ലോകത്തിനു പ്രകാശമായിത്തീരാന്‍ ക്രൈസ്തവ വനിതകള്‍

0
2131

 

എഡിറ്റോറിയല്‍

ലോകത്തിനു പ്രകാശമായിത്തീരാന്‍ ക്രൈസ്തവ വനിതകള്‍

ഇന്ന് ഞായറാഴ്ച – മാര്‍ച്ച് എട്ട് – ലോകവനിതാദിനമാണ്. സ്ത്രീശാക്തീകരണത്തിന് ഊന്നല്‍നല്‍കുന്ന പരിപാടികള്‍ സംഘടിപ്പിച്ചും ബോധവത്ക്കരണം നടത്തിയുമൊക്കെ ഈ വിഷയം ജനഹൃദയങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തും ആരംഭിച്ചുകഴിഞ്ഞു..  ഇന്ത്യയുടെ പുതിയ ബജറ്റില്‍ സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക ബാങ്കിങ് സംവിധാനം ഉള്‍പ്പെടുത്തിയതും പ്രത്യേക തുക സ്ത്രീശാക്തീകരണത്തിനുതകുന്ന  വിവിധ പദ്ധതികള്‍ക്കായി പ്രത്യേകം നീക്കിവെച്ചതുമൊക്കെ പൊതുവെ അംഗീകരിക്കപ്പെട്ടു. അപ്പോള്‍തന്നെ സ്ത്രീകള്‍ക്കു അര്‍ഹമായ പ്രാധാന്യം നല്കാതിരിക്കയോ അവഗണിക്കുകയോ ചെയ്യുന്ന രാജ്യങ്ങള്‍ ലോകത്തു പലതുണ്ട്. പുരുഷമേല്‍ക്കോയ്മയും മതചൂഷണവുമാണു ഇതിനു കാരണണമായി ചൂണ്ടിക്കാണിക്കാവുന്നത്.
ക്രൈസ്തവസഭകളും രാജ്യങ്ങളും എക്കാലത്തും സ്ത്രീശാക്തീകരണത്തിനു ഊന്നല്‍നല്‍കുന്നു.
യെഹൂദസമുദായത്തില്‍ നിലനിന്നിരുന്ന പരമ്പരാഗതമായ അസമത്വത്തിന്‍റെ നിഷേധമാണു സ്ത്രീകളോടുള്ള ബന്ധത്തില്‍ കര്‍ത്താവ് കാണിച്ചത്. അതു പാരമ്പര്യവാദിയായ യെഹൂദനു എളുപ്പം ദഹിക്കുന്നതായിരുന്നില്ല. യേശുക്രിസ്തുവിന്‍റെ ശുശ്രൂഷാരംഗങ്ങളില്‍ സജീവമായിരുന്നു സ്ത്രീകളുടെ സാന്നിധ്യം. അദ്ദേഹത്തെ കാണുന്നതിനും പ്രസംഗം കേള്‍ക്കുന്നതിനും ധാരാളം സ്ത്രീകള്‍ തങ്ങളുടെ മക്കളുമൊത്ത് വന്നിരുന്നുവെന്നു സുവിശേഷങ്ങള്‍ സൂചന നല്‍കുന്നുണ്ട്.
അതുപോലെതന്നെ പരസ്യശുശ്രൂഷകള്‍ക്കും മറ്റും ശിഷ്യന്മാരെപ്പോലെ തന്നെ സാക്ഷ്യംവഹിക്കാന്‍ സ്ത്രീകളുടെ ചെറു സംഘങ്ങളെ യേശു അനുവദിച്ചിരുന്നു. അവരില്‍ മഗ്ദലക്കാരി മറിയ, യാക്കോബിന്‍റെയും യോസെയുടെയും അമ്മ മറിയ, യേശുവിന്‍റെ അമ്മ മറിയ, ശൂശന്ന എന്നീ സ്ത്രീകളെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ നമുക്കു വായിക്കാന്‍ കഴിയും. യേശുവിന്‍റെ ശുശ്രൂഷകളിലൂടെ അനുഗ്രഹവും സൗഖ്യവും പ്രാപിച്ച വ്യക്തികളിലും ധാരാളം സ്ത്രീകള്‍ ഉണ്ടായിരുന്നു. രക്തസ്രവക്കാരി, ശമര്യക്കാരി, യായീറോസിന്‍റെ മകള്‍, മകനെ ഉയര്‍പ്പിച്ചുകിട്ടിയ അമ്മ, ലാസറിന്‍റെ രണ്ടു സഹോദരിമാര്‍ ഇവരെക്കുറിച്ചെല്ലാം വളരെ നല്ല വിവരണമാണു സുവിശേഷങ്ങള്‍ നല്‍കുന്നത്. ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ ആദ്യം കാണാനും ആ വിവരം അപ്പൊസ്തലന്മാരെ അറിയിക്കാനും ഭാഗ്യംലഭിച്ചത് മഗ്ദലന മറിയയ്ക്കായിരുന്നു എന്നു നാം ഓര്‍ക്കണം.

 ഒന്നാം നൂറ്റാണ്ടിലെ സഭ സ്ത്രീകള്‍ക്കു വളരെയേറെ മാന്യമായ പരിഗണന നല്‍കിരുന്ന തായി അപ്പൊസ്തല പ്രവൃത്തികളിലും ലേഖനങ്ങളിലും നാം കാണുന്നു. ബൈബിള്‍ ചരിത്രത്തിനുശേഷവും ക്രൈസ്തവ സഭയില്‍ സ്ത്രീകളെ മാന്യമായി പരിഗണിക്കയും ശുശ്രൂഷയിലും മറ്റും അവര്‍ക്കു  അവസരം നല്‍കയും ചെയ്തിരുന്നതായി സഭാചരിത്രരേഖകളുണ്ട്. കെംക്രയസഭയിലെ ശുശ്രൂഷക്കാരത്തി ഫേബയെയും തിമൊഥെയൊസിന്‍റെ അമ്മയെയും വലിയമ്മയെയുംകുറിച്ച് നമ്മുടെ സ്ത്രീകള്‍ അഭിമാനംകൊള്ളുന്നവരാണ്.
സ്വന്തം നാടുംവീടും ഉപേക്ഷിച്ച്, സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത രാജ്യങ്ങളില്‍ സുവിശേഷത്തിന്‍റെ വിത്തെറിഞ്ഞ ധീരരായ മിഷനറി വനിതകളെ നമുക്കൊരിക്കലും വിസ്മരിച്ചുകൂടാ. ഇങ്ങു കൊച്ചുകേരളത്തില്‍പോലും രണ്ടുനൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിദ്യാഭ്യാസ ആതുരശുശ്രൂഷാരംഗത്ത്  വ്യക്തിമുദ്രകള്‍ പതിപ്പിച്ച മിഷനറി വനിതകളെ നാം ഇന്നും നന്ദിയോടെ സ്മരിക്കാറുണ്ടല്ലോ.
ചുരുക്കിപ്പറഞ്ഞാല്‍, ലോകത്തെവിടെങ്കിലും സ്ത്രീശാക്തീകരണത്തിനു മുന്‍തൂക്കം നല്‍യിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു ക്രൈസ്തവ കാഴ്ചപ്പാടുണ്ടായിരുന്നു ക്രൈസ്തവസഭ എക്കാലവും സ്ത്രീസംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. നമ്മുടെ സഭകളിലെപ്പോലെ സ്ത്രീകള്‍ക്കു സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം മറ്റേതൊരു മതത്തിലാണുള്ളത്? വിദ്യാഭ്യാസത്തിലും അറിവിലും ഔന്നത്യം പ്രാപിച്ച് ദാസ്യമനോഭാവത്തോടെയും സൗമ്യതയോടെയും സമൂഹത്തിനു പ്രകാശംപരത്താനുള്ള കടമ നിറവേറ്റാന്‍ ക്രൈസ്തവ വനിതകള്‍ക്ക് ഇനിയും ധാരാളം അവസരങ്ങള്‍ ഉണ്ടാകട്ടെ അതു നാടിനും നമ്മുടെ രാഷ്ട്രത്തിനും അനുഗ്രഹമായിത്തീരട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here