തിരഞ്ഞടുപ്പിന്റെ പേരിൽ ദൈവകോപം വിളിച്ചു വരുത്തരുത്

തിരഞ്ഞടുപ്പിന്റെ പേരിൽ ദൈവകോപം വിളിച്ചു വരുത്തരുത്

തിരഞ്ഞടുപ്പിന്റെ പേരിൽ ദൈവകോപം വിളിച്ചു വരുത്തരുത്

ടി.എം. മാത്യു

കേരളത്തിലെ പാരമ്പര്യ സഭാതർക്കങ്ങൾക്കു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇന്നും അതേക്കുറിച്ചുള്ള ഒത്തുതീർപ്പു സംഗ്രഹവും നിയമനിർമാണം സാധിക്കുമെങ്കിൽ അതിനുള്ള ഫോർമുലയും പത്രത്തിൽ കണ്ടു. ഈ തർക്കങ്ങളിൽനിന്നു മാറി ദൈവത്തെ സ്വതന്ത്രമായി ആരാധിക്കുവാനുള്ള അഭിവാഞ്ഛകൊണ്ടു അപ്പോസ്തോലിക സഭകളിലേക്കു മാറിയവർ വളരെയുണ്ട്. ബ്രദറൺ, പെന്തകൊസ്തു സഭകളിലേക്കാണ് ആ മാറ്റം കൂടുതലായുണ്ടായത്. പ്രത്യേകിച്ചും പെന്തെക്കോസ്തിലേക്ക്. കോടതി, വ്യവഹാരം , പോലിസ്, സഭാതർക്കം എന്നീ പദങ്ങളൊന്നും ആദ്യകാല പെന്തക്കോസ്തുകാർ സംസാരത്തിൽപോലും ഉപയോഗിച്ചുകാണാൻ വഴിയില്ല. അത്ര നിഷിദ്ധമായിരുന്നു ആ വക സമ്പ്രദായങ്ങൾ. അന്നത്തെ പിതാക്കന്മാർ അതിനെ  വെറുത്തിരുന്നു. ചിലയിടങ്ങളിൽ ചില പ്രയാസങ്ങൾ ഉണ്ടായിട്ടുള്ളതായി പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ഭക്തന്മാരായ ദൈവദാസന്മാർ ഇടപെട്ടു അവ ഒത്തുതീർപ്പാക്കിയ സംഭവങ്ങളും പഴമക്കാർ പറയാറുണ്ട്. പെന്തെക്കോസ്തുകാരെന്നാൽ   മദ്യംകുടിക്കാത്തവർ , അടിപിടി കൂടാത്തവർ , കോടതിയിൽ പോകാത്തവർ  എന്നൊക്കെയാണു പൊതുജനങ്ങളും പറഞ്ഞുവന്നിരുന്നത്. വഴിവക്കിൽ നിന്നു സുവിശേഷം പറയും എന്ന ദോഷമേ ആളുകൾക്കു പറയാനുണ്ടായിരുന്നുള്ളു. അതുപോലെ തമ്പേറടിച്ചു ഉച്ചത്തിലുള്ള പാട്ടും പ്രാർത്ഥനയും. 

എന്നാൽ ഇന്ന് സ്ഥിതി മാറി. ലോക്കൽ സഭകളിൽപോലും കോടതി വ്യവഹാരങ്ങൾ  ക്രമാതീതമായി വർധിച്ചു. എന്തിനും ഏതിനും കോടതികയറുക എന്നതു ശീലമായെന്നുതന്നെ പറയാം. ഏതു പൗരനും ന്യായമായ ഏതാവശ്യത്തിനും കോടതിയെ സമീപിക്കാം. അതു പൗരന്റെ അവകാശങ്ങളുടെ ഭാഗമാണ്. നീതി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളിൽ  മറ്റു മാർഗ്ഗമില്ലെങ്കിൽ  ആർക്കും  കോടതിയെ സമീപിക്കുകയേ നിവൃത്തിയുള്ളു. അതിൽ  തെറ്റുമില്ല.

ദൈവമക്കൾക്കിടയിലെ  പ്രശ്നങ്ങൾ എങ്ങനെയാണു പരിഹരിക്കപ്പെടേണ്ടതെന്നു തിരുവചനം മാർഗനിർദേശം നൽകുന്നുണ്ട്. സഭയിലെ ആഭ്യന്തരപ്രശ്നങ്ങൾ  ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അപ്പൊസ്തലന്മാരുടെ കാലത്തുതന്നെ സഭയ്ക്കകത്തു  അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന് നമുക്കറിയാം. അവ പരിഹരിച്ചിരുന്ന  മാർഗവും  ദൈവവചനത്തിൽത്തന്നെ കാണാം. അപ്പോസ്തോലന്മാർ  അവലംബിച്ച ആ രീതി ഇന്നും പ്രസക്തമാണ്. അകത്തു തീർക്കേണ്ട  കാര്യങ്ങൾ  അവിടെ പരിഹരിക്കാതെ പുറത്തേക്കു കൊണ്ടുപോകുന്നതിനെ പൗലൊസ് അപ്പോസ്തോലൻ   നിശിതമായി വിമർശിക്കുന്നുമുണ്ടല്ലോ.

നമ്മുടെ പല വിഷയങ്ങളും സഭയിൽത്തന്നെ  തീർക്കാവുന്നതാണ്.  പക്ഷേ,  അതിനുള്ള മനസ്സും ക്ഷമയും വിനയവും വിധേയത്വവുമൊക്കെ ഉണ്ടാകണമെന്നുമാത്രം. സ്വാർത്ഥതയും പക്ഷപാതവും കൂടാതെ പ്രശ്നങ്ങൾ  അവസാനിപ്പിക്കാൻ  നേതൃത്വരംഗത്തുള്ളവർ  സന്നദ്ധരാകണം. അതിനുള്ള കഴിവ് കൈകാര്യം ചെയ്യുന്നവർക്ക്‌  ഉണ്ടെന്നുള്ള ഉറപ്പ് പ്രശ്നങ്ങളിൽ  ഉൾപ്പെട്ടിട്ടുള്ളവർക്കു  നൽകണം. അതോടൊപ്പം  തങ്ങൾ  അതിനു യോഗ്യരാണെന്ന ഉത്തമ ബോധ്യവും സാക്ഷ്യവും നേതൃത്വത്തിനുമുണ്ടാകണം. ഇന്നു സഭകളിൽ  വിദ്യാസമ്പന്നരും നിയമജ്ഞരുമായ വിശ്വാസികളുണ്ട്. തർക്കവിഷയങ്ങളിൽ അവരുടെ സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്. പ്രശ്നങ്ങൾ  കോടതികളിലേക്കു പോകാതെ സഭയ്ക്കകത്തുതന്നെ തീർക്കാൻ സഭ ഉത്സാഹിക്കണം. 

ലോകത്തെവിടെയും ഭരണസമിതികൾക്കു കാലാവധി നിശ്ചയിച്ചിട്ടുണ്ട്. അല്ലാതെ ജീവിതകാലം മുഴുവൻ ആ സ്ഥാനത്തു തുടരുവാൻ വിവരമുള്ള ആരും ശ്രമിക്കുമെന്നു തോന്നുന്നില്ല. അങ്ങനെവന്നാൽ അത് പ്രസ്ഥാനത്തിന്റെകൂടി ശാപമായി മാറിയേക്കാം. “എനിക്കുശേഷം പ്രളയം” എന്ന ചൊല്ലുതന്നെ ഉണ്ടായതു അത്തരം ചിന്താഗതിക്കാരുടെ നടപടികളെത്തുടർന്നാണെന്നു വേണം കരുതാൻ. എന്നാൽ ദൈവസഭയിലെ ഭരണക്കാർക്കു വിനയവും വിവേകവും അധികമായി വേണം. കാരണം അവർ പ്രതിനിധാനം ചെയ്യുന്നത് അവർ പ്രസംഗിക്കുന്ന വിശ്വാസത്തെയാണ്; തങ്ങളുടെ ദൈവത്തെയാണ്. ഭരണത്തുടർച്ചക്കുവേണ്ടി സ്വീകരിക്കുന്ന ഏതു വളഞ്ഞവഴികളും ദൈവസന്നിധിയിൽ നീതികേടെന്നുമാത്രമല്ല പാപവുമാണ്. ഈ വീണ്ടുവിചാരം ദൈവദാസന്മാരുൾപ്പെടെയുള്ളവർക്കു ഉണ്ടായെങ്കിലേ സഭ രക്ഷപ്പെടൂ.

പല കോടതിവ്യവഹാരങ്ങളുടെയും കാരണം  പഠിക്കുമ്പോൾ  നേതൃത്വസ്ഥാനത്തുള്ളവരുടെ അലംഭാവമാണ് അവയ്ക്കു നിദാനം എന്നു ബോധ്യമാകും.  സൗമനസ്യത്തോടെയുളള സമീപനം ഒരിക്കലെങ്കിലുമുണ്ടായെങ്കിൽ  പലതും അപ്പോൾത്തന്നെ  പരിഹരിക്കപ്പെടാമായിരുന്നു. പക്ഷേ, പലരുടെയും 'അധികാരി' ഭാവം പ്രശ്നങ്ങൾ  സങ്കീർണമാകാൻ കരണമായിട്ടുണ്ടാകും. അധികാരിയായിരിക്കുമ്പോൾത്തന്നെ താൻ  'ശുശ്രൂഷ'കനാണെന്നു പലരും പലപ്പോഴും മറന്നു പോകുന്നു. ആഴ്ചയിൽ  അഞ്ചു  ദിവസമെങ്കിലും കോടതി വരാന്തയിൽ  കറങ്ങിയില്ലെങ്കിൽ  സ്വസ്ഥതയില്ലാത്ത ചിലർ  സഭകളിൽ  ഉണ്ടെന്നത് യാഥാർഥ്യമാണ്. അവരുടെ ഉപദേശങ്ങളും വ്യാജവാർത്തകളും ഒരുപരിധിവരെ ആത്മീയ നേതൃത്വത്തെയും വശീകരിച്ചേക്കാം.  വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തതു മൂലം കോടതിയിലെത്തിയ കേസുകളും ഉണ്ടാകാറുണ്ട്. ഏതായാലും ഈ പ്രവണത സഭയുടെ സാക്ഷ്യം നഷ്ടപ്പെടുത്തും. അത് ഒഴിവാക്കാൻ എല്ലാ ഭാഗത്തുനിന്നും ആത്മാർത്ഥമായ ശ്രമം ഉണ്ടാകണം. അതാണ് സഭയിലെ സാധാരണക്കാരായ വിശ്വാസികൾ ആഗ്രഹിക്കുന്നത്.

Advertisement