങ്ങളുമില്ല. ഇതിനെയാണു വികലമായ രീതിയില്‍ സമൂഹമധ്യേ പ്രചരിപ്പിച്ച് പെന്തെക്കോസ്തുകാരെ അപമാനിക്കുന്നത്. ഒരു വിശ്വാസി അയാള്‍ എവിടെയായിരുന്നാലും സുവിശേഷം പറയാന്‍ ഒരുക്കമുള്ളവനാണ്. രാജ്യത്തെ ഏതു പൊതുസ്ഥലത്തും അതു നിര്‍വഹിക്കുന്നതിനെ ഭരണഘടന അനുവദിക്കുന്നുണ്ട്. ഇന്ത്യയിലെ ഏതു പൗരനും താന്‍ വിശ്വസിക്കുന്ന – മത, രാഷ്ട്രീയ, ശാസ്ത്രീയ പ്രത്യയശാസ്ത്രങ്ങള്‍ – പ്രചരിപ്പിക്കാം. അതിനെ ആര്‍ക്കും തടയാനാവില്ല. കേള്‍വിക്കാര്‍ക്കു വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്. അത് അവര്‍ നിര്‍വഹിച്ചാല്‍ മതി. അതിലധികമായി ചെയ്യുന്നതെന്തും നിയമവിരുദ്ധമാണ്.
സാധാരണ സുവിശേഷം പറയുകയല്ലാതെ പ്രലോഭനങ്ങള്‍ നല്‍കിയോ മറ്റ് സാമ്പത്തിക സൗകര്യങ്ങള്‍ വാഗ്ദാനംചെയ്തോ ഒരാളുടെയും മനസ്സുമാറ്റാന്‍ വിശ്വാസികളോ, ശുശ്രൂഷകന്മാരോ തുനിയാറില്ല. അതിന് അവര്‍ക്ക് കഴിയുകയില്ല എന്ന സത്യത്തിനപ്പുറം അല്ലാതൊരാളെ ഈ മാര്‍ഗത്തിലേക്കു കൂട്ടിക്കൊണ്ടുവന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും അവര്‍ ബോധവാന്മാരുമാണ്. എന്നാൽ ചിലയിടത്തെല്ലാം കള്ളക്കഥകൾ ഉണ്ടാക്കി സമൂഹമധ്യത്തില്‍ പെന്തെക്കോസ്തുകാരെ താറടിച്ചുകാണിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ വളരെ വിലകുറഞ്ഞതാമെന്നു പറയട്ടെ.
സുവിശേഷപ്രവര്ത്തകരോട് ഒരുവാക്ക് പറയട്ടെ, ആരെയും ആത്മാവിന്റെ രക്ഷയ്ക്കായി നിര്‍ബന്ധിക്കരുത്. രോഗസൗഖ്യം ലഭിക്കുമെന്നും സാമ്പത്തികസ്ഥിതി മാറുമെന്നും, വീട്ടിലെപ്രശ്നങ്ങൾ തീരുമെന്നും പറയുന്നത് പ്രലോഭനം നല്കലായിപ്പോലും കണക്കാക്കാം. അതുകൊണ്ടു സുവിശേഷകന്റെ ലക്ഷ്യം പാപിയുടെ മാനസാന്തരം (ആത്മാക്കളുടെ രക്ഷ) മാത്രമായിരിക്കണം. പ്രസംഗം നിർമ്മല സുവിശേഷവും. പിതാവ് ആകര്‍ഷിച്ചിട്ടല്ലാതെ ആരും എന്റെ അടുക്കല്‍ വരുന്നില്ല എന്നാണു കര്‍ത്താവ് പറഞ്ഞിട്ടുള്ളത്. സഭയായോ, വ്യക്തികളായോ സുവിശേഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ അതീവ ശ്രദ്ധയോടെവേണം പ്രവര്‍ത്തിക്കാന്‍. ഉച്ചഭാഷണി പ്രവർത്തിപ്പിക്കുന്നതിൽ പോലും ആ ശ്രദ്ധ വേണം. ആരെക്കൊണ്ടും ഒരു അപവാദത്തിനും ഇടനല്‍കാതെ നിര്മലതയോടെ സുവിശേഷം ഘോഷിച്ചാല്‍ ഒരിടത്തുനിന്നും എതിര്‍പ്പുണ്ടാകയില്ല.
അതോടൊപ്പം സഭയായും വ്യക്തികളായും പ്രാര്‍ഥനയോടെ വേണം ഈ ശുശ്രൂഷചെയ്യാന്‍. എതിര്‍പ്പുകളും അസഭ്യംപറയുന്നതും മറ്റും ഏതുകാലത്തും പെന്തെക്കോസ്തുകാര്ക്കുനേരെ ഉണ്ടായിട്ടുണ്ട്. ഒരിടത്ത് ആളുകള്‍ നിങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ പരിഭവിക്കരുത്. കര്‍ത്താവു പറഞ്ഞതുപോലെ കാലിലെ പൊടി അവരുടെനേരെ സാക്ഷ്യത്തിനായി തട്ടി ദൈവം നിങ്ങളെ മറ്റൊരിടത്തേക്ക് അയയ്ക്കുന്നെങ്കില്‍ അവിടേക്കു പോകുക. പകലുള്ളിടത്തോളം അയച്ചവന്റെ വേല ചെയ്യുക. ആര്‍ക്കും പ്രവര്‍ത്തിക്കാനാവാത്ത രാത്രി വരുന്നുണ്ട്.