വിദ്യാലയങ്ങൾ തുറന്നു; കരുതലും പ്രാർത്ഥനയും

Editorial

വിദ്യാലയങ്ങൾ  തുറന്നു;  കരുതലും പ്രാർത്ഥനയും

വിദ്യാലയങ്ങൾ  തുറന്നു

കരുതലും പ്രാർത്ഥനയും 

കേരളത്തിലെ വിദ്യാലയങ്ങൾ  വീണ്ടും കുട്ടികളുടെ ശബ്ദകോലാഹലങ്ങളാൽ മുഖരിതമായിക്കഴിഞ്ഞു. നീണ്ട രണ്ടുമാസത്തെ മധ്യവേനൽ അവധി കഴിഞ്ഞു ജൂൺ ഒന്നിനുതന്നെ സ്കൂളുകൾ തുറന്നു. വേനൽ അവധിയിലെ  കളി, ചിരി, യാത്ര തന്ന രസങ്ങൾ പറഞ്ഞറിയിക്കാനാവില്ല. അതോടൊപ്പം ചില വേർപാടുകൾ വരുത്തിവച്ച നൊമ്പരങ്ങൾ വളരെ വലുതായിരുന്നു. ഈ ദിവസങ്ങളിൽ അവയെല്ലാം മനഃപൂർവം മറക്കാൻ ശ്രമിക്കയാണെല്ലാവരും. സന്തോഷമായിരിക്കുവാനാണല്ലോ  എല്ലാവരുടെയും താല്പര്യം. എന്നാൽ നമ്മുടെയെല്ലാം ശ്രദ്ധ കൂടുതൽ ഉണ്ടാകേണ്ടത് വളർന്നുവരുന്ന മക്കളിൽ വ്യാപകമായി കണ്ടുവരുന്ന നൂതന പ്രവണതകളിലാണ്.

കുട്ടികളില്‍ കുറ്റവാസന പെരുകുകയാണിന്ന്. മദ്യത്തിനും മയക്കുമരുന്നിനുംവേിയാണ് അവയില്‍ പലതും. അധ്വാനിക്കാതെ സമ്പത്തു നേടാന്‍ ശ്രമിക്കുന്നവരുടെ എണ്ണം പെരുകിവരുന്നു. സഹോദരങ്ങളെയും മക്കളെയും തിരിച്ചറിയാന്‍ കഴിയാത്തവിധം മനസ്സാഷി മരവിച്ച കാലം. മദ്യാസക്തി അപകടകരമാംവിധം വര്‍ധിച്ചുവരുന്നു. ലഹരിയുടെ പുതിയ പുല്‍മേടുകള്‍ തേടി ആണ്‍പെണ്‍ വ്യത്യാസമില്ലാതെ യുവജനങ്ങള്‍ നടത്തുന്ന പരാക്രമങ്ങള്‍ സഭ്യതയുടെയും സഹോദര്യത്തിന്റെയും സീമകള്‍ ലംഘിക്കുന്നു. ഇവിടെയാണു ദൈവജനം ഉണര്‍ന്നു പ്രവര്‍ത്തിക്കേത്. "എന്റെ കുട്ടിയെ എനിക്കറിയാം. അങ്ങനെയൊന്നും അവൻ/അവൾ ചെയ്യില്ല എന്ന് ഉറപ്പിച്ചുപറയാൻ ഇന്ന് മാതാപിതാക്കൾക്ക് കഴിയുമോ? കാരണം മക്കളുടെ വഴികൾ  അവർക്കു അറിവില്ല എന്നതുതന്നെ. നിലവാരമുള്ള യൂണിവേഴ്സിറ്റികളിലും കോളേജുകളിലും അഡ്മിഷൻ ശരിയാക്കുന്നതോടെ കടമ തീരുന്നില്ല. അവരുടെ കൂട്ടുകാർ ആര്, അവരുടെ ഒഴിവുസമയം എങ്ങനെ, ക്‌ളാസ്സുകൾ മുടക്കുന്നുണ്ടോ ഇതൊക്കെ തുടർച്ചയായി നിരീക്ഷിക്കണം.അങ്ങനെയൊരു കണ്ണ് തങ്ങളുടെമേൽ ഉണ്ട് എന്ന ചിന്ത വിവേകമുള്ള കുട്ടികളെ തെറ്റില്നിന്നു പിന്തിരിപ്പിക്കും. ഏറ്റവും നല്ലത്, ദൈവപാതയിൽ അവർ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലാണ്. 

കുട്ടികളെ തേടിയുള്ള ലഹരി മാഫിയ ഇന്ന് വളരെ സജീവമാണെന്ന് എല്ലാവർക്കും അറിയാം. കൂട്ടുകാർ വഴിയാണ് ഇത് സാധാരണ കൈമാറ്റപ്പടുന്നത്. ഐസ് ക്രീം, ശീതളപാനീയങ്ങൾ, മിഠായി എന്നിവ വഴിയാണ് ലഹരി ആദ്യം നൽകി വശത്താക്കുന്നത്. ലഹരി ചേർത്ത ഈ വസ്തുക്കൾ വിലകുറച്ചോ സൗജന്യമായോ ആദ്യം നൽകുന്നു. ഇതിൽ ആകൃഷ്ടരാകുന്നതോടെ ഇതുവാങ്ങാൻ വീടുകളിൽനിന്ന് പണവും ഇതര വസ്തുക്കളും മോഷ്ട്ടിക്കുന്നു. സ്വഭാവത്തിലും പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നു. ലഹരിക്ക്‌ അടിമപ്പെടുമെന്നു കരുതിയില്ല നിസ്‌ക്കളങ്കരായ കുട്ടികൾ ഇത്തരം സാധനങ്ങൾ ഉപയോഗിച്ചുതുടങ്ങുന്നത്. എന്നാൽ അങ്ങനെയുള്ളവരിൽ നാൽപ്പതു ശതമാനം പേർ ലഹരിക്ക്‌ പൂർണമായും അടിമപ്പെടുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.

മദ്യപിക്കുകയോ ലഹരിയോ മറ്റു വിരുദ്ധകാര്യങ്ങളിൽ ഒന്നും ഏർപ്പെടുകയും ചെയ്യുന്നവരല്ലെങ്കിൽക്കൂടി വളർന്നുവരുന്ന തലമുറയെ വളരെ ശ്രദ്ധിക്കേണ്ടത് ഈ കാലഘട്ടത്തിന്റെകൂടി ആവശ്യമാണ്‌. സഭയും സൺഡേ സ്കൂളും, യുവജന പ്രസ്ഥാനങ്ങളും ഒരുപോലെ ഇവിടെ ഒരുമിച്ചുനിൽക്കണം. ശത്രു വിഷവിത്ത് വിതയ്ക്കാൻ ഇടയാക്കാതെ ഉണർന്നു നമ്മൾ കാത്തിരിക്കണം. സ്കൂൾ കോളേജ് തലത്തിൽവച്ചു കുട്ടികൾക്കുണ്ടാകുന്ന അറിവുകേടുകൾ മുതലെടുത്തു അവരെ വഴിതെറ്റിച്ചു ലാഭം കൊയ്യാൻ കച്ചകെട്ടി ഇറങ്ങിയിട്ടുള്ള സ്വാർത്ഥമതികളായ വിഷജന്തുക്കളിൽനിന്ന് അവരെ രക്ഷിക്കുവാൻ ദൈവവചനത്തിനും പ്രാർത്ഥനയ്ക്കും സ്നേഹത്തിലൂന്നിയ കരുതലിനുമേ കഴിയൂ. അവർ മിടുക്കന്മാരും മിടുക്കികളുമായി പഠിച്ചു വളർന്നുവരാൻ സഭയായി നമുക്കുള്ള കടപ്പാട് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. ഒരാൾ തെറ്റിപ്പോയാൽ അത് നമ്മുടെ സമൂഹത്തെ ആകെ ബാധിക്കും. സ്ഥാനമാനങ്ങള്‍ക്കും പദവികള്‍ക്കും വേിയുള്ള ഭ്രാന്തമായ ഒാട്ടത്തിനു വിരാമംകുറിച്ച് മനുഷ്യനെ രൂപാന്തരപ്പെടുത്തുന്ന സുവിശേഷം അറിയിക്കാന്‍ വിശ്വാസികളും ശുശ്രൂഷകാരും സന്നദ്ധരാകണം. ഇല്ലെങ്കില്‍ നഷ്ടപ്പെടുന്ന ആത്മാക്കള്‍ക്കു നാം കണക്കുകൊടുക്കേിവരും. നമ്മുടെ എല്ലാ മക്കൾക്കും ദൈവാനുഗ്രഹസമ്പൂർണമായ ഒരു പുതിയ അധ്യയന വർഷം ആശംസിക്കുന്നു.

Advertisement