പഠനമികവ് പ്രകടിപ്പിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങൾ

0
2231
Editorial
പഠനമികവ് പ്രകടിപ്പിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങൾ
എസ്എസ്എല്‍സി, പ്ലസ്ടൂ  പരീക്ഷകളില്‍ ഉന്നതമാര്‍ക്കുവാങ്ങി വിജയം നേടിയ എല്ലാ പെന്തെക്കോസ്തു വിദ്യാര്‍ഥികള്‍ക്കും ഞങ്ങളുടെ അഭിനന്ദനങ്ങള്‍!
ഓരോ വര്‍ഷവും ധാരാളംപേര്‍ പഠിച്ചിറങ്ങുന്നുണ്ടെങ്കിലും ജീവിതമത്സരത്തില്‍ അവര്‍ എത്രപേര്‍ മുന്നോട്ടുപോകുന്നുണ്ട് എന്നത് ചിന്തനീയമാണ്. അതുപോലെ കേരളത്തില്‍ പെന്തെക്കോസ്തുകാരായ കുട്ടികള്‍ എത്രശതമാനം പേര്‍ മുഴുവന്‍ എപ്ലസ് വാങ്ങി പാസായിട്ടുണ്ട് എന്നതിനു കണക്കുകള്‍ ഇല്ലെങ്കിലും അങ്ങനെയൊരു പഠനം നടത്തുന്നത് നന്നായിരിക്കും എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇന്ത്യയില്‍ വിദ്യാഭാസപരമായി ഏറ്റവും മുന്നില്‍നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണല്ലോ കേരളം. പണ്ടുണ്ടായിരുന്ന ആ ഖ്യാതിക്ക് അടുത്തിടെയായി മങ്ങലേറ്റുതുടങ്ങിയിട്ടുണ്ട് എന്നതു സത്യമാണ്. ഇതര സംസ്ഥാനങ്ങള്‍ പ്രത്യേകിച്ചും തീരെ അവഗണിക്കപ്പെട്ട ചിലയിടങ്ങളില്‍നിന്നുപോലും ഉന്നതവിദ്യാഭ്യാസം കൈവരിച്ച ധാരാളംപേര്‍ ഇന്നുഭാരതത്തിലെ തലയെടുപ്പുള്ള വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നത് കേരളക്കാര്‍ അറിഞ്ഞിരിക്കണം. നമ്മുടെ നാട്ടില്‍ പഠനസൗകര്യങ്ങള്‍ കുറവുള്ള ഇടങ്ങള്‍ തുലോം വിരളമാണ്. മുന്‍പ് പുറകില്‍ നിന്നിരുന്ന ചില താലൂക്കുകളും പ്രദേശങ്ങളും ഇന്നു വളരെ മുന്‍പിലാണ്. ഈ വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ മലപ്പുറം ജില്ലയ്ക്കുണ്ടായ നേട്ടം അഭിനന്ദനാര്‍ഹമാണ്. പിന്നാക്ക ജില്ലകളില്‍നിന്നു പോലും ഉന്നതനിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ പുറത്തുവരുന്നു എന്നതു ഐശ്വര്യസൂചനയാണ്. 
പെന്തെക്കോസ്തു വിശ്വാസികളുടെ മക്കള്‍ പഠനമികവില്‍ ശരാശരിക്കാരാണെന്നുവേണം കരുതാന്‍. നാം ഉന്നതമാര്‍ക്കുനേടിയവരെക്കുറിച്ച് ഗുഡ്ന്യൂസില്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. അവര്‍ക്കു ലഭിച്ച മാര്‍ക്കുകള്‍ മറ്റു ഉന്നതസ്ഥാനീയരുമായി തുലനംചെയ്യുമ്പോഴാണു നിലവാരത്തിന്‍റെ കുറവ് നമുക്കു ബോധ്യമാകുന്നത്. നല്ല മാതാപിതാക്കളും പ്രാര്‍ഥിക്കാന്‍ സഭയും പഠനസൗകര്യങ്ങളും എല്ലാം ഉണ്ടായിട്ടും മുന്നില്‍ വരാന്‍കഴിയാതിരിക്കുന്നതിന്‍റെ പ്രധാന കുറവ് കുട്ടികള്‍ക്കു തന്നെയാണ്. മാതാപിതാക്കള്‍ക്കോ, സഭയ്ക്കോ അവരെ സഹായിക്കുന്നതിനു പരിധിയുണ്ട്. പലപ്പോഴും വളരെ പ്രതീക്ഷയര്‍പ്പിക്കുന്ന കുട്ടികള്‍പോലും പിന്നാക്കം പോകുന്നതു ദുഃഖകരമാണ്. വീഴ്ച കണ്ടെത്തി പരിഹാരം തേടാന്‍ ആവശ്യമെങ്കില്‍ കൗണ്‍സലിംഗ് നടത്തി കുട്ടികള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കാന്‍ സഭാപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണം. മുന്‍പ് ഞങ്ങള്‍ എഴുതിയതുപോലെ നമ്മുടെ പെണ്‍കുട്ടികള്‍ക്കു നേഴ്സിങ്ങിനപ്പുറം ഒരു ചിന്തയേ ഇല്ല. നമ്മുടെ ഇടയില്‍ നിന്നും വിദഗ്ധരായ ഡോക്ടര്‍മാരും മികവുറ്റ എന്‍ജിനീയര്‍മാരും മാത്രമല്ല, പ്രധാന  സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ വകുപ്പമേധാവികളും മാധ്യമപ്രവര്‍ത്തകരും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്‍റെ കൂടി ആവശ്യമാണ്. സഭയും സമൂഹവും മാതാപിതാക്കളും കുട്ടികളും ഒരുമിച്ചു യത്നിച്ചാല്‍ അനായാസം ഈ വിജയം നമുക്കു കരഗതമാക്കാം. 
പെന്തെക്കോസ്തു വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും അവാര്‍ഡും പ്രോത്സാഹനങ്ങളും നല്‍കിത്തുടങ്ങിയത് ഗുഡ്ന്യൂസ് വാരികയാണ്. ഇപ്പോഴും പഠനമികവുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു ഞങ്ങള്‍ പിശുക്കുകാണിക്കാറില്ല. ഈ വരുന്ന ആഴ്ചകളില്‍ തന്നെ ഈ വര്‍ഷത്തെ വിജയികളുടെ ചിത്രങ്ങളും മറ്റും ഉള്‍പ്പെടുന്ന വിശേഷാല്‍പതിപ്പ് പുറത്തിറങ്ങുന്നതാണ്. റിസല്‍റ്റു വന്നതിന്‍റെ അടുത്ത ദിവസങ്ങളില്‍ തന്നെ ഓണ്‍ലൈന്‍ ഗുഡ്ന്യൂസ് എല്ലാ ദിവസവും വിജയികളുടെ ഫോട്ടോയും വിവരങ്ങളും കൊടുത്തുകൊണ്ടാണിരിക്കുന്നത്. അതു കൂടുതലാണെന്നു ചിലര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഞങ്ങളുടെ തീരുമാനം മറിച്ചാണ്. ഗുഡ്ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റിവഴി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു സഹായംനല്‍കിത്തുടങ്ങിയിട്ട് നാലുദശാബ്ദത്തോളമായി. മുടങ്ങിയ വിദ്യാഭ്യാസം ചാരിറ്റബിള്‍ സൊസൈറ്റിയുടെ കൈത്താങ്ങല്‍കൊണ്ട് പൂര്‍ത്തിയാക്കിയവരും പഠനമികവുണ്ടായിട്ടും പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് നല്‍കാന്‍ വകയില്ലാത്തവര്‍ക്ക് അതു നല്‍കി അവരെ പ്രാപ്തരാക്കിയതു ഗുഡ്ന്യൂസിന്‍റെ വിലപ്പെട്ട സേവനങ്ങളില്‍ ചിലതാണ്. ഉടന്‍തന്നെ ഈ വര്‍ഷത്തെ അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഗുഡ്ന്യൂസില്‍ പ്രതീക്ഷിക്കാം. നമ്മുടെ കുഞ്ഞുങ്ങള്‍ പഠനമികവു തെളിയിച്ച് കര്‍ത്താവിന്‍റെ സാക്ഷ്യം ഉയര്‍ത്തിപ്പിടിക്കണമെന്നാണു ഞങ്ങളുടെ ആഗ്രഹം. ഈ വര്‍ഷത്തെ എല്ലാ വിജയികള്‍ക്കും ഒരിക്കല്‍കൂടി ഗുഡ്ന്യൂസ് കുടുംബത്തിന്‍റെ ആശംസകള്‍ അര്‍പ്പിക്കുന്നു!  

LEAVE A REPLY

Please enter your comment!
Please enter your name here